കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ സഭാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കത്തോലിക്കാ സഭയിലെ ഒരു വൈദിക സന്യാസ സമൂഹമായ കപ്പൂച്ചിന്‍ സഭയുടെ മുഖപത്രമായ ‘ഇന്ത്യന്‍ കറന്റ്‌സ്’. ‘മാരക പാപം’ (കാര്‍ഡിനല്‍ സിന്‍) എന്ന തലക്കെട്ടോടെയാണ് ജനുവരി 8-14 ലക്കം പുറത്തിറങ്ങേണ്ടിയിരുന്ന ആഴ്ചപ്പതിപ്പിലാണ് സഭയെ വിമര്‍ശിച്ചുകൊണ്ടുള്ള കവര്‍ സ്‌റ്റോറിയും മറ്റ് ലേഖനങ്ങളും എഴുതിയിരുന്നത്. സഭയിലെ മുഴുവന്‍ ഭൂമി ഇടപാടുകളെ കുറിച്ചുള്ള വിശദമായ ലേഖനങ്ങള്‍ ഈ ആഴ്ചപ്പതിപ്പിലുണ്ട്.
ഈ ആഴ്ച പുറത്തിറങ്ങാനിരുന്ന ആഴ്ചപ്പതിപ്പില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പത്ത് പേജുള്ള ലേഖനങ്ങളാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ അച്ചടിയുമായി മുന്നോട്ടുപോകാന്‍ സന്യാസ സമൂഹം ഒരുങ്ങുന്നതിനിടെ മേലധികാരികള്‍ ഇടപെട്ട് അച്ചടി തടയുകയായിരുന്നു. അച്ചടിക്ക് തയ്യാറായിരുന്ന ആഴ്ചപ്പതിപ്പിന്റെ പ്രസക്തഭാഗങ്ങള്‍ ‘മംഗളം ഓണ്‍ലൈന്’ ലഭിച്ചു.
അതിരൂപതയിലെ ഭൂമി ഇടപാട് കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു, ഭൂമിയുടെ പ്രഭു.. വിശ്വാസത്തിന്റെ മേധാവിയല്ല, ഇടപാടിന്റെ ബാക്കിപത്രം സഭാ നേതൃത്വത്തിന്റെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതാണ്, വിശ്വാസ സമൂഹം ഒറ്റപ്പെട്ടിരിക്കുന്നു. സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകള്‍ സഭയുടെ വിശ്വാസ്യതയെ തകര്‍ത്തു തുടങ്ങിയ തലക്കെട്ടുകളിലാണ് ‘ഇന്ത്യന്‍ കറന്റ്‌സ്’ ലേഖനങ്ങള്‍ നല്‍കിയിരിക്കുന്നത്.
church’s land deal
വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗം വായടച്ച് നിശബ്ദരായിരിക്കുന്നു. ഒരു മാധ്യമ കാലത്ത് ഓരോ നിമിഷത്തിലും വാര്‍ത്തകള്‍ കടന്നുവരും. അതിനോട് പ്രതികരിക്കാന്‍ കഴിയാതെ വരുമ്പോള്‍ നേരിടുന്ന ഭവിഷ്യന്തുകളെ കുറിച്ച് അവര്‍ മറന്നുപോയി. ഈ സമയത്ത് സഭാ നേതൃത്വം ക്രിസ്തുവിനെ ഓര്‍ക്കണം. ജനങ്ങളുടെ ചോദ്യങ്ങളോട് അപ്പോള്‍തന്നെ മറുപടി നല്‍കി നല്‍കിയിരുന്നു എന്നും ഒരു ലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
പ്രിന്റിംഗ് അവസാന നിമിഷം റദ്ദാക്കപ്പെടുകയായിരുന്നുവെന്ന് ‘ഇന്ത്യന്‍ കറന്റ്‌സി’ന്റെ എഡിറ്റര്‍ ഫാ.സുരേഷ് മാത്യൂ ‘മംഗളം ഓണ്‍ലൈനോട്’ പറഞ്ഞു. കവര്‍ പ്രിന്റിംഗിന് റെഡിയായി, അകത്തെ മാറ്ററുകള്‍ എല്ലാം തയ്യാറായിരുന്നു. പ്രിന്റിംഗിന് അവസാന നിമിഷം എന്റെ അധികാരികള്‍ എന്നെ വിളിച്ച് മുന്നോട്ടു പോകേണ്ടെന്ന് പറഞ്ഞു. സഭാ നടത്തുന്ന ആഴ്ചപ്പതിപ്പാണ്. സഭ സിബിസിഐ തുടങ്ങിയതാണ്. സോഷ്യലും പൊളിറ്റിക്കലുമായി വിഷയങ്ങളാണ് സാധാരണയായി കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ സഭയെ വിമര്‍ശിക്കാറുമുണ്ട്. ഇത്തവണ അല്പം വിമര്‍ശന ബുദ്ധിയോടെയാണ് ഇറങ്ങിയത്. ‘കാര്‍ഡിനല്‍ സിന്‍’ എന്നത് കര്‍ദ്ദിനാളിനെ കുറ്റപ്പെടുത്തിക്കൊണ്ടല്ല, മാരക പാപം എന്ന നിലയില്‍ ആണ് അങ്ങനെ തലക്കെട്ട് കൊടുത്തത്. സഭയ്ക്ക് തെറ്റുപറ്റി എന്ന അര്‍ത്ഥത്തിലാണ്. സാമ്പത്തിക ഇടപാടില്‍ സുതാര്യതയില്ലായിരുന്നു. എടയന്ത്രത്ത് പിതാവ് പറഞ്ഞതുപോലെ ധാര്‍മ്മികമായി വീഴ്ചപറ്റി. ആ സര്‍ക്കുലറിനെ അടിസ്ഥാനമാക്കിയാണ് എഡിറ്റോറിയലും മറ്റ് സ്‌റ്റോറികളും എല്ലാം ചെയ്തത്.
പക്ഷേ സഭയുടെതായതുകൊണ്ടും സഭയുടെ പിന്തുണ കൊണ്ട് മുന്നോട്ടുപോകുന്നത് കൊണ്ടും അധികാരികളുടെ നിര്‍ദേശപ്രകാരം അച്ചടി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതാദ്യമായല്ല, സഭയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇടപ്പള്ളി പള്ളി പണിതപ്പോള്‍ സമാനമായ രീതിയില്‍ വിമര്‍ശിച്ച് കവര്‍സ്‌റ്റോറി നല്‍കിയിരുന്നു. ആന്ധ്രാപ്രദേശില്‍ ഒരു ബിഷപ്പിനെ തട്ടിക്കൊണ്ടുപോയി ഗ്രൂപ്പിസം കളിച്ച അച്ചന്മാരെ വിമര്‍ശിച്ചും കവര്‍ സ്‌റ്റോറി നല്‍കിയിരുന്നു. നല്ല കാര്യങ്ങള്‍ പറയാറുണ്ട്. സഭയ്ക്ക് തെറ്റുപറ്റുമ്പോള്‍ അതും തുറന്നുകാണിച്ച് കവര്‍ സ്‌റ്റോറി നല്‍കാറുണ്ട്. നല്ല പോലെ പഠിച്ചുതന്നെയാണ് ഈ വിഷയത്തില്‍ ലേഖനം എഴുതിയത്.
രണ്ടു വര്‍ഷം മുന്‍പ് വത്തിക്കാനില്‍ കാര്‍ഡിനല്‍ ഡീന്‍ സഭയെ പിടിച്ചുകുലുക്കിയ ബാലപീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ആ സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു, അടുത്തത് സഭയെ ബാധിക്കന്‍ പോകുന്നത് സാമ്പത്തിക ക്രമക്കേടുകള്‍ ആണെന്ന്. അദ്ദേഹത്തിന്റെ ആ പ്രവചനം ശരിയായി. അല്പം തെറ്റുകള്‍ പറ്റിയെന്ന് സര്‍ക്കുലറില്‍ നിന്ന് വ്യക്തമായി. ആ ഇടപാടില്‍ ഒത്തിരി സംശയങ്ങള്‍ ജനങ്ങള്‍ ഉന്നയിക്കുന്നു. അതില്‍ മറുപടി പറയാന്‍ സഭയ്ക്ക് ഇതുവരെ കഴിയുന്നില്ല. സഭ എന്തുകൊണ്ട് മറുപടി പറയുന്നില്ല. എന്തിനാണ് ഇതില്‍ ആരാധാനക്രമ പ്രശ്‌നമോ ചങ്ങനാശേരി-എറണാകുളം വിഷയമോ ആയി എടുക്കേണ്ടതില്ല. സാമ്പത്തിക ക്രമക്കേട് മാത്രമാണ്. അതില്‍ സഭ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതാണെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നതെന്നും ഫാ.സുരേഷ് മാത്യു വ്യക്തമാക്കി.