ന്യൂദല്‍ഹി: അന്നപൂരണി സിനിമയിലെ മതനിന്ദ ആരോപിച്ച് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി നയന്‍താരക്ക് എതിരെ കേസ്. അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്നപൂരണി- ദ ഗോഡസ് ഓഫ് ഫുഡ്’ നെറ്റ്ഫ്ലിക്സ് പിൻവലിച്ചതിന് പിന്നാലെയാണ് നയൻതാരയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനും എതിരെ കേസ് നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗിൽ, നയൻതാര, സിനിമയുടെ നിർമ്മാതാക്കൾ എന്നിവർക്കെതിരെ മധ്യപ്രദേശിലെ ജബൽപൂരിൽ ഒരു വലതുപക്ഷ സംഘടനയാണ് പരാതി നൽകിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു വലതുപക്ഷ സംഘടന സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ശ്രീരാമനെ അനാദരിക്കുകയും സിനിമയിലൂടെ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്. നയന്‍താര, സംവിധായകന്‍ നിലേഷ് കൃഷ്ണ, നിര്‍മ്മാതാക്കളായ ജതിന്‍ സേത്തി, ആര്‍ രവീന്ദ്രന്‍, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ കണ്ടന്റ് ഹെഡ് മോണിക്ക ഷെര്‍ഗില്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ഹിന്ദു സേവാ പരിഷത്ത് ഒംതി പരാതി നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ 1 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 29 ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് ചിത്രം പിന്‍വലിച്ചിരിക്കുകയാണ്. വലതുപക്ഷ സംഘടനകളായ ബജ്റംഗ്ദളും ഹിന്ദു ഐ ടി സെല്ലും നയന്‍താരയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ ഇത് കൂടാതെ വേറെ രണ്ട് പരാതികളും നല്‍കിയിട്ടുണ്ട്.
ഹിന്ദു സേവാ പരിഷത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ അതുല്‍ ജെസ്വാനിയാണ് ജബല്‍പൂരില്‍ പരാതി നല്‍കിയിരിക്കുന്നത്. ‘അന്നപൂരണി’ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും സനാതന ധര്‍മ്മത്തെ അപമാനിച്ചെന്നും ശ്രീരാമനെതിരെ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഹിന്ദു സേവാ പരിഷത്ത് ആരോപിച്ചു.
ഒരു ക്ഷേത്ര പൂജാരിയുടെ മകളായി അഭിനയിക്കുന്ന നയന്‍താര ബിരിയാണി ഉണ്ടാക്കുന്നതിന് മുമ്പ് ഹിജാബ് ധരിച്ച് നമസ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ സിനിമയിലുണ്ട്. നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സുഹൃത്ത് അവളെ മാംസം മുറിക്കാന്‍ ‘മസ്തിഷ്‌ക പ്രക്ഷാളനം’ ചെയ്തു എന്നും ‘ശ്രീരാമനും സീത ദേവിയും മാംസം കഴിച്ചിരുന്നു എന്നാണ് ഈ കഥാപാത്രം അവകാശപ്പെടുന്നത് എന്നും പരാതിയില്‍ പറയുന്നു. സിനിമ ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നും അതുല്‍ ജെസ്വാനി ആരോപിച്ചു. അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വിവാദം.
പരാതിക്കാരില്‍ ചിലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനിടെ വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് മാപ്പ് പറയുകയും സിനിമ ഹിന്ദുക്കളുടെയും ബ്രാഹ്‌മണരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് വ്യക്തമാക്കുകയും ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.