തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാറിനെതിരെ പോലീസ് കേസെടുത്ത വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി . മാധ്യമപ്രവര്‍ത്തകരാണ് എന്ന് കരുതി കേസെടുക്കാതിരിക്കാനാകില്ല. ഇക്കാര്യം പരിശോധിക്കും. മാധ്യമ സ്വാതന്ത്ര്യം തടയുന്ന നടപടികളുണ്ടെങ്കില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത് സംവിധായകന്‍ ബാലചന്ദ്ര കുമാറാണ്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം ആദ്യം വാര്‍ത്ത നല്‍കിയത്. തുടര്‍ച്ചയായി വിഷയം ചാനലില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടി ആക്രമിക്കപ്പെട്ട കേസിലെ വിവരങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്തുവെന്ന് കാണിച്ച് പോലീസ് നികേഷ് കുമാറിനും റിപ്പോര്‍ട്ടര്‍ ടിവിക്കുമെതിരെ കേസെടുത്തത്.
അതേസമയം, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ ദിലീപിനെതിരെ പോലീസ് കേസെടുത്തിരുന്നു. കേസില്‍ ദിലീപിന് കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. തുടര്‍ന്ന് ഇന്ന് ദിലീപും കൂട്ടുപ്രതികളും ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകുകയും ജാമ്യമെടുക്കുകയും ചെയ്തു. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. അന്വേഷണ സംഘം ഇനിയും കസ്റ്റഡിയിലെടുക്കാനുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു ദിലീപ്.
കേരളക്കരയെ ഞെട്ടിച്ച യുവനടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും ചർച്ചയാകുകയാണ് . അക്രമികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. അതേസമയം, ദൃശ്യങ്ങള്‍ അടുത്തിടെ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ചോര്‍ന്നു എന്ന വാര്‍ത്ത അതിലും ഞെട്ടിക്കുന്നതായിരുന്നു. കോടതിയിലെ ജീവനക്കാര്‍ക്കും മറ്റും മാത്രം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന കേസുമായി ബന്ധപ്പെട്ട പ്രധാന രേഖ ചോര്‍ന്ന സംഭവത്തില്‍ നടി കടുത്ത നിരാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങി രാജ്യത്തെ പ്രധാന വ്യക്തികള്‍ക്ക് നടി ഇക്കാര്യത്തില്‍ പരാതിയായി കത്തയക്കുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചു.
എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നാണ് നടി ആക്രമിക്കപ്പെട്ട വീഡിയോ ചോര്‍ന്നത് എന്നാണ് അടുത്തിടെ വാര്‍ത്ത വന്നത്. അനുമിതിയില്ലാതെ ചിലര്‍ കണ്ടു എന്നായിരുന്നു പുറത്തുവന്ന വിവരം. തൊട്ടുപിന്നാലെയാണ് ആക്രമണത്തിന് ഇരയായ നടി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് പരാതിയായി കത്തയച്ചത്. നടി പരാതിയായി കത്തയക്കുന്ന വേളയില്‍ മുഖ്യമന്ത്രി കേരളത്തിലുണ്ടാിയിരുന്നില്ല.
അദ്ദേഹം വിദേശ പര്യടനത്തിന്റെ ഭാഗമായി യുഎഇയില്‍ ആയിരുന്നു. വ്യവസായികളുമായി കൂടിക്കാഴ്ച നടത്താനും കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള ഉദ്യമത്തിലായിരുന്നു അദ്ദേഹം. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്. നടി നല്‍കിയെന്ന് പറയുന്ന പരാതി ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്താണെന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിക്കും നടി പരാതിയുടെ പകര്‍പ്പ് കൈമാറിയിരുന്നു എന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്ന വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രോസിക്യൂട്ടര്‍ നിയമനം ഏകപക്ഷീയമായി നടക്കുന്നതല്ല. ബന്ധപ്പെട്ട കക്ഷികള്‍ കൂടി അഭിപ്രായപ്പെടുന്ന ആളെയാണ് പ്രോസിക്യൂട്ടറായി നിയമിക്കുക. അതാണ് കാലതാമസത്തിന് ഇടവരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ പ്രോസിക്യൂട്ടര്‍മാര്‍ വിചാരണ കോടതിയില്‍ സംശയം പ്രകടിപ്പിച്ച് രാജിവച്ചത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു.