ആലപ്പുഴ: ദുരിത ഭൂമിയിലും ജാതി വിവേചനമെന്ന് പരാതി. വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നതിനിടയിലും മലയാളികള്‍ ജാതീയത കാണിക്കുകയും അയിത്തം ആചരിക്കുകയും ചെയ്യുന്നെന്നാണ് ആലപ്പുഴയിലെ പള്ളിപ്പാട് ആഞ്ഞിലിമൂട് ദുരുതാ്വാസ ക്യാമ്പില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്ത. എല്‍.പി.എസിലെ ദുരിതാശ്വാസ ക്യാമ്പില്‍ 23 പട്ടികജാതി കുടുംബങ്ങള്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നവരായി ഉള്ളത്. ക്യാമ്പില്‍ തന്നെയുള്ള മറ്റൊരു വിഭാഗം അടുത്തുള്ള വീട്ടിലാണ് ഭക്ഷണം തയ്യാറാക്കി കഴിച്ചിരുന്നത്.
ഇതേപ്പറ്റി പട്ടികജാതി കുടുംബങ്ങള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കായംകുളം ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ജാതിവിവേചനം കാരണമാണ് ഒരുവിഭാഗം ആളുകള്‍ ക്യാമ്പ് വിട്ടതെന്നാണ് ആക്ഷേപം. മന്ത്രി സുധാകരന്‍ കഴിഞ്ഞ ദിവസം ക്യാമ്പ് സന്ദര്‍ശിച്ചപ്പോഴും പട്ടികജാതി വിഭാഗക്കാര്‍ പരാതി ഉന്നയിച്ചിരുന്നു.
ആഞ്ഞിലിമൂട് സ്‌കൂളിലെ ക്യാമ്പില്‍ 50 കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിക്കാന്‍ പട്ടിക തയ്യാറാക്കിയത്. 23 കുടുംബങ്ങള്‍ പട്ടികജാതിയും മറ്റുള്ളവര്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുമാണ്. എന്നാല്‍, ഒരുവിഭാഗം ആളുകള്‍ പട്ടികജാതിക്കാര്‍ക്കൊപ്പം ഭക്ഷണംകഴിക്കാനും താമസിക്കാനും തയ്യാറായില്ലെന്ന് പറഞ്ഞ് മറ്റൊരിടത്തേക്ക് മാറിയതായാണ് ആക്ഷേപം. മുഖ്യമന്ത്രി, കളക്ടര്‍ എന്നിവര്‍ക്ക് സംഭവത്തെപ്പറ്റി പരാതി ലഭിച്ചു. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടക്കുകയാണെന്ന് കായംകുളം ഡിവൈ.എസ്.പി. പറഞ്ഞു.
പ്രദേശത്ത് വെള്ളം നിറഞ്ഞതിനാല്‍ 18-ാം തീയതിയാണ് റവന്യൂ വകുപ്പ് ദുരിതാശ്വാസ ക്യാമ്പ് രജിസ്റ്റര്‍ ചെയ്യുന്നത്. അച്ചന്‍കോവിലാറിന്റെ തീരമാണിത്. വീടുകളിലെല്ലാം വെള്ളം നിറഞ്ഞിരുന്നു. 50 കുടുംബങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ ക്യാമ്പിലെത്തിച്ചു. വൈകുന്നേരം ക്യാമ്പില്‍ ഭക്ഷണം തയ്യാറാക്കിയപ്പോഴാണ് ഒരുവിഭാഗം ആളുകള്‍ തങ്ങള്‍ക്കുളള അരിയും മറ്റും പ്രത്യേകം വേണമെന്ന് ആവശ്യപ്പെട്ടത്. ഗ്രാമപ്പഞ്ചായത്ത് അംഗം ഇടപെട്ട് ഇത് അനുവദിക്കുകയും ചെയ്തു. ഈ സമയത്ത് ഇതര സമുദായ അംഗങ്ങള്‍ തങ്ങളെ ജാതീയമായി ആക്ഷേപിച്ചതായി ക്യാമ്പില്‍ കഴിയുന്നവര്‍ പറഞ്ഞു.
പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. വാര്‍ഡില്‍ എട്ടിടത്ത് ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. മറ്റെങ്ങും ഇത്തരം വേര്‍തിരിവില്ല. 18 വര്‍ഷത്തിനുശേഷം പള്ളിപ്പാട്ടുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു ഇത്തവണത്തേത്. മുന്‍ വര്‍ഷങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കാറുണ്ടായിരുന്നെങ്കിലും എല്ലാവരും ഒന്നിച്ച് താമസിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. വീട്ടിലും പരിസരങ്ങളിലും വെള്ളം കയറുമെങ്കിലും താമസിക്കാന്‍ തടസ്സമുണ്ടാകാറില്ലായിരുന്നു. എന്നാല്‍, ഇത്തവണ വീടുകള്‍ മുങ്ങിപ്പോകുന്ന സാഹചര്യമായിരുന്നു.