കളക്ടറായാല്‍ ഇങ്ങനെ വേണം; മീറ്റിംഗില്‍ ഒന്നും അറിയാതെ ഇരുന്ന ഉദ്യോഗസ്ഥനെ പുറത്താക്കി ആലപ്പുഴ കളക്ടര്‍

ആലപ്പുഴ: കളക്ടര്‍ ബ്രോയ്ക്ക് പുറമെ വാസുകിയും അനുപമയും ഒക്കെ ആരാധിക്കപ്പെടുന്ന ഇന്ന് ആലപ്പുഴ കളക്ടറിനും ആരാധകര്‍. ആവശ്യമായ വിവരങ്ങളില്ലാതെ ജില്ല വികസന സമതി യോഗത്തില്‍ പകരക്കാരനായി എത്തിയ ഉദ്യോഗസ്ഥനെ യോഗത്തില്‍ ഇരിക്കാന്‍ അനുവദിക്കാതെ ജില്ലാ കളക്ടര്‍ ഇറക്കിവിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹവും സാമൂഹ്യമാധ്യമങ്ങളില്‍ ഹീറോ ആയത്. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് കാര്യങ്ങള്‍അറിയാവുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ വേണം യോഗത്തിലേക്ക് അയ്ക്കുന്നതെന്ന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ഉറപ്പാക്കിയിരിക്കണമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനാവുംവിധം കാര്യങ്ങള്‍ പഠിക്കണമെന്നും കളക്ടര്‍ എസ്.സുഹാസ് നിര്‍ദ്ദേശിച്ചു. ആലപ്പുഴ നഗരത്തില്‍ ഇരുമ്പുപാലത്തിന് സമാന്തരമായി കാല്‍നടയാത്രക്കാര്‍ക്കായുള്ള പാലം നന്നാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ് സംഭവം. ജില്ല മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് ഇതിനായി നടപടി എടുത്തത്. പദ്ധതി നടപ്പാക്കുന്ന ആലപ്പുഴ നഗരസഭയില്‍ നിന്നും പങ്കെടുത്ത ഉദ്യോഗസ്ഥന് ഇത് സംഭവിച്ച വിവരമൊന്നും ഇല്ലാതിരുന്നതിനാലാണ് യോഗത്തില്‍ ഇരിക്കാന്‍ അനുവദിക്കാതിരുന്നത്. നഗരസഭ ഉദ്യോഗസ്ഥന്‍ ജില്ലാ കളക്ടറെ നേരില്‍ കാണാനും നിര്‍ദ്ദേശിച്ചു.

കുട്ടനാട്ടില്‍ ഓരുവെള്ളം കയറി കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ല വികസന സമതിയോഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും അല്ലെങ്കില്‍ കര്‍ഷകര്‍ സര്‍ക്കാരിനെ കുറ്റം പറയുന്ന അവസ്ഥയുണ്ടാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി എം.എന്‍.ചന്ദ്രപ്രകാശ് ചൂണ്ടിക്കാട്ടി. ഓരുവെള്ളം കയറി കൃഷി നശിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നിലവിലില്ലെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വരള്‍ച്ച ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 10 കൃഷിഭവനുകളിലായി 60.37 ലക്ഷം വിതരണം ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരികയാണ്.
മൂന്നു വര്‍ഷമായി മുടങ്ങികിടക്കുന്ന കരുവാറ്റ വില്ലേജിലെ ഇടയിലെകുഴി പാടശേഖരത്തിലെ കൃഷി പുനരാരംഭിക്കുന്നതു സംബന്ധിച്ച് റെയില്‍വെയുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. കരുവാറ്റയില്‍ റെയില്‍ലൈന്‍ ഇരട്ടിപ്പിച്ചതിനെ തുടര്‍ന്ന് പാടശേഖരത്തിലേക്കുള്ള തോട് മണ്ണ് വീണ് നികന്നതിനാലാണ് കൃഷി മുടങ്ങിയത്. റെയില്‍വേയും പഞ്ചായത്തുമായി ഇക്കാര്യത്തിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഡിവിഷണല്‍ മാനേജര്‍ തലത്തില്‍ ഇടപെടുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
അമ്പലപ്പുഴ തിരുവല്ല റോഡില്‍ സ്ഥാപിച്ച ജല അതോറിറ്റിയുടെ പൈപ്പ് ലൈനിന്റെ ചോര്‍ച്ച പരിഹരിച്ച് പ്രശ്‌നം പരിഹരിച്ചതായി യൂഡിസ്മാറ്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. കഴിഞ്ഞ യോഗത്തില്‍ പൊതുമരാമത്ത് മന്ത്രിയുടെ പ്രതിനിധി അരുണ്‍കുമാറാണ് ചോദ്യം ഉന്നയിച്ചത്. നഗരത്തില്‍ കുടിവെള്ള പ്രശ്‌നമുണ്ടെന്ന് നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫ് ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top