കൊച്ചി:എറണാകുളം ‐ അങ്കമാലി അതിരൂപതയ്‌ക്ക് കീഴിലെ പള്ളികൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. ഈ മാസം 30 വരെ തൽസ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.അതിരൂപതയിലെ അധികാരികളുടെ ചർച്ചയിലാണ് തീരുമാനം. കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ മെയ് എട്ടിന് ശൂചീകരിച്ച് മെയ് ഒൻപത് മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
അതേസമയം സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുമ്പോൾ പുരോഹിതരുടെ പ്രായപരിധിയിൽ ഇളവുവേണമെന്ന് ക്രൈസ്തവ സഭകൾ. 65 വയസ്സ് കഴിഞ്ഞ വൈദികരെയും കുർബാന അർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.ബി.സി ഉൾപ്പെടെയുള്ള സഭാ നേതൃത്വങ്ങൾ മുഖ്യമന്ത്രിക്ക് കത്ത് നൽകും. അതിനിടെ പള്ളി തുറക്കുന്നത് സംബന്ധിച്ച് വിവിധ സഭകളും രൂപതകളും സർക്കുലർ പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുമ്പോൾ 65 വയസ്സ് പിന്നിട്ടവരും 10 വയസ്സിൽ താഴയുള്ളവരും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കരുതെന്നാണ് സർക്കാരിൻ്റെ നിർദേശം. ഇത് വൈദികർക്ക് ഉൾപ്പെടെ ബാധകമാണ്. ഈ സാഹചര്യത്തിൽ 65 വയസ്സ് കഴിഞ്ഞ വൈദികരുള്ള പള്ളികളിൽ പ്രാർത്ഥന ചടങ്ങുകൾ മുടങ്ങും. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയാണ് ക്രൈസ്തവ സഭ നേത്യത്വങ്ങൾ കാർമികരുടെ പ്രായപരിധിയിൽ ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. 65 വയസ്സ് കഴിഞ്ഞ വൈദികരെയും കുർബാന അർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ നേത്യത്വങ്ങൾ നാളെ മുഖ്യമന്ത്രിക്ക് കത്ത് നൽകും.
അതിനിടെ പള്ളി തുറക്കുന്നത് സംബന്ധിച്ച് വിവിധ സഭകളും രൂപതകളും സർക്കുലർ പുറപ്പെടുവിച്ചു. സർക്കാർ മാനദണ്ഡം പാലിച്ച് പള്ളികൾ തുറക്കാമെന്ന് കെ.സി.ബി.സിയും യാക്കോബായ സഭയും വ്യക്തമാക്കി. ഹോട്ട്പോട്ട് പരിധിയിലെ പള്ളികൾ തുറക്കില്ല. പള്ളി തുറക്കുന്ന കാര്യം ഇടവകകൾക്ക് തീരുമാനിക്കാമെന്ന് വരാപ്പുഴ അതിരൂപത സർക്കുലറിൽ പറയുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയും ഇടവകകൾക്ക് നിർദ്ദേശങ്ങൾ നൽകി സർക്കുലർ പുറപ്പെടുവിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ കുമ്പസാരം അനുവദിക്കാമെന്നും നിർദേശമുണ്ട്. അതേ സമയം ദേവാലയങ്ങളിൽ ആരാധനാ ക്രമീകരണങ്ങൾ നടത്തുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന സിനഡ് യോഗം തീരുമാനമെടുക്കുമെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു.