ലൂസി ചേച്ചി’യുടെ പുസ്തകം വിൽപ്പനക്കെതിരെ ക്രിമിനലുകൾ !!സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം!

കണ്ണൂർ : സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ആത്മകഥ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മതക്രിമിനലുകളുടെ അഴിഞ്ഞാട്ടം. കർത്താവിന്റെ നാമത്തിൽ എന്ന ആത്മകഥ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലാണ് മതക്രിമിനലുകൾ ആക്രമണം നടത്തിയത്.കണ്ണൂർ ടൗൺ സ്‌ക്വയറിൽ പ്രവർത്തിക്കുന്ന ഡിസി ബുക്‌സിന്റെ പുസ്തകശാലയാണ് ഇവർ ആക്രമിച്ചത്. 70ഓളം പേരാണ് പുസ്തകശാലയിൽ ഇരച്ചുകയറി അഴിഞ്ഞാടിയത്. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പുസത്ക ശാല അടച്ചുപൂട്ടി.അക്രമം നടത്തിയവരെ സ്വീകരിച്ചാനയിച്ച് ആക്രമണത്തിന് പിന്തുണപ്രഖ്യാപിക്കുന്ന പോസ്റ്റിൽ തലശ്ശേരി അതിരൂപതാ വിശ്വാസികൾക്കും വൈദികനുമൊപ്പം യൂത്ത് കോൺഗ്രസ് നേതാക്കളും ഉള്ള ചിത്രങ്ങളും പുറത്ത് വന്നു .

കണ്ണൂരിൽ ക്രിസ്ത്യൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കാനെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ. സീറോ മലബാർ സഭയുടെ യുവജന സംഘടന ആയ കെസിവൈ എം പ്രവർത്തകരും യൂത്ത് കോൺഗ്രസ് നേതാക്കളും ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.അതേസമയം അഴിഞ്ഞാട്ടം നടത്തിയതും ആക്രമണം നടത്തിയതും സഭയുടെ യുവജനങ്ങൾ ആണെന്നുള്ള തെളിവുകളും അവർ തന്നെ പുറത്ത് വിട്ടു .കെസിവൈ.എം തലശ്ശേരി രൂപതയുടെ ഫെയ്‌സ്ബുക്ക് പേജിൽ ആണ് പുസ്തകമേളക്ക് എതിരെ പ്രതികരിച്ചവരുടെ ചിത്രം അടക്കം പോസ്റ്റ് ഇട്ടിരിക്കുന്നത് .അതിൽ വൈദികനും യൂത്ത് കോൺഗ്രസ് നേതാവും ഉണ്ട് .അതിനാൽ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കേണ്ട സഭയുടെയും യൂത്ത് കോൺഗ്രസിന്റെയും പിന്തുണ ബുക്ക് സ്റ്റാൾ ആക്രമണത്തിന് പിന്നിൽ ഉണ്ട് എന്ന് തെളിയുകയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവരുടെ പോസ്റ്റ് :

പ്രിയപ്പെട്ടവരെ…കണ്ണൂരിൽ ലൂസി ചേച്ചിയുടെ അശ്ശീല സാഹിത്യത്തിനെതിരെ ശബ്ദമുയർത്തി പ്രതിഷേധിച്ചതിന് അറസ്റ്റ് വരിച്ച തലശ്ശേരി അതിരൂപതയുടെ ധീര യുവജനപ്രവർത്തകർ .പ്രിയ സഹപ്രവർത്തകരെ നിങ്ങൾ തെളിച്ച് വെച്ച പ്രതിഷേധ ദീപശിഖ കേരളത്തിൽ ഉടനീളം ആളിക്കത്തും ….ഓരോ ക്രൈസ്തവ യുവാവിന്റെയും മനസ്സിൽ അണയാത്ത അഗ്നി ജ്വലിപ്പിക്കാൻ , ഇനിയും പോരാട്ടവുമായി സമര വീഥികളിൽ നമ്മുക്ക് ഒന്നിക്കാം …കെസി.വൈ.എം തലശ്ശേരി അതിരൂപത

തിങ്കളാഴ്ച്ച രാവിലെ മെഗാ ബുക്ക് ഫെയര്‍ നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധപ്രകടവുമായെത്തിയ സംഘം ബുക്ക് ഫെയര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പുസ്തക മേള താത്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് ടൗണ്‍ സ്‌ക്വയറില്‍ പുസ്തക മേള തുടങ്ങിയത്. പിന്നീട് രൂപതാ പ്രതിനിധി ഫാ മാത്യു ആശാരിപ്പറമ്പിൽ ഡിസി ബുക്‌സില്‍ എത്തി ക്ഷമ ചോദിച്ചു. കുറച്ച്‌ കുട്ടികള്‍ വന്നാണ് അത് ചെയ്തതെന്നും സഭയുടെ അറിവോ അനുമതിയോ അതിന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കര്‍ത്താവിന്റെ നാമത്തില്‍’ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡിസി പ്രസിദ്ധീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം രംഗത്തുവന്നത്. പുസ്തകം പുറത്തുവന്നതിന് പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയും പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു.

പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ട് നേരത്തെ എസ്‌എംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പൊലീസില്‍ പരാതിപ്പെടാമെന്നും നടപടിയുണ്ടായില്ലെങ്കില്‍ മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ഡിസി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും വിശ്വാസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കുന്നതാണ്. അതിനാല്‍ ഇതിന്റെ അച്ചടിയും വിതരണവും നിര്‍ത്തിവെക്കണം എന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. കത്തോലിക്കാ സഭയെക്കുറിച്ച്‌ പൊതുസമൂഹത്തിലും പ്രത്യേകിച്ച്‌ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലും സദാചാര ബോധമുളളവരിലും നേരായ ജീവിതം നയിക്കുന്നവര്‍ക്കിടയിലും തെറ്റായ സന്ദേശമാണ് പുസ്തകം പ്രചരിപ്പിക്കുന്നതെന്നും ഹര്‍ജിക്കാരി ആരോപിച്ചിരുന്നു.

2019 നവംബര്‍ അവസാനമാണ് സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ വിപണയില്‍ എത്തിയത്. സെമിനാരിയിലും മഠങ്ങളിലും കന്യാസ്ത്രീകള്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും പുരോഹിതരില്‍ നിന്നും നിരവധി ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആത്മകഥയില്‍ പറയുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ സഭയ്ക്കും സഭയിലെ പൗരോഹിത്യത്തിനും എതിരെ നിരവധി വെളിപ്പെടുത്തലുകളാണ് ലൂസി നടത്തുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം കെ രാംദാസാണ് ആത്മകഥ തയ്യാറാക്കിയത്.

പുരോഹിതരില്‍ നിന്നും നാലുതവണ ലൈംഗിക അതിക്രമം നേരിട്ടിരുന്നുവെന്നും ലൂസി വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. കൂടാതെ മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ചൂഷണം നടത്തുന്നു, കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന് പല കന്യാസ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു, മഠത്തില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ചെന്നും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും ലൂസി പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.

ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങി. കർത്താവിന്‍റെ നാമത്തിൽ എന്ന് പേരിട്ട പുസ്തകത്തിന്‍റെ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ബെന്യാമിൻ നിർവഹിച്ചു.

അപരനെ അംഗീകരിക്കാൻ മടിക്കുന്നതാണ് ഫാസിസമെന്നും സിസ്റ്റർക്കെതിരായ പ്രതിഷേധവും ഈ രീതിയിലെ വിലയിരുത്താൻ കഴിയുകയുള്ളൂവെന്നും പുസ്തകം പ്രകാശനം ചെയ്ത ബെന്യാമിൻ പറഞ്ഞു. സമൂഹത്തിൽ എല്ലായിടത്തുമെന്ന പോലെ ജീർണത ക്രൈസ്തവ സഭയെയും ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണ് കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലൂടെ. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനുമുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവു വയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

ആത്മകഥയുടെ ആമുഖത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര കുറിക്കുന്നു…

കാറ്റും വെളിച്ചവും പ്രവേശിക്കുന്ന കന്യാസ്ത്രീമഠങ്ങളുടെ അന്തപ്പുരങ്ങളിലാണ് എന്റെ പ്രതീക്ഷകള്‍ നട്ടുവളര്‍ത്തുന്നത്. സ്വാതന്ത്ര്യവും ജ്ഞാനവുമുള്ള സാമൂഹികസേവനസന്നദ്ധരായ സ്ത്രീകളുടെ സഞ്ചയം മഠാന്തരത്തില്‍ ഞാന്‍ കാണുന്നു. പൗരോഹിത്യവത്കരിക്കപ്പെട്ട ക്രിസ്തീയവിശ്വാസങ്ങളുടെ പൊളിച്ചെഴുത്തിനു കാലമായെന്ന് ഞാന്‍ കരുതുന്നു. ക്രൈസ്തവ സന്ന്യസ്തതയുടെ അടിസ്ഥാന പ്രമാണങ്ങളായ അനുസരണവും ബ്രഹ്മചര്യവും ദാരിദ്ര്യവും ആത്മീയഊര്‍ജ്ജത്തില്‍ പ്രതിഫലിക്കപ്പെടുന്ന സുവിശേഷസമൂഹം രൂപപ്പെട്ടുവരുമെന്നും ഉറപ്പാണ്.

കരുണാവാനായ ഈശോവില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു. അവനോടുള്ള പ്രണയത്തില്‍ എനിക്ക് അനുതാപമില്ല. സന്ന്യസ്തമഠങ്ങളുടെ കൂറ്റന്‍ മതിലുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുന്ന പ്രിയ സഹോദരിമാരുടെ രോദനം എന്റെ കര്‍ണപുടങ്ങളെ വേദനിപ്പിക്കുന്നുണ്ട്. പുരുഷമേല്‍ക്കോയ്മയുടെയും പുരോഹിത ആധിപത്യത്തിന്റെയും ചവിട്ടടിയില്‍ അമര്‍ന്ന് ഇഴഞ്ഞുനീങ്ങുന്ന സഹോദരീജീവിതങ്ങള്‍ക്കു വഴിവിളക്കായി ഈ അക്ഷരങ്ങള്‍ മാറണമെന്നാണ് ആഗ്രഹം.

കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ പറയുന്നതു സത്യമാണ്. ഈ ജീവിതകഥ എന്റേതുമാത്രമല്ല. സന്ന്യസ്തതയിലേക്കു വലിച്ചിഴയ്ക്കപ്പെട്ട മുഴുവന്‍ ദേവദാസിമാരുടേതുമാണ്. ഈശോ ഏല്പിച്ച ദൗത്യമാണു നിര്‍വ്വഹിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ജീവിതയാത്രയില്‍ ശത്രുക്കളോ മിത്രങ്ങളോ എനിക്കില്ല. ഒരേ ആവേഗത്തോടെ ഈ ദ്വന്ദ്വത്തെ ഞാന്‍ സ്വീകരിക്കുന്നു. സംഭവവിവരണത്തിനിടെ സൂചിപ്പിക്കേണ്ടിവന്ന നാമധാരികളെ വ്യക്തിപരമായല്ല പ്രതിപാദിക്കേണ്ടിവന്നത്. അഴുകിയ സമ്പ്രദായത്തിന്റെ ഉത്പന്നമാണ് സഹോദരിമാരുടെ ദുരന്തജീവിതം. അജ്ഞതയുടെയും അസ്വാതന്ത്ര്യത്തിന്റെയും പരിസരത്തുനിന്നുള്ള മോചനസാക്ഷ്യമാണ് ഈ ഗ്രന്ഥത്തിലെ വരികളും വാചകങ്ങളും. വ്യക്തിപരമായി അധിക്ഷേപിക്കുക എന്റെ ലക്ഷ്യമല്ല. ഞാന്‍ എന്റെ ജീവിതം തുറന്നു പറയുകയാണ്.

Top