കൊലക്കേസിൽ പ്രതിയാക്കപ്പെട്ട വൈദികനെയും കന്യാസ്ത്രീയെയും ശിക്ഷയിൽ നിന്ന് രക്ഷപെടുത്താൻ “ലോക രക്ഷിതാവേ.പ്രാർത്ഥിക്കുവാൻ കന്യാസ്ത്രീകളോടെ ആഹ്വാനം !..

കൂട്ടത്തിലൊരാളെ നിഷ്‌കരുണം കൊന്നു കിണറ്റിലെറിഞ്ഞ കൊലയാളികളെ ശിക്ഷയിൽ നിന്ന് രക്ഷപെടുത്താൻ കൈകൾ വിരിച്ചു പിടിച്ച് പ്രാർത്ഥിക്കാൻ അഭയ കന്യാസ്ത്രീ ആയ പയസ് ടെൻത് കോൺവെന്റിലെ അടക്കം കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിൽ പ്രാർത്ഥന അപേക്ഷ നടത്തിയതായി സിസ്റ്റർ ലൂസി കളപ്പുര .കൊലക്കേസിൽ പ്രതിയാക്കപ്പെട്ട വൈദികനെയും കന്യാസ്ത്രീയെയും ശിക്ഷയിൽ നിന്ന് രക്ഷപെടുത്താൻ “ലോക രക്ഷിതാവേ.പ്രാർത്ഥിക്കുവാൻ കന്യാസ്ത്രീകളോടെ ആഹ്വാനം ചെയ്തതായിട്ടാണ് സിസ്റ്റർ ലൂസി കളപ്പുര വെളിപ്പെടുത്തുന്നത് .ജീവിതമെന്തെന്നുപോലും അറിയാത്ത പ്രായത്തിൽ കന്യാമഠങ്ങളിൽ എത്തപ്പെടുന്ന പാവം പെൺകുട്ടികളുടെ പിഞ്ചു കഴുത്തുകളിലേക്ക് അനുസരണ വ്രതം എന്നൊരു ‘നുകം’ എടുത്തു വച്ചുകൊടുക്കും.അനുസരണം എന്ന വ്രതത്താൽ കൊല ചെയ്യപ്പെടുന്നു എന്നും ലൂസി കളപ്പുര ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഹെറാൾഡ് ന്യൂസ് ടിവി ഓണ്‍ലൈന്‍ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റ് പൂർണ്ണമായി :

കഴിഞ്ഞദിവസം പതിവുള്ള ഫോൺവിളിക്കിടയിൽ എന്റെ അമ്മ, സിസ്റ്റർ അഭയയെപ്പറ്റിയും ആ പെൺകുട്ടിക്ക് സംഭവിച്ച ദാരുണ മരണത്തെപ്പറ്റിയുമൊക്കെ എന്നോട് സംസാരിക്കാനിടയായി. ഒരിക്കലും നീതി ലഭിക്കില്ലെന്ന് കരുതിയ അഭയകേസിൽ ഈ ഡിസംബർ 22 ന് വിധിയുണ്ടാകുമെന്നും ആ പാവം പെൺകുട്ടിയെ കൊന്ന് കിണറ്റിൽ തള്ളിയ പുരോഹിതനും കന്യാസ്ത്രീയുമൊക്കെ ശിക്ഷിക്കപ്പെടാതിരിക്കില്ല എന്നുമൊക്കെ പറഞ്ഞത് കേട്ടപ്പോൾ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത അഭയ എന്ന ആ പാവം പെൺകുട്ടിയെ 28 വർഷങ്ങൾക്കിപ്പുറം ഇന്നും സ്വന്തം കുടുംബാംഗത്തെപ്പോലെ ഓർമ്മിക്കുന്ന 85 കാരിയായ എന്റെ അമ്മയെ ഓർത്ത് അഭിമാനവും ഒപ്പം ‘കാണരുതാത്ത കാഴ്‌ച’ കണ്ടുപോയി എന്ന കുറ്റത്തിന് കിണറിന്റെ ആഴങ്ങളിൽ പിടഞ്ഞുമരിക്കാൻ വിധിക്കപ്പെട്ട ആ പെണ്കുട്ടിയെക്കുറിച്ചോർത്തപ്പോൾ നെഞ്ചിലെവിടയോ ചോര കിനിയുന്ന വേദനയുമുണ്ടായി. എന്റെ അമ്മ മാത്രമല്ല, ഇനിയും മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത മലയാളികളെല്ലാം സിസ്റ്റർ അഭയ എന്ന ആ നിഷ്കളങ്കയായ കൊച്ചുപെൺകുട്ടിയെ സ്വന്തം വീട്ടിലെ ഒരാളെയെന്ന പോലെ സ്നേഹിക്കുന്നുണ്ടാവണം. അതുകൊണ്ടാണല്ലോ ഈ കേസിന് ഇന്നും ഇത്രയധികം പ്രാധാന്യമുണ്ടാകുന്നതും ക്രൂരമായി കൊലചെയ്യപ്പെട്ട ആ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് നാമെല്ലാം അറിയാതെ ആഗ്രഹിച്ചുപോകുന്നതും.

പക്ഷേ ആ ഫോൺകോൾ അവസാനിച്ച് അൽപസമയത്തിനകം എന്റെ മൊബൈൽ ഫോണിലേക്ക് മറ്റൊരു സന്ദേശമെത്തി. സിസ്റ്റർ അഭയ അംഗമായിരുന്ന സന്ന്യാസസഭയുടെ സുപ്പീരിയർ ജനറലിന്റെ അപേക്ഷ പ്രകാരം ഫോർവേഡ് ചെയ്യുന്നത് എന്ന നിലയിൽ അയക്കപ്പെട്ട ആ സന്ദേശത്തിൽ പറഞ്ഞിരുന്നത് അഭയ കൊലക്കേസിൽ പ്രതിയാക്കപ്പെട്ട വൈദികനെയും കന്യാസ്ത്രീയെയും ശിക്ഷയിൽ നിന്ന് രക്ഷപെടുത്താൻ “ലോക രക്ഷിതാവേ….” എന്ന പ്രാർത്ഥന 13 പ്രാവശ്യം കൈകൾ വിരിച്ചു പിടിച്ച് പ്രാർത്ഥിക്കുവാൻ സന്ന്യാസിനീ മഠങ്ങളിലെ സഹകന്യാസ്ത്രീമാരോട് ആവശ്യപ്പെടുന്ന നിർദ്ദേശമായിരുന്നു. FCC ഉൾപ്പെടെ കേരളത്തിലെ പ്രമുഖ സന്ന്യാസ സഭകളിലെ പതിനായിരക്കണക്കിന് കന്യാസ്ത്രീകളിലേക്ക് ഇതേ സന്ദേശം അതാതു സഭകളിലെ സുപ്പീരിയർ ജനറൽമാർ വഴി ഫോർവേഡ് ചെയ്യപ്പെട്ടതായും പിന്നീട് പലരിൽ നിന്നായി അറിയാൻ കഴിഞ്ഞു. ഒരിറ്റു കണ്ണുനീരോടെയല്ലാതെ ആ സന്ദേശം എനിക്ക് വായിച്ചു തീർക്കാൻ കഴിഞ്ഞില്ല. കൂട്ടത്തിലൊരാളെ നിഷ്‌കരുണം കൊന്നു കിണറ്റിലെറിഞ്ഞ കൊലയാളികളെ ശിക്ഷയിൽ നിന്ന് രക്ഷപെടുത്താൻ കൈകൾ വിരിച്ചു പിടിച്ച് പ്രാര്ഥിക്കണമത്രേ. ലോകനന്മക്കായി യേശുക്രിസ്‌തു കാട്ടിത്തന്ന സത്യത്തിന്റെ പാതപിന്തുടർന്ന് തങ്ങളുടെ സ്വന്തം ജീവിതം തന്നെ ദൈവത്തിന് സമർപ്പിക്കാനായി വ്രതവാഗ്‌ദാനം നൽകി ഇറങ്ങിത്തിരിച്ച സന്ന്യാസിനികളോടാണ് ഈ പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതാദ്യമായൊന്നുമല്ലല്ലോ ഇത്തരം പ്രഹസനങ്ങൾ ഞാൻ കണ്ടിട്ടുള്ളത്. കൊലപാതകവും ലൈംഗിക അതിക്രമങ്ങളുമുൾപ്പെടെ എത്ര കൊടിയ കുറ്റകൃത്യങ്ങൾ നടന്നാലും അവയൊക്കെ മൂടിവയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും കള്ളസാക്ഷ്യം പറയാനും അതിനുവഴങ്ങാൻ കൂട്ടാക്കാത്തവരെ ഏതുവിധേനയും ഇല്ലാ താക്കാനുമൊക്കെ കൂട്ടുനിൽക്കുന്നവരുടെ എത്രയെത്ര ഉദാഹരണങ്ങൾ ഇതിനകം കണ്ടുകഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ ഇരുപത്തെട്ടു വര്ഷങ്ങളായി തുടരുന്ന അഭയ കേസിന്റെ നാൾവഴികളിൽത്തന്നെ എത്രയെത്ര സാക്ഷികളാണ് കൂറുമാറിയത്. എത്രയെത്ര കന്യാസ്ത്രീകളാണ് വിശുദ്ധ ബൈബിളിൽതൊട്ട് സത്യം ചെയ്‌ത്‌ കോടതിമുറികളിൽ കള്ളസാക്ഷ്യം പറഞ്ഞത്. എത്രയെത്ര ആളുകളാണ് തെളിവുകൾ നശിപ്പിക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനും കൂട്ടുനിന്നിട്ടുള്ളത്. റോബിൻറെയും ഫ്രാങ്കോയുടെയും പുരോഹിതവേഷം ധരിച്ച മറ്റനേകം നരാധമന്മാരുടെയും എണ്ണമറ്റ കുറ്റകൃത്യങ്ങളിൽ ഇതുതന്നെയല്ലേ നിങ്ങളൊക്കെ ചെയ്‌തിട്ടുള്ളത്‌? ഈയടുത്ത ദിവസം പുറത്തുവന്ന ഒരു സംഭവത്തിൽ ഒരു ‘അഭിവന്ദ്യ’ പുരോഹിതനാൽ ഗർഭിണിയാക്കപ്പെട്ട ഒരു കന്യാസ്ത്രീയെ രായ്ക്ക് രാമാനം നാടുകടത്താനും ഒടുവിൽ ആ കുഞ്ഞിനെ അതിന്റെ മാതാപിതാക്കളിൽ നിന്നകറ്റാനുമൊക്കെ കൂട്ടുനിന്നത് എന്റെ സ്വന്തം FCC സഭയിലെ സിസ്റ്റേഴ്‌സും മെത്രാനുൾപ്പെടെയുള്ള സഭയിലെ ഉന്നതരുമാണ്. എന്റെ സഹോദരിമാരേ, മനസ്സുനൊന്തു ചോദിച്ചോട്ടേ… നിങ്ങൾക്കിതൊക്കെ എങ്ങനെ സാധിക്കുന്നു?

ജീവിതമെന്തെന്നുപോലും അറിയാത്ത പ്രായത്തിൽ കന്യാമഠങ്ങളിൽ എത്തപ്പെടുന്ന പാവം പെൺകുട്ടികളുടെ പിഞ്ചു കഴുത്തുകളിലേക്ക് അനുസരണ വ്രതം എന്നൊരു ‘നുകം’ എടുത്തുവച്ചുകൊടുക്കും. 35 വർഷങ്ങൾക്കു മുൻപ് എന്റെ ചാച്ചനും അമ്മയും കൂടത്തായിലെ എഫ് സി സി സുപ്പീരിയറിന്റെ കൈകളിൽ എന്നെ വിശ്വാസത്തോടെ ഏൽപ്പിച്ച് നിറഞ്ഞ കണ്ണുകളോടെ അവരെ ആലിംഗനം ചെയ്യുന്ന രംഗം ഇന്നും എന്റെ കൺമുന്പിലുണ്ട്. അതേ സുപ്പീരിയർ അടുത്ത ദിവസങ്ങളിൽ ഞാനുൾപ്പെടുന്ന സന്ന്യാസ അർത്ഥിനിമാരെ പഠിപ്പിച്ചത് ഒരാൾ സന്ന്യാസ സഭയിൽ അംഗമാകുന്നതോടെ അയാളുടെ വ്യക്തിത്വം മരിച്ചു കഴിഞ്ഞു എന്നാണ്. ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ തിരഞ്ഞെടുപ്പുകളോ മനഃസാക്ഷിക്കനുസരിച്ചുള്ള ഉത്തരങ്ങളോ ഒന്നുമില്ല. അവയെല്ലാം അനുസരണം എന്ന വ്രതത്താൽ കൊല ചെയ്യപ്പെടുകയാണ്. അന്നുമുതലിങ്ങോട്ട് എത്രയെത്ര മനുഷ്യാവകാശ ലംഘനങ്ങൾക്കാണ് ഞാൻ സാക്ഷിയാകേണ്ടി വന്നിട്ടുള്ളത്.

തലേന്ന് വരെ തങ്ങളുടെയൊപ്പം കളിച്ചും ചിരിച്ചും കഴിഞ്ഞ സഹോദരിമാരുടെ ജഡങ്ങൾ കന്യാമഠങ്ങളിലെ കിണറുകളിൽ പൊങ്ങുമ്പോഴും സന്ന്യാസ വസ്ത്രം ധരിച്ച കാപാലികരുടെ കാമശമനത്തിനായി ക്രൂരമായി ഉപയോഗിക്കപ്പെട്ട് വലിച്ചെറിയപ്പെടുമ്പോഴും അതിലൊക്കെയുൾപ്പെട്ട കൊടും കുറ്റവാളികളെ രക്ഷിക്കാൻ ഉള്ളുരുകി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന അധികാരികളുടെ ആജ്ഞകൾ ശിരസ്സാവഹിക്കേണ്ട ഗതികേട് വ്രതമായി സ്വീകരിക്കാൻ വിധിക്കപ്പെട്ടവരാണ് കന്യാസ്ത്രീകൾ എന്ന എന്റെ വർഗ്ഗം.

കന്യാമഠങ്ങളുടെ ചുവരുകൾക്കുള്ളിൽ ജീവച്ഛവം പോലെ ജീവിക്കുന്ന എന്റെ സഹോദരിമാരേ, വ്യക്തിത്വമില്ലാത്തവരായി, മനഃസാക്ഷിയില്ലാത്തവരായി, അധികാരികളുടെ താളത്തിനൊത്തു തുള്ളുന്ന വെറും പാവകളായി ഇനിയുമെത്രനാൾ കൂടി ഇങ്ങനെ തുടരാൻ കഴിയും നിങ്ങൾക്ക്? സ്വന്തം മനഃസാക്ഷിയെയും ദൈവത്തെത്തന്നെയും വഞ്ചിച്ചുകൊണ്ട് എത്രനാൾ കൂടി ഇങ്ങനെ തുടരാൻ കഴിയും? എത്രയൊക്കെ പ്രാർത്ഥനകൾ ചൊല്ലിയാലും കണ്ണുനീരുകൊണ്ട് ദൈവത്തിരുമുന്പിൽ ബലിയർപ്പിച്ചാലുമൊന്നും ഈ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല. അധികാര ധാർഷ്ട്യത്തിന്റെ ചങ്ങലകൾ വലിച്ചു പൊട്ടിച്ചുകൊണ്ട് പുറത്തുവരാനുള്ള ആർജ്ജവം കാണിക്കണം. ഇനിയൊരിക്കൽ കൂടി പാപത്തിനു കൂട്ടുനിൽക്കാൻ സാധ്യമല്ല എന്നുറക്കെ വിളിച്ചുപറയാൻ നിങ്ങൾക്ക് കഴിയണം.

കാരണം…. അനുസരണമെന്നാൽ അടിമത്തമല്ല!

Sr Lucy Kalapura

 

 

Top