കോട്ടയം: സഭയുടെ മുദ്ര ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ബിജെപി മാപ്പ് പറഞ്ഞത്. ബിജെപി ന്യൂനപക്ഷ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ്, ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ എന്നിവരാണ് കെസിബിസിയുടെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് മുസ്ലിം വിരുദ്ധ പ്രചാരണം നടത്തിയ സംഭവത്തിൽ നേരിട്ടെത്തി ഖേദം പ്രകടിപ്പിച്ചത്.
കെസിബിസിയുടെ ഔദ്യോഗിക മുദ്ര ദുരുപയോഗം ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണം നടത്തിയ സംഭവത്തിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിനെതിരെ പ്രതിഷേധവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മാപ്പ് പറയാൻ ബിജെപി നേതൃത്വം തയ്യാറായിട്ടുള്ളത്. എന്നാൽ മാപ്പ് പറയാൻ സഭാ ആസ്ഥാനത്ത് എത്തിയ സംഘത്തിൽ നോബിൾ മാത്യൂ ഉണ്ടായിരുന്നില്ല.
മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ചുള്ള നോബിൾ മാത്യുവിന്റെ പോസ്റ്റിലാണ് ഈ വിവാദങ്ങൾ. കേരളത്തിലേക്ക് തിരിച്ചെത്തിയ പികെ കുഞ്ഞാലിക്കുട്ടി ക്രൈസ്തവ സഭകൾ കയറിയിറങ്ങുകയാണെന്നും കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും വാർത്തയും കോഴിക്കൂടിന് ചുറ്റും വലം വെക്കുന്ന കുറുക്കന്റെ കഥയുമായി ഏറെ സാമ്യമുള്ളതാണെന്നും നോബിൾ പറഞ്ഞിരുന്നു. ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരകളായി മാറിയ ക്രിസ്ത്യാനികളെ പാട്ടിലാക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി എത്തിയതെന്നും നോബിൾ കുറിപ്പിൽ ആരോപിച്ചിരുന്നു.
ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാൻ ഇനി ഞങ്ങളില്ല എന്നെഴുതിയ പോസ്റ്ററിലാണ് ബിജെപി ന്യൂനപക്ഷ വിഭാഗം കെസിബിസിയുടെ ഔദ്യോഗിക ലോഗോ ഉൾപ്പെടുത്തിയത്. ഇത് ഉടൻ തന്നെ വിവാദത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. നോബിൾ മാത്യൂ ഈ ലോഗോ ഉപയോഗിച്ചത് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സംഭവത്തെ വിമർശിച്ച് കെസിബിസിയും രംഗത്തെത്തിയിരുന്നു. ജനുവരി 9 നായിരുന്നു സംഭവം.
കെസിബിസി നിലപാടുകൾ സ്വീകരിക്കുന്നത് കേരളാ സമൂഹത്തിന്റെ പൊതുവായ വളർച്ചയ്ക്കും സൌഹാർദ്ദത്തിനും മതനിരപേക്ഷതയ്ക്കുമാണ്. ഇത്തരത്തിൽ പോസ്റ്ററുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും കെസിബിസി വ്യക്തമാക്കിയിരുന്നു.
ഏത് തരത്തിലുള്ള തീവ്രവാദമായാലും അത് നാടിന് ആപത്താണെന്നാണ് സഭ വിശ്വസിക്കുന്നത്. വിഭാഗീയതയ്ക്ക്ല അതീതമായി നാടിന്റെ നന്മയ്ക്കും മാനവികതയ്ക്കുമായാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. താൻ ചെയ്തതിൽ തെറ്റില്ലെന്നും മറ്റ് പല ചിത്രങ്ങൾക്കും ഒപ്പമാണ് കെസിബിസിയുടെ ലോഗോ ഉപയോഗിച്ചിട്ടുള്ളതെന്നും അതിൽ തെറ്റില്ലെന്നും സോഷ്യൽ മീഡിയയിൽ നോബിൾ മാത്യു വ്യക്തമാക്കി.