കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

കോഴിക്കോട്:കെട്ടിട നിര്‍മാണ കമ്പനിയില്‍നിന്നു കൈക്കൂലി വാങ്ങി അഴിമതി നടത്തിയെന്ന കേസില്‍ കൊച്ചി ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍ ഉള്‍പ്പെടെ നാലുപേരെ സിബിഐ (അഴിമതി വിരുദ്ധ വിഭാഗം) അറസ്റ്റ് ചെയ്തു. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍ എ.കെ. പ്രതാപിനെ കൂടാതെ, അസി. ലേബര്‍ കമ്മിഷണര്‍ ഡി.എസ്. യാദവ്, ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ സി.പി. സുനില്‍കുമാര്‍, കെ.കെ. ബില്‍ഡേഴ്‌സ് എച്ച്ആര്‍ മാനേജര്‍ പി.കെ. അനീഷ് എന്നിവരും അറസ്റ്റിലായി.

കോഴിക്കോട്ടെ നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കെ.കെ. ബില്‍ഡേഴ്‌സ് എച്ച്ആര്‍ മാനേജര്‍ കൈക്കൂലി നല്‍കുമ്പോഴാണ് അറസ്റ്റ് എന്നു സിബിഐ വ്യക്തമാക്കി. ആദ്യ രണ്ടു പ്രതികള്‍ക്ക് 25,000 രൂപ വീതവും മൂന്നാമന് 10,000 രൂപയുമാണു കൈക്കൂലി നല്‍കിയത്. തുക ഇവരില്‍നിന്നു കണ്ടെടുത്തു. ഇതിനു പുറമേ, അന്‍പതിനായിരം രൂപ കൂടി എ.കെ. പ്രതാപില്‍നിന്നു സിബിഐ കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളവും തൊഴിലിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍, അസി. ലേബര്‍ കമ്മിഷണര്‍ എന്നിവര്‍ക്കാണ്. ഇതില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനായി ഇരുവരും ഗൂഢാലോചന നടത്തി കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണു സിബിഐ കേസ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Top