ദില്ലി: വിശ്വാസപരമായ അധികാരങ്ങളില്‍ കൈകടത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനാപരമായ ബാധ്യത മാത്രമാണ് സര്‍ക്കാര്‍ നിറവേറ്റുന്നതെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറയുന്നു. ഏകീകൃത വ്യക്തി നിയമം അടിച്ചേല്‍പ്പിക്കില്ല.
ഇക്കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു ഭയം വേണ്ട. എല്ലാ അഭിപ്രായങ്ങളും മാനിക്കുമെന്നും അദ്ദേഹം പറയുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബിജെപിയുടെ സ്റ്റണ്ടാണിതെന്ന കോണ്‍ഗ്രസിന്റെ അഭിപ്രായത്തെ കേന്ദ്രമന്ത്രി തള്ളി. ഏകീകൃത വ്യക്തി നിയമവും യുപി തിരഞ്ഞെടുപ്പുമായി ബന്ധമില്ല. കോണ്‍ഗ്രസ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്നും നഖ്‌വി പറഞ്ഞു. ഏകീകൃത വ്യക്തി നിയമം നടപ്പാക്കുന്നതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും വലിയ ചര്‍ച്ചയായത്.
കേന്ദ്ര നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണിയും കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഏകീകൃത വ്യക്തിനിയമത്തെക്കുറിച്ചു ചര്‍ച്ചകള്‍ ഉയര്‍ത്തി വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം ആത്മഹത്യാപരമാണെന്നായിരുന്നു ആന്റണിയുടെ അഭിപ്രായം. യുപി നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള സ്റ്റണ്ടില്‍നിന്നു ബിജെപിയും കേന്ദ്രസര്‍ക്കാരും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബിജെപി സര്‍ക്കാരിന്റെ നീക്കം മതേതരത്വം തകര്‍ക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. നിയമം ജനങ്ങളെ രണ്ടു തട്ടിലാക്കും. വിവാഹം, മരണം, സ്വത്തവകാശം എന്നിവ സംബന്ധിച്ച് ഇസ്ലാം മതവിശ്വാസികള്‍ പിന്തുടരുന്ന പ്രത്യേക വ്യക്തി നിയമമുണ്ട്. അത് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍, സീറോ മലബാര്‍ സഭ ഏകീകൃത വ്യക്തി നിയമത്തെ സ്വാഗതം ചെയ്യുകയായിരുന്നു.