
നികുതി വിഹിതത്തിന്റെ മുൻകൂർ ഗഡുവായി 47541 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് അനുവദിച്ച് കേന്ദ്രം. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമനാണ് സംസ്ഥാനങ്ങൾക്ക് തുക അനുവദിക്കാൻ നിർദ്ദേശം നൽകിയത്.
സംസ്ഥാനങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. 2022 ജനുവരി മാസത്തെ പതിവ് നികുതി വിഹിതത്തിന് പുറമേയാണ് ഇങ്ങനെ ഒരു നീക്കം.
നിലവിൽ പതിവ് വിഹിതത്തിന്റെ ഇരട്ടി തുകയായ 95082 കോടി രൂപ 2022 ജനുവരി മാസത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കും.
1830.38 കോടി രൂപയാണ് കേരളത്തിന് 2022 ജനുവരിയിൽ ഇതുവരെ അനുവദിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിന് പണം ചെലവിടാൻ നികുതി വിഹിതം ഉടൻ അനുവദിക്കുമെന്ന് മുൻപ് സംസ്ഥാന മന്ത്രിമാരുമായുള്ള യോഗത്തിലാണ് നിർമല സീതാരാമൻ വ്യക്തമാക്കിയത്.
കൊവിഡ് രണ്ടാംതരംഗത്തിന് ശേഷം ഇന്ത്യ ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നാണ് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അന്ന് വ്യക്തമാക്കിയത്.