
ഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹിന്ദുകള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചതിന് തനിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്. മാത്രമല്ല, സുബ്രഹ്മണ്യന്‍ സ്വാമിയെ ശിക്ഷിക്കുന്നതിനോടും കേന്ദ്ര സര്‍ക്കാര്‍ യോജിപ്പ് പ്രകടിപ്പിച്ചു. ബിജെപി നേതാക്കളുടെ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര സര്‍ക്കാരോ തയാറാകുന്നില്ലെന്ന വിമര്‍ശനവും ശക്തമാകവെയാണ് അസഹിഷ്ണുത വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. രാജ്യത്ത് അസഹിഷ്ണുത വളരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിശിതവിമര്‍ശനമുയര്‍ത്തിയിരുന്നു. കലാപത്തിനും അരക്ഷിതാവസ്ഥയ്ക്കും കാരണമായേക്കാമെന്നതിനാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ ആരെയും അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദ്വേഷ പ്രസംഗം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പീനല്‍ കോഡിലെ 153, 153എ, 153ബി, 295, 295എ, 298, 505 എന്നീ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയെ സമീപിച്ചത്.