കോഴിക്കോട്: മഴ തുടങ്ങിയതോടെ രോഗങ്ങളും പെരുകാന്‍ തുടങ്ങി. വ്യത്യസ്തമായ രോഗങ്ങളാണ് പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതീവ ഗുരുതരമായ അപൂര്‍വയിനം രോഗം കേരളത്തിലുമെത്തി. മരണം വരെ സംഭവിക്കുന്ന സെറിബ്രല്‍ മലേറിയ ഭീതിയിലാണ് കോഴിക്കോട്. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ അടുത്തകാലത്തൊന്നും സെറിബ്രല്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് തീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊതുകില്‍ നിന്നു പകരുന്ന രോഗമാണ് ഇത്. പക്ഷേ, ഇത്തരത്തിലെ മലേറിയ എങ്ങനെയാണ് കേരളത്തില്‍ വന്നതെന്നു വ്യക്തമല്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ അഞ്ചുപേരില്‍ രണ്ടുപേര്‍ കുട്ടികളാണ്. മഴക്കാലമായതോടെ കൊതുകുകള്‍വഴി രോഗം പടരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടത്തേണ്ടിയിരുന്ന മഴക്കാല പൂര്‍വ ശുചീകരണം താളം തെറ്റിയതാണ് രോഗം പടരാന്‍ കാരണമെന്നാണ് സൂചന. ഉത്തരേന്ത്യയില്‍ അടുത്തകാലത്ത് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍നിന്ന് കോഴിക്കോട്ട് എത്തിയവര്‍ വഴിയായിരിക്കാം രോഗവാഹിയായ അണുക്കള്‍ എത്തിയിട്ടുണ്ടാവുക എന്നാണു കരുതുന്നത്. തീരപ്രദേശമടങ്ങിയ ഭാഗങ്ങളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലുമുള്ളവരുടെ രക്തപരിശോധന ഊര്‍ജതമാക്കും.
മലേറിയയില്‍ ഏറ്റവും ഗുരുതരമായ ഇനമാണിത്. രോഗബാധയുണ്ടായാല്‍ തലച്ചോറിനെയാണു ബാധിക്കുക. തലച്ചോറിലെ ഞരമ്പുകള്‍ കട്ടപിടിച്ച് മരണത്തിന് വഴിവയ്ക്കുന്നതാണ് സെറിബ്രല്‍ മലേറിയ. കൊതുകു നശീകരണംമാത്രമാണ് പ്രതിവിധി.