കോട്ടയം:കെവിൻ പി ജോസഫിനെ വിവാഹം കഴിച്ച നീനു ഇപ്പോൾ താമസിക്കുന്നത് കൊല്ലപ്പെട്ട കെവിന്റെ മാതാപിതാക്കളുടെ കൂടെയാണ് . അതിനാൽ തന്റെ മകളായ നീനുവിനെ വിട്ടുകിട്ടണമെന്ന് പിതാവ് ചാക്കോയ്ക്കു വേണ്ടി അഭിഭാഷകൻ കോടതിയിൽ പരാതി നൽകി. നീനുവും കെവിനുമായി സാധുതയുള്ള വിവാഹം നടന്നിട്ടില്ലെന്നും ഇതനുസരിച്ച് നീനു ഇപ്പോൾ അന്യവീട്ടിലാണു താമസിക്കുന്നതെന്നു കണക്കാക്കണമെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.നീനുവിന്റെ നിയമപരമായ രക്ഷിതാവ് പിതാവ് ചാക്കോയാണെന്നും ചാക്കോ ജയിലിലായതിനാൽ നീനുവിനെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലാക്കണമെന്നും അഭിഭാഷകൻ വാദിച്ചു. നീനുവിന് ചികിൽസ ആവശ്യമുണ്ടെങ്കിൽ ഉറപ്പാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതി പരാതി ഫയലിൽ സ്വീകരിച്ചു. വാദം കേൾക്കാനായി മാറ്റി.
അതേസമയം കെവിൻ വധക്കേസിൽ പ്രതികളായ ചാക്കോയെയും സാനുവിനെയും ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു..
അതേസമയം കെവിൻ വധത്തോട് അനുബന്ധിച്ചുള്ള കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനു നിയമതടസ്സമില്ലെന്ന് ആഭ്യന്തര വകുപ്പു വ്യക്തമാക്കി. കോട്ടയം അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി. ഇതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എസ്ഐ അടക്കം നാലു പേർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകും.