തിരുവനന്തപുരം: കേരളമുള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ഭീഷണി സന്ദേശം ബംഗളൂരു പൊലീസിന് ഇന്നലെ വൈകീട്ട് ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ട്രെയിനുകളില്‍ സ്ഫോടനം നടത്തുമെന്നാണ് കേരളത്തിനയച്ച ഫാക്‌സ് സന്ദേശത്തില്‍ ബംഗളൂരു പൊലീസ് പറയുന്നത്.
ഇതേ തുടര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 19 തീവ്രവാദികള്‍ രാമേശ്വരത്ത് എത്തിയെന്നും ഇവര്‍ ട്രെയിന്‍ ഉള്‍പ്പടെയുള്ളവയില്‍ സ്‌ഫോടനം നടത്തുമെന്നുമാണ് കര്‍ണാടക പൊലീസിന് ലഭിച്ച ഫോണ്‍ സന്ദേശം.
സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവര്‍ തമിഴ്‌നാട്ടിലെ ഹൊസൂറില്‍നിന്ന് ബെംഗളൂരു സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ഇന്നലെയാണ് ഭീഷണി സന്ദേശം കൈമാറിയതെന്ന് കര്‍ണാടക ഡിജിപി അയച്ച സന്ദേശത്തില്‍ പറയുന്നു. തമിഴിലും ഹിന്ദിയിലും സംസാരിക്കുന്നയാള്‍ തനിക്ക് സുപ്രധാനമായ വിവരം പങ്കുവയ്ക്കാനുള്ളതായിട്ടാണ് അറിയിച്ചത്. ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആക്രമണമെന്നും അയാള്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് 19 ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നും അയാള്‍ അവകാശപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ക്ക് കര്‍ണാടക ഡിജിപിയുടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആവശ്യമായ സുരക്ഷാ നടപടികള്‍ ഇവിടെ സ്വീകരിച്ചിട്ടുണ്ട്.