ഭഗത് സിംഗ് തീവ്രവാദിയാണോ? പുസ്തകത്തില്‍ പറയുന്നതിങ്ങനെ

the-legend-of-bhagat-singh

ദില്ലി: ഭഗത് സിംഗ് എന്നു കേള്‍ക്കുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ പോലും അദ്ദേഹത്തെക്കുറിച്ച് നല്ല ചിത്രങ്ങള്‍ മാത്രമേ വരാറുള്ളൂ. ധീരനും ശക്തനുമായിരുന്നു ഭഗത് സിംഗ് എന്നാണ് നമ്മള്‍ പഠിച്ചത്. സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവകാരിയുമായിരുന്ന ഭഗത് സിംഗ് തീവ്രവാദിയായിരുന്നുവെന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

എന്നാല്‍, ദില്ലി സര്‍വ്വകലാശാലയിലെ പുസ്തകം ഇങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭഗത് സിംഗിന് പുറമെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ എന്നിവരേയും തീവ്രവാദികളായിട്ടാണ് സര്‍വകലാശാലയുടെ പാഠപുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ വാര്‍ത്താ ചാനലായ ടൈംസ് നൗ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്താണ് ഭഗത് സിംഗിനെ തീവ്രവാദിയായി ചിത്രീകരിച്ചിരിക്കുന്നത്. സൂര്യ സെന്‍ നയിച്ച പ്രസിദ്ധമായ ചിറ്റഗോംഗ് ആക്രമണത്തെ ഭീകരാക്രമണമായും പുസ്തകത്തില്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ഭീകര പ്രവര്‍ത്തനങ്ങളായിട്ടാണ് പുസ്തകത്തില്‍ പറയുന്നത്.

വാര്‍ത്ത പുറത്തുവന്നതോടെ സര്‍വകലാശാലയ്ക്കെതിരെ ചരിത്രകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വ്യക്തമായ പങ്കുവഹിച്ചവരെ തീവ്രവാദികളായി ചിത്രീകരിച്ച പുസ്തകം പിന്‍വലിച്ച് സര്‍വകലാശാല അധികൃതര്‍ മാപ്പുപറയണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Top