കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം. പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ സംഘടനാപരമായ തയ്യാറെടുപ്പുകളിലേക്ക് കടന്നിരിക്കുകയാണ് നിലവില്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ.സി.ജോസഫിനുമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന നാല്‍പതാം നാളിനു ശേഷം മാത്രം പരസ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
സ്ഥാനാര്‍ഥി ആരെന്ന കാര്യത്തിലടക്കം തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി. ഇതിനിടെ ഉമ്മന്‍ചാണ്ടിയുടെ മകനെതിരെ മല്‍സരിക്കാന്‍ ബിജെപി എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ രംഗത്തിറക്കിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മക്കള്‍ രാഷ്ട്രീയത്തെ തളളിപ്പറഞ്ഞ ഇരുനേതാക്കളുടെയും മക്കള്‍ പരസ്പരം ഏറ്റുമുട്ടുമോ എന്ന ചോദ്യമുയര്‍ത്തി സിപിഎം സംസ്ഥാന സമിതി അംഗം എം.അനില്‍കുമാറില്‍ നിന്നുണ്ടായ ഫെയ്‌സ്ബുക്ക് പോസ്റ്റും കോട്ടയത്തെ രാഷ്ട്രീയ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നുണ്ട്.