കോന്നിയിൽ സുരേന്ദ്രൻ ജയിച്ചു കയറും…!! കോൺഗ്രസിനെ തോൽപ്പിക്കാൻ അടൂർ പ്രകാശിൻ്റെ പിൻവലിച്ചിൽ

പത്തനംതിട്ട: നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കോന്നി. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം കൂടിക്കഴിഞ്ഞ് കെ സുരേന്ദ്രനൻകൂടി എത്തുമ്പോൾ മത്സരം കൊടുമുടി കയറും എന്ന് ഉറപ്പായിരിക്കുകയാണ്. എന്നാൽ സിറ്റിംഗ് സീറ്റിൽ കോൺഗ്രസിൻ്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന വാർത്തകളാണ് മണ്ഡലത്തിൽ നിന്നും വരുന്നത്.

തൻ്റെ നിർദ്ദേശം മാനിക്കാതെ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയതിനെതിരായ അടൂർ പ്രകാശിൻ്റെ എതിർപ്പ് ഇപ്പോഴും തുടരുകയാണ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് എംപി പങ്കെടുത്തേക്കില്ല. ഡിസിസി അപമാനിച്ചെന്ന് പാര്‍ട്ടി നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്നാണ് അടൂർ പ്രകാശ് പറയുന്നത്.

കോന്നിയിൽ ഇന്ന് രാവിലെയാണ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചെന്നിത്തലയുടെ നേതൃത്വത്തിൽ അനുനയശ്രമം തുടരുകയാണ്. മോഹന്‍രാജിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കിയതിൽ പ്രതിഷേധിച്ച് അടൂർ പ്രകാശ് എംപിയും റോബിൻ പീറ്ററും പരസ്യമായി രംഗത്തുവന്നിരുന്നു.

കോന്നി ഉപതിരഞ്ഞെടുപ്പിലും ത്രികോണ മൽസരമുണ്ടാകുമെന്നാണ് ലോക്സഭ വോട്ടിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ കോന്നി മണ്ഡലത്തിൽ 32.17 ശതമാനം വോട്ടാണ് പിടിച്ചത്. ആന്റോ ആന്റണിയുമായി 3161 വോട്ടിന്റെ വ്യത്യാസം. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫുമായി 430 വോട്ടിന്റെ വ്യത്യാസം.

യുഡിഎഫിലെ പടലപ്പിണക്കം മുതലെടുത്താൽ കോന്നി മണ്ഡലം പിടിക്കാമെന്ന കണക്കു കൂട്ടലാണ് ബിജെപിക്ക്. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങൾ പിടിക്കണമെന്ന നിർദേശം കേന്ദ്രം നേതൃത്വം നൽകിയിട്ടുണ്ട്. വട്ടിയൂർക്കാവിലും കോന്നിയിലും കോൺഗ്രസ് പാർട്ടിയിൽ പടലപ്പിണക്കം ശക്തമാണ്. കോന്നിയിൽ പ്രചാരണത്തിനില്ലെന്ന് അടൂർ പ്രകാശ് പ്രഖ്യാപിച്ചതോടെ യുഡിഎഫ് വോട്ടുകൾ ലക്ഷ്യമിട്ടു ബിജെപി പ്രവർത്തനം ആരംഭിച്ചു. പി.മോഹൻരാജിനോടുള്ള വ്യക്തിപരമായ എതിർപ്പുകൾ മുതലെടുക്കാമെന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു.

Top