വട്ടിയൂർക്കാവിൽ ബിജെപി വോട്ടുകൾ വിജയിയെ തീരുമാനിക്കും..!! കുമ്മനമില്ലാത ആകെ കിതച്ചു

ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരളം കാത്തിരിക്കുന്ന ഫലമാണ് വട്ടിയൂർക്കാവിലേത്.   വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് തന്നെയാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങൾ പ്രവചിക്കുന്നത്. കോൺഗ്രസ് നിലനിർത്തിയിരുന്ന കുത്തക തകർത്ത് ഇടതുപക്ഷവും സിപിഎമ്മും ജയിച്ചുകയറുമെന്നാണ് ലഭിക്കുന്ന വിവരം. ത്രികോണ മത്സരമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാനം ബിജെപി അപ്രസക്തമാകുന്ന കാഴ്ചയാണ് വട്ടിയൂർക്കാവിൽ ഉണ്ടായത്. മണ്ഡലത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്ന കുമ്മനത്തെ ഒഴിവാക്കിയതാണ് ബിജെപിക്ക് തിരിച്ചടിയായത്.

തിരുവനന്തപുരം നോർത്ത് മണ്ഡലം 2011ൽ വട്ടിയൂർക്കാവ് ആയശേഷം കോൺഗ്രസ് ഇവിടെ തോൽവി അറിഞ്ഞിട്ടില്ല. രണ്ടുവട്ടവും കെ.മുരളീധരനാണ് ജയിച്ചത്. കോൺഗ്രസ് സംസ്കാരവും യുഡിഎഫിന്റെ സാമുദായിക ഇടപടലും കൃത്യമായി ഇഴചേർന്ന മണ്ഡലമാണ് എന്നതിൽ തന്നെയാണ് നോർത്ത് മുൻ എംഎൽഎയും ഇ്പപോഴത്തെ സ്ഥാനാർത്ഥിയുമായ കെ.മോഹൻകുമാറിന്റെ പ്രതീക്ഷ. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുൻപ് കെ.കരുണാകരന്റെ പ്രതിമയ്ക്കു മുന്നിൽ സാഷ്ടാംഗ നമസ്കാരം നടത്തിയ മുൻ എംഎൽഎയ്ക്കു ലീഡറെ ആരാധിക്കുന്നവരുടെയും കെ.മുരളീധരനെ സ്നേഹിക്കുന്നവരുടെയും പിന്തുണ കിട്ടേണ്ടതാണ്.

യുഡിഎഫിന്റെ അടിത്തറയെന്നു പറയാവുന്ന ന്യൂനപക്ഷങ്ങളുടെ സ്വാഭാവിക പിന്തുണയും ഭൂരിപക്ഷവിഭാഗത്തിലെ പ്രബല സമുദായത്തിന്റെയും അതിനു നേതൃത്വം നൽകുന്ന എൻഎസ്എസിന്റെയും വാശിയോടെയുള്ള പരസ്യ പിന്തുണയും കൂടിയാകുമ്പോൾ സ്ഥിതി ഏറ്റവും അനുകൂലം കോൺഗ്രസിനായിരുന്നു. 2016ലെ പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലാക്കി മാറ്റിയ കുമ്മനം രാജശേഖരന്റെ അസാന്നിധ്യം നില കൂടുതൽ സുരക്ഷിതമാക്കുന്നു എന്നുമാണ് യുഡിഎഫ് കരുതുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെയും രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലെയും മൂന്നാം സ്ഥാനം എന്ന നാണക്കേടിന് അവസാനം കുറിക്കാനാണ് മേയർ വി.കെ.പ്രശാന്തിനെ കളത്തിലിറക്കിയ എൽഡിഎഫ് ലക്ഷ്യംവച്ചത്.എന്നാൽ വട്ടിയൂർക്കാവിന്റെ ഭാഗമായ 24 കോർപറേഷൻ വാർഡുകളിൽ ഒൻപതിലും ബിജെപി പ്രതിനിധികളാണെന്നതു ബിജെപിയുടെ ശക്തിയാണ് കാണിക്കുന്നത്. ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നിൽ കെ.മുരളീധരനെ വിറപ്പിച്ച കുമ്മനത്തെ മാറ്റിനിർത്തിയതിന്റെ കാരണത്തെക്കുറിച്ച് അദ്ദേഹത്തിനു തന്നെ ഉൾക്കൊള്ളാവുന്ന ഉത്തരമില്ല എന്നതു പ്രചാരണത്തെ ആകെ കിതപ്പിച്ചു.

 

Top