നോട്ട് നിരോധനത്തിലൂടെയും കളളനോട്ട് തടയാനായില്ല; ഓരോ നാല് വര്‍ഷം കൂടുമ്പോഴും നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ നീക്കം

കള്ളനോട്ടിനും കള്ളപ്പണത്തിനും എതിരെ എന്ന് പറഞ്ഞ് നടപ്പിലാക്കിയ നോട്ട് നിരോധനം പാടെ പാളിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള നാലു മാസത്തിനിടയില്‍ കള്ളനോട്ടുകളുടെ വലിയതോതിലുള്ള വിപണനം നടന്നെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ .വ്യാപകമായി കള്ളനോട്ടുകള്‍ പിടികൂടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഓരോ 3-4 വര്‍ഷം കൂടുമ്പോഴും 2,000, 500 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

ധനമന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തി. മിക്കവാറും എല്ലാ വികസിത രാജ്യങ്ങളും 3-4 വര്‍ഷം കൂടുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താറുണ്ടെന്നും ഇന്ത്യയും ഈ നയം സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോട്ട് പിന്‍വലിക്കലിന് മുന്‍പുവരെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ രൂപകല്‍പനയില്‍ വളരെ കാലംകൂടിയാണ് മാറ്റങ്ങള്‍ വരുത്തിയിരുന്നത്. 1000 രൂപയുടെ നോട്ടില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. 1987ല്‍ പുറത്തിറങ്ങിയ 500 രൂപയുടെ നോട്ടാകട്ടെ ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പാണ് അവസാനമായി മാറ്റംവരുത്തിയത്.

പുതിയതായി ഇറക്കിയ 2000, 500 രൂപ നോട്ടുകളില്‍ മുന്‍പില്ലാതിരുന്ന സുരക്ഷാ ക്രമീകരണങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ നോട്ടിലെ 17 സുരക്ഷാ സവിശേഷതകളില്‍ 11 എണ്ണവും അടുത്തകാലത്ത് പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. സുതാര്യമായ ഭാഗം, വാട്ടര്‍മാര്‍ക്ക്, അശോകസ്തംഭം, നോട്ടിന്റെ ഇടതുവശത്തുള്ള 2000 എന്ന എഴുത്ത്, ഗവര്‍ണറുടെ ഒപ്പ് തുടങ്ങിയവയൊക്കെ കള്ളനോട്ടുകളിലും ഉണ്ടായിരുന്നു.
34 വര്‍ഷം കൂടുമ്പോള്‍ നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മാറ്റുന്നത് കള്ളനോട്ട് തടയാന്‍ ഒരു വലിയ അളവോളം സഹായിക്കുമെന്ന് ഉദ്യാഗസ്ഥര്‍ പറയുന്നു. ഐഎസ്‌ഐയുടെ സഹായത്തോടെ പാകിസ്താനില്‍ അച്ചടിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലേയ്ക്ക് കടത്തിയതാണ് അടുത്തിടെ പിടികൂടിയ 2000 രൂപയുടെ കള്ളനോട്ടുകളെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 400 കോടി രൂപയുടെ കള്ളനോട്ടുകളാണ് ഇപ്പോള്‍ വിപണിയിലുള്ളതെന്നാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Top