കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഇന്ന് വന്‍ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വിരലിലെണ്ണാവുന്ന ചാനലുകള്‍ ഒഴികെയുള്ളവ ഗതികേടിന്റെ അങ്ങേ അറ്റത്തിലാണ്. വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് ചാനല്‍ വിട്ടു ചാനല്‍ മാറിയെത്തിയ പല പ്രമുഖ മാധ്യപ്രവര്‍ത്തകരും ഇന്ന് ഒരു നേരത്തെ അന്നത്തിനായി ദുരിതത്തെയാണ് നേരിടുന്നത്. ഒന്നോ രണ്ടോ പത്രങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ ഭൂരിഭാഗം പത്രമാധ്യമങ്ങളിലും ഇതു തന്നെയാണ് ഗതി. ശ്മ്പളം പോലും നല്‍കാനാവാതെ അന്നന്നത്തെ അന്നം കൂട്ടിമുട്ടിക്കാന്‍ ഈ മാധ്യമ സ്ഥാപനങ്ങള്‍ പാടുപെടുകയാണ്. ഈ ചാനലുകളുടെ ഗതികെട്ട അവസ്ഥ ഏറ്റവും വ്യക്തമാക്കി തരുന്ന ലേഖനവുമായാണ് കേരള വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്‍ സെക്രട്ടറി സി.നാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കേരളത്തിലെ ചാനലുകളിലെയും പത്രങ്ങളിലെയും നിലവിലെ അവസ്ഥ വ്യക്തമാക്കുന്നതാണ് നാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിലെ കാര്യങ്ങള്‍ …
കേരളത്തിലെ മാസങ്ങളായി ശമ്പളം ലഭിക്കാത്ത, എന്നാല്‍ ഒരു മുടക്കവും കൂടാതെ ജോലി നടത്തിക്കുന്ന ഒരു വാര്‍ത്താചാനലില്‍ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. ജോലിക്കു കൂലി ഭക്ഷണം എന്ന നിലയിലാണ് ഈ ചാനലിലെ സാധാരണ ജേര്‍ണലിസ്റ്റുകളുടെ കാര്യങ്ങള്‍. ഡ്യൂട്ടി സമയത്തെ ഭക്ഷണവും താമസസൗകര്യവും ചാനല്‍ ഉടമ ഒരുക്കും. (അത്രയെങ്കിലും ഭാഗ്യം. കാരണം എത്രയോ മാസങ്ങളായി തീര്‍ത്തും സൗജന്യസേവനം നടത്തിവരുന്ന മാധ്യമപ്രവര്‍ത്തകര്‍ വിശപ്പു സഹിയാഞ്ഞ് സ്ഥാപനത്തിനടുത്തുള്ള ക്ഷേത്രത്തിലെ സൗജന്യഭക്ഷണത്തിന് നിത്യവും ക്യൂ നില്‍ക്കേണ്ടി വന്ന അവസ്ഥയുണ്ടാക്കി വെച്ച ടെലിവിഷന്‍ ചാനലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടേ. അത് പിറകെ പറയാം.) ഹോസ്റ്റലില്‍ താമസിപ്പിക്കുന്ന പെണ്‍കിടാങ്ങള്‍ മേക്കപ്പിട്ട് വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ ആര്‍ക്കുമറിയില്ല അവരുടെ ഇല്ലായ്മയുടെ നിലവിളികള്‍.
ഇങ്ങനെ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോകവേ കഴിഞ്ഞ ദിവസം പെട്ടെന്ന് ഹോസ്റ്റല്‍ നവീകരണത്തിന്റെ ഭാഗമായി മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലികമായി പാര്‍പ്പിടം നഷ്ടമായി. വാര്‍ത്ത വായിക്കാന്‍ വന്ന് രാത്രി തിരിച്ചുപോകാന്‍ ഇടമില്ല. എന്തു ചെയ്യും. പെണ്‍കുട്ടികള്‍ രാത്രി ന്യൂസ് എഡിറ്ററെ വിളിച്ചു. അദ്ദേഹം ഫോണ്‍ എടുത്തില്ല. ഡെപ്യൂട്ടി ന്യൂസ് എഡിറ്ററെ വിളിച്ചു; അദ്ദേഹവും വിളി കേട്ടില്ല. നിവൃത്തിയില്ലാതെ ഒടുവില്‍ സാക്ഷാല്‍ മാനേജിങ് ഡയറക്ടറെത്തന്നെ വിളിച്ചു. അദ്ദേഹം ഭാഗ്യവശാല്‍ വിളി കേട്ടു. അപ്പോള്‍ത്തന്നെ പകരം താമസസൗകര്യം ഏര്‍പ്പെടുത്താമെന്ന് ഉറപ്പു നല്‍കുകയും അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അങ്ങനെ പെണ്‍കുട്ടികള്‍ക്ക് പാര്‍ക്കാന്‍ മുറി കിട്ടി. അല്‍പം സൗകര്യം കൂടിയ ഇടത്തായിപ്പോയെന്നു മാത്രം. നഗരത്തിലെ പ്രസിദ്ധമായ ഒരു ബാറിന്റെ മുകളിലുള്ള മുറി. നല്ല സ്ഥലം. രാത്രി വൈകി ഡ്യൂട്ടി കഴിഞ്ഞ് ബാറിന്റെ ഗേറ്റ് കടന്ന് അകത്തു കയറിയപ്പോള്‍ത്തന്നെ സഹൃദയരായ കുടിയന്‍മാര്‍ ഉരുവിട്ട, മനസ്സിന് സുഖം തരുന്ന കമന്റുകള്‍ പെണ്‍കുട്ടികളെ ആഹ്‌ളാദിപ്പിച്ചു. പലരും ബീയര്‍ വാഗ്ദാനം ചെയ്തത് കേട്ടില്ലെന്നു നടിച്ച് അവര്‍ പരുങ്ങലോടെ ബാറിന്റെ ഭാഗം പിന്നിട്ട് മുകളിലേക്ക് കയറിപ്പോയി. പുരുഷകേസരികള്‍ വിടുമോ… അവര്‍ പെണ്‍കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ അവരുടെ മുറിക്കു മുന്നില്‍ കവാത്ത് തുടങ്ങി. മുറിക്കകത്തു നിന്ന് കേള്‍ക്കാമായിരുന്നു, പുറത്തെ ആതിഥ്യമര്യാദക്കാരുടെ ഔദാര്യപൂര്‍വ്വമുള്ള ക്ഷണിക്കലും വാഗ്ദാനങ്ങളും.
എങ്ങനെയോ രാത്രി കഴിച്ചുകൂട്ടിയ പെണ്‍കുട്ടികള്‍ക്ക് പിറ്റേന്ന് മാനേജ്‌മെന്റ് ഏര്‍പ്പാടാക്കിയ മറ്റൊരു പാര്‍പ്പിടത്തിലേക്ക് മാറ്റം കിട്ടി. പക്ഷേ മാനേജിങ് ഡയറക്ടര്‍ കാണിച്ച സൗമനസ്യം പോലും കാണിക്കാന്‍ അതിനു താഴെയുള്ള പുണ്യാളന്‍മാര്‍ തയ്യാറായില്ല. ഇത്രയും നല്ല ന്യൂ ജനറേഷന്‍ ആനന്ദകേന്ദ്രത്തില്‍ മനോഹരമായ ഒരു രാത്രി പാര്‍ത്തിട്ടും അതിന് നന്ദി പറയേണ്ടതിനു പകരം അതിനെക്കുറിച്ച് ചോദ്യം ചെയ്യുകയോ…. പൊറുക്കാനാവാത്ത അപരാധം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പ്രഖ്യാപിച്ചു. തീരുമാനവും ഉടനെ അദ്ദേഹം പറഞ്ഞു. ഇനി തല്‍ക്കാലം നിങ്ങള്‍ക്ക് മൂന്നു പേര്‍ക്കും പണിയില്ല. ഇനി ആവശ്യമുണ്ടാകുമ്പോള്‍ വിളിക്കാം. ഇപ്പോള്‍ പോയ്‌ക്കോളു..ട്ടോ. ഇനി, ഈ ചാനല്‍ ഏതെന്നല്ലേ… സാക്ഷാല്‍ ജീവന്‍ ടി.വി.
ഇപ്പോ ഇങ്ങനെയാണ് നടപടികള്‍. നിയമന ഉത്തരവ് രേഖാമൂലം കയ്യില്‍ക്കിട്ടിയ ജീവനക്കാരനെ ജോലിയില്‍ നിന്നും പറഞ്ഞു വിടാന്‍ കമ്പനിക്ക് ഒരു തുണ്ട് കടലാസ് പോലും വേണ്ട. ഓര്‍ഡര്‍ എല്ലാം വാക്കാലാണ്. നടപടിക്രമമെല്ലാം സിംപിള്‍ ആണ്. ചുമ്മാ അങ്ങ് പറഞ്ഞുവിടാം. അപ്പോള്‍ പല മാസങ്ങളിലെ ശമ്പളമൊന്നും കൊടുത്തിട്ടുണ്ടാകില്ല. അത് ഇനി കൊടുക്കാതെയും കഴിഞ്ഞു. പറഞ്ഞുവിടപ്പെടുന്നവര്‍ പുലിവാലിനൊന്നും പോകാതെ പെണ്‍കുട്ടികളെ ജോലിക്കു വെച്ചാല്‍ ഇതാണ് ഗുണം!! മിണ്ടാതെ പോയ്‌ക്കോളും.
കേരളത്തിലെ നാലഞ്ച് ചാനലുകളൊഴികെ മറ്റു സ്ഥാപനങ്ങളില്‍ ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിന്റെ ഒരു ദൃഷ്ടാന്തമാണ് മുകളില്‍ വിവരിച്ചത്. ദൃശ്യമാധ്യമത്തൊഴിലാളികള്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. പല സ്ഥാപനങ്ങളും മാസങ്ങളായി വേതനം നല്‍കാറില്ല. വലിയ ശമ്പള വാഗ്ദാനങ്ങള്‍ നല്‍കി വിളിച്ചുവരുത്തിയിട്ട് ചില്ലിക്കാശ് പോലും കിട്ടാതെ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍. അവര്‍ പലരും പലയിടത്തായി നേരത്തെ ശമ്പളം കുറവെങ്കിലും സുരക്ഷിതരായി ജോലി ചെയ്യുന്നവരായിരുന്നു. കൂടുതല്‍ വേതനം എന്നത് ആരെയാണ് ആകര്‍ഷിക്കാതിരിക്കുക..!! ഒടുവില്‍ എത്തിപ്പെടുന്നിടത്ത് വേതനം കിട്ടാതായാലും, കുടുംബത്തിലും നാട്ടിലും ഉണ്ടാകുന്ന അഭിമാനക്ഷതവും ജോലിയില്ലാത്ത വ്യക്തിക്ക് സമൂഹത്തില്‍ നേരിടേണ്ടിവരുന്ന വിലക്കുറവും ഓര്‍ത്ത്, കൂലിയില്ലെങ്കിലും ജോലി തുടരാന്‍ നിര്‍ബന്ധിതരാവുന്നു.
ഇന്ന് കേരളത്തില്‍ അസംഘടിത മേഖലയില്‍പ്പോലും നിലനില്‍ക്കുന്ന കൂലി വ്യവസ്ഥ മാധ്യമപ്രവര്‍ത്തകരുടെതുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കേണ്ടതാണ്. രാവിലെ ഒന്‍പതിന് ജോലിക്കെത്തി വൈകീട്ട് 4.30ന് പണി അവസാനിപ്പിക്കുന്ന ഒരു അവിദഗ്ധ തൊഴിലാളിക്കു പോലും കുറഞ്ഞത് 600 രൂപ കൊടുക്കണം. ഇല്ലെങ്കില്‍ പിറ്റേ ദിവസം ജോലിക്ക് വരില്ല. ആ സ്ഥിതി ഉള്ളിടത്താണ് പ്രതിദിനം 300 രൂപ പോലും വേതനമില്ലാതെ മാധ്യമസ്ഥാപനങ്ങളില്‍ ധാരാളം ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നത്. അതാവട്ടെ മാസങ്ങളായി കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. നേരത്തെ വിവരിച്ച വാര്‍ത്താചാനലിലെ പറഞ്ഞുവിടപ്പെട്ട ജേര്‍ണലിസ്റ്റുകള്‍ക്ക് നിശ്ചയിക്കപ്പെട്ട വേതനം തന്നെ പ്രതിമാസം 8000 രൂപയാണ്. മൂന്നു മാസമായി ഇവര്‍ക്ക് വേതനം ലഭിച്ചിട്ട് എന്നു പറയുന്നു.
ശമ്പളം തുടര്‍ച്ചയായി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ടി.വി. ന്യൂ എന്ന ടെലിവിഷന്‍ ചാനലിലെ ജീവനക്കാര്‍ രംഗത്തെത്തിയത് സഹികെട്ടാണ്. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉടമസ്ഥത കൊട്ടിഘോഷിച്ച് ആരംഭിച്ച ഈ ചാനല്‍ ആകര്‍ഷകമായ വേതനം വാഗ്ദാനം ചെയ്താണ് ജീവനക്കാരെ നിയമിച്ചത്. സി.എന്‍.എന്‍ഐ.ബി.എന്‍. ചാനലിന്റെ നിലവാരത്തിലുള്ള ചാനലാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു അതിന്റെ പ്രൊജക്ട് റിപ്പോര്‍ട്ടിലും ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളിലും ഉടമസ്ഥര്‍ അടിവരയിട്ടു പറഞ്ഞിരുന്നത്. അതിനനുസരിച്ച് നൂറോളം അത്യാധുനിക ക്യാമറകള്‍ ഉള്‍പ്പെടെ, രണ്ട് ചാനലുകള്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഫ്‌ളോര്‍ ഉള്‍പ്പെടെ സംവിധാനങ്ങളും വന്‍ തുക ചെലവാക്കി ഒരുക്കി. എന്നാല്‍ തുടക്കത്തിലേ കെടുകാര്യസ്ഥതയായിരുന്നു ഈ സ്ഥാപനത്തെ ഇന്നത്തെ നിലയില്‍ അധ:പതിപ്പിച്ചത്. അനാവശ്യമായ അതിഭാവനകള്‍ യാഥാര്‍ഥ്യത്തിന്റെ കോട്ടയില്‍ത്തട്ടി തകര്‍ന്നു പോയപ്പോള്‍, ഉടമസ്ഥ സംഘത്തിന് ആദ്യമുള്ള ആവേശമൊക്കെയങ്ങ് അപ്രത്യക്ഷമായി. ഉണ്ടാക്കിവെച്ച സംവിധാനങ്ങള്‍ പലതും പാഴ്‌ച്ചെലവായി. തൊഴിലാളികളുടെ ശമ്പളം തുടര്‍ച്ചയായി മുടങ്ങി. ആരംഭിച്ച് ഏതാനും മാസം പിന്നിട്ടപ്പോള്‍ത്തന്നെ സ്ഥാപനത്തില്‍ ജീവനക്കാര്‍ സമരം തുടങ്ങി. ചാനല്‍ അടച്ചിട്ടു. സമരത്തിനൊടുവില്‍ പ്രമുഖ ട്രേഡ് യൂണിയന്റെ മധ്യസ്ഥതയില്‍ കരാര്‍ ഉണ്ടാക്കി ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ശമ്പളക്കുടിശ്ശിക ഉപേക്ഷിക്കാനും ഉയര്‍ന്ന ശമ്പളക്കാരുടെ വേതനത്തില്‍ തല്‍ക്കാലം ഗണ്യമായ കുറവ് വരുത്താനും ജീവനക്കാര്‍ തയ്യാറായി. തുടര്‍ന്നുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയുമെന്ന് മാനേജ്‌മെന്റ് എഴുതി ഒപ്പിട്ടു നല്‍കി.
പക്ഷേ എല്ലാം വെള്ളത്തില്‍ വരച്ചതു പോലെയായി. 2015 സെപ്തംബര്‍ തൊട്ട് വീണ്ടും ശമ്പളം മുടങ്ങി. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ശമ്പളം കിട്ടാതായപ്പോള്‍ ജീവനക്കാര്‍ തീര്‍ത്തും സഹികെട്ടവരായി. 2016ലെ പുതുവര്‍ഷദിനം അവര്‍ക്ക് തീര്‍ത്തും ദുര്‍ദിനമായിരുന്നു. എങ്കിലും അവര്‍ ഒരിക്കലും ജോലി മുടക്കിയില്ല. കാല്‍ക്കാശ് കിട്ടാത്ത അവസ്ഥയിലും ജോലി തുടരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് ഉച്ചപ്പട്ടിണി മാറ്റാന്‍ കാശില്ലാത്തതു കാരണം ജോലിസ്ഥലത്തിനു സമീപത്തെ ക്ഷേത്രത്തില്‍ പോയി സൗജന്യഭക്ഷണം ക്യൂ നിന്ന് കഴിച്ച് വിശപ്പടക്കിയത്.ഇത്രയും പരിഹാസ്യമായ അവസ്ഥയിലെത്തിച്ചിട്ടും ചാനലിന്റെ ചെയര്‍മാനായ മുന്‍ ചേംബര്‍ ഭാരവാഹിക്കും ചില സഹചാരികള്‍ക്കും യാതൊരു കുലുക്കവും ഇല്ല.
കേരളത്തിലെ എല്ലാ മുഴുവന്‍സമയ വാര്‍ത്താ ചാനലുകളുടെയും മുന്‍ഗാമിയായ ഇന്ത്യാവിഷന്‍ ഇപ്പോള്‍ സംപ്രേഷണം മുടങ്ങിയിട്ട് ഒരു വര്‍ഷമാകാറായി. 2015 ഫിബ്രവരിയില്‍ ഇന്ത്യാവിഷനിലെ വെള്ളിവെളിച്ചം നിലയ്ക്കുമ്പോള്‍ ജീവനക്കാര്‍ക്ക് നാല് മാസത്തെ ശമ്പളം കൊടുക്കാന്‍ ഉണ്ടായിരുന്നു. സംപ്രേഷണം നിര്‍ത്തിയെങ്കിലും ജീവനക്കാരെ നിയമാനുസൃതം ആനുകൂല്യങ്ങള്‍ കൊടുത്ത് പിരിച്ചവിടുകയോ ജീവനാംശം കൊടുത്ത് നിലിര്‍ത്തുകയോ ചെയ്യാതെ ത്രിശങ്കുവിലാക്കി നിര്‍ത്തുകയായിരുന്നു. കേരളത്തിലെ സാമൂഹികനീതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഇന്ത്യാവിഷന്‍ ചെയര്‍മാന്‍. അദ്ദേഹം കാണിക്കുന്ന അനീതിക്ക് ആര് ഉത്തരം പറയും. ചാനല്‍ നാളെത്തുറക്കും മറ്റന്നാള്‍ തുറക്കും എന്നിങ്ങനെ എത്രയോ തവണയായി ചെയര്‍മാന്‍ ജീവനക്കാരെ മോഹിപ്പിക്കുന്നു. എന്നാല്‍ തുറക്കല്‍ മാത്രം നടക്കുന്നില്ല. ചെയര്‍മാന്റെ വാക്ക് വിശ്വസിച്ച് ഇപ്പൊഴും ഏറെ ജീവനക്കാര്‍ ഇവിടെ വെയിലത്തും മഴയത്തും ഗതിയില്ലാതെ നടക്കുന്നുണ്ട്. ഗത്യന്തരമില്ലാതെ ഒട്ടേറെ പേര്‍ പല പണികള്‍ ചെയ്ത് വീട് പുലര്‍ത്തുന്നു. ചാനല്‍ തുറന്നാല്‍ തിരിച്ചുകയറാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍. ചാനല്‍ ചെയര്‍മാനായ മന്ത്രി എപ്പോഴും പറയുന്നുനാളെ നാളെ…നാളെ…!
റിപ്പോര്‍ട്ടര്‍ ചാനലിലും ശമ്പളപ്രശ്‌നം രൂക്ഷമാണ്. വേതനം കിട്ടാതെ ഡല്‍ഹി ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന അരുണ്‍ എന്ന റിപ്പോര്‍ട്ടര്‍ ശമ്പളം തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് നിഷേധാത്മക മറുപടി. പാവം റിപ്പോര്‍ട്ടര്‍ പയ്യന്‍ ഇക്കാര്യം തന്റെ മാധ്യമസുഹൃത്തുക്കള്‍ മാത്രമുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ ഇട്ടു. ഇത് എങ്ങനെയോ ഏതോ ഓണ്‍ലൈന്‍ സൈറ്റില്‍ വാര്‍ത്തയായി. ഉടനെ കിട്ടി അരുണിന് ഷോ കോസ് നോട്ടീസ്. വാര്‍ത്ത വന്നത് ചാനലിന് വന്‍ നാണക്കേടായത്രേ. ഓണ്‍ലൈന്‍ സൈറ്റില്‍ വന്ന വാര്‍ത്ത അരുണ്‍ ഇടപെട്ട് എടുത്തുമാറ്റണമത്രേ. ഇല്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ കത്ത്. ഇവിടെ മൂന്ന് രസകരമായ കാര്യങ്ങളുണ്ട്. ഒന്ന്, ആരാന്റെ കിടപ്പറവാര്‍ത്തകള്‍ പോലും ചോര്‍ത്തി പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്യുന്ന ചാനല്‍ തലവന്‍മാര്‍ക്ക് ഈ പണി മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തോന്നുന്ന കലിപ്പ്. രണ്ട്, വാര്‍ത്ത ശരിയല്ലെങ്കില്‍ ഓണ്‍ലൈന്‍ സൈറ്റിനെതിരെ മാനനഷ്ടക്കേസ്സ് കൊടുക്കാത്തത്. മൂന്ന്, നാണക്കേടുണ്ടാക്കുന്ന പണി ചാനല്‍ തന്നെ അങ്ങ് അവസാനിപ്പിച്ചാല്‍ പോരേ എന്നത്. മൂന്നിനും ഉത്തരമുണ്ടാവില്ല.
എന്തുകൊണ്ട് വേതനമില്ലാതെ ജോലി ചെയ്യിക്കാന്‍ കേരളത്തിലെ മാധ്യമ മാനേജ്‌മെന്റുകള്‍ക്ക് സാധിക്കുന്നു എന്നത് പരിശോധിക്കുമ്പോഴാണ് ഇവിടെ നിലനില്‍ക്കുന്ന തൊഴില്‍സേനാ ബാഹുല്യമാണ് അതില്‍ പ്രധാന പങ്കു വഹിക്കുന്നത് എന്ന യാഥാര്‍ഥ്യം തെളിയുന്നത്. കേരളത്തിനകത്തും സമീപ സംസ്ഥാനങ്ങളിലുമുള്ള ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നായി പ്രതിവര്‍ഷം ഇരുനൂറ് പേരെങ്കിലും മാധ്യമപ്രവര്‍ത്തന യോഗ്യതാബിരുദങ്ങള്‍ നേടി പുറത്ത് വരുന്നുണ്ട്. ഇവര്‍ക്കു മുഴുവന്‍ തൊഴില്‍ ലഭിക്കാന്‍ സാഹചര്യമെവിടെ. പഠിച്ചിറങ്ങി വെറുതെയിരിക്കാന്‍ ആരും ആഗ്രഹിക്കാത്തതിനാല്‍ ഏതെങ്കിലും ഇടത്ത് കയറിക്കൂടുന്നു. വേതനം മുടങ്ങിയാലും ഇറങ്ങിപ്പോകാന്‍ പലരും വിമുഖരായിത്തീരുന്നു. ഇറങ്ങിപ്പോയിട്ട് എവിടേക്കു പോകും. ഈയിടെ ജീവന്‍ ടി.വിയില്‍ നിന്നും പോയ ഒരു പെണ്‍കുട്ടി പറഞ്ഞത് വേതനം കിട്ടിയില്ലെങ്കിലും നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ പറഞ്ഞു നില്‍ക്കാനുള്ള ഒരു മറ ആണല്ലോ ഇത്തരം താവളങ്ങള്‍ എന്നാണ്. ഈ നിസ്സഹായതയാണ് കേരളത്തിലെ ദൃശ്യചാനല്‍ ഉടമകള്‍ ഉപയോഗപ്പെടുത്തുന്നത്. കുറേക്കാലം കൂലി കൊടുക്കാതെ ജോലി ചെയ്ത് മടുത്ത് പോകുന്നവര്‍ക്കു പകരം പുതിയ ഇരകള്‍ ഉറപ്പായും കടന്നു വരും. അവര്‍ പോയാലും പിന്നീടും വരിവരിയായി ആള്‍ക്കാരുണ്ടാവും. ഇങ്ങനെ ട്രെയിനിങ്, പ്രൊബേഷന്‍, എക്‌സ്‌ടെന്‍ഷന്‍ എന്നിങ്ങനെ ഓമനപ്പേരിട്ട് നീട്ടി നീട്ടി കൊണ്ടുപോകാം. കാല്‍ കാശ് കൊടുക്കാതെ ചാനലും പത്രവും ഓടിച്ചു പോകാം. കൂലി വേണമെന്നു ചോദിച്ചാല്‍ ഏതു ഉടമയുടെയും മറുപടി ഒരേ അച്ചിലിട്ട പോലെയായിരിക്കും താല്‍പര്യമില്ലെങ്കില്‍ പോയ്‌ക്കോ. ഇവിടെ ഇങ്ങനൊക്കെയാ. ഇഷ്ടമില്ലെങ്കില്‍ വിട്ടു പോയ്‌ക്കോ.
ഉടമകളുടെ കങ്കാണികളായ ഉയര്‍ന്ന പദവിയിലുള്ള തൊഴിലാളികളെക്കൊണ്ടാണിത് പറയിപ്പിക്കുന്നത് എന്ന വൈരുദ്ധ്യമുള്ളത് ഇരിക്കട്ടെ, പിരിച്ചുവിടാനോ പട്ടിണിക്കിടാനോ ഒരു മനസ്സാക്ഷിക്കുത്തും ഇല്ല എന്നതും വിചിത്രമാണ്. എന്തൊരു അരാജകത്വമാണ് ഈ മേഖലയില്‍ എന്ന് അറിയുമ്പോള്‍ നടുങ്ങിപ്പോകും. എന്നാല്‍ ഇതൊന്നും പുറത്തുവരാറില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ചൂഷണം അരങ്ങേറുന്നതും എന്നാല്‍ അതേപ്പറ്റി ഒരു വിവരവും പുറത്തു വരാതിരിക്കാന്‍ തൊഴിലുടമകള്‍ ഏറ്റവുമധികം ശ്രമിക്കുന്നതും മാധ്യമത്തൊഴില്‍ മേഖലയിലാണ് എന്നത് പറയാതെ വയ്യ. മിണ്ടിപ്പോയാല്‍ പിരിച്ചുവിടലായി, നാടുകടത്തലായി, തരംതാഴ്ത്തലായി ഇങ്ങനെ നാനാവിധ നടപടികള്‍.
ബി.എഡ്, ടി.ടി.സി. പഠനകേന്ദ്രങ്ങള്‍ ഇടയ്ക്ക് അടച്ചിടുന്നതു പോലെ കുറച്ചു വര്‍ഷത്തേക്ക് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കേരളത്തിലെ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സാധ്യതകള്‍ അടയുന്ന തൊഴില്‍മേഖലയിലേക്ക് പ്രതീക്ഷകളോടെ വരുന്നവര്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്. പുറത്തു നില്‍ക്കുന്ന തൊഴില്‍പ്പടയുടെ എണ്ണം കൂടുന്തോറും ഉടമകളുടെ ചൂഷണസാധ്യതയും കൂടുകയാണ്. ഇത് അവസാനിച്ചേ തീരു. അപ്പൊഴേ നല്ല മാധ്യമ പ്രവര്‍ത്തനവും സൃഷ്ടിക്കപ്പെടുകയും ചെയ്യുകയുള്ളു.
കേരളം ഒരു സമ്പൂര്‍ണ മാര്‍ക്കറ്റ് ആയി മാറിയിരിക്കാമെങ്കിലും ഇത്രയും പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പ്രവര്‍ത്തിക്കാനാവശ്യമായ മാര്‍ക്കറ്റ് സ്‌പേസ് യഥാര്‍ഥത്തിലുണ്ടോ എന്നും ഇത്രയധികം വായനാകാണി സമൂഹം ഓരോരുത്തര്‍ക്കും ലഭ്യമാണോ എന്നും ഇനിയെങ്കിലും പുതുതായി ഇപ്പണിക്കിറങ്ങുന്നവര്‍ സത്യസന്ധമായി വിലയിരുത്തുന്നതും നല്ലതായിരിക്കും. വായനാകാണി സമൂഹത്തിന്റെ വ്യാപ്തിയാണല്ലോ പരസ്യം ലഭിക്കാനും വരുമാനവര്‍ധനയ്ക്കും മാനദണ്ഡം. പരസ്പര മല്‍സരത്തിലൂടെ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ തക്ക പ്രഹരശേഷി തങ്ങള്‍ക്ക് ഉണ്ടാവുമോ എന്ന് പുതുതായി രംഗത്തു വരുന്ന ഓരോ മാധ്യമഉടമയും ചിന്തിക്കാത്തതെന്ത്. സ്വന്തം ബിസിനസ് ഭംഗിയായി നടക്കാനും നടത്താനും ഇരിക്കട്ടെ ഒരു പത്രവും ചാനലും എന്ന രീതിയില്‍ കാണുന്നവരാണ് ഇന്ന് ഈ രംഗത്ത് നില്‍ക്കുന്നവരില്‍ ചിലര്‍. അവര്‍ക്ക് മേല്‍പ്പറഞ്ഞ തൊഴിലില്ലാപ്പടയെ ഉപയോഗിച്ച് ഉപായത്തില്‍ ഇതൊക്കെ നടത്തി നീക്കി കൊണ്ടുപോകാനാണ് താല്‍പര്യം. കെട്ടിടത്തിന്റെ ഇല്ലാത്ത 12ാം നില വില്‍പന നടത്തി ദശലക്ഷങ്ങള്‍ തട്ടിയതിന് കേസ് നേരിടുന്ന വ്യക്തി ഉള്‍പ്പെടെ ചാനല്‍ നടത്തുന്ന ഇന്നാട്ടില്‍ പ്രത്യേകിച്ചും.