കോണ്‍ നേതാവ്‌ കൂറുമാറി; ചപ്പാരപ്പടവ്‌ ഭരണം എല്‍.ഡി.എഫ്‌ പിടിച്ചെടുത്തു

കണ്ണൂര്‍: ചപ്പാരപ്പടവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ അട്ടിമറി ജയം. യു.ഡി.എഫിന്‌ പത്തും എല്‍.ഡി.എഫിന്‌ എട്ടും അംഗങ്ങളുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഐ വിഭാഗം നേതാവ്‌ കൂറുമാറിയതോടെയാണ്‌ പഞ്ചായത്ത്‌ ഭരണം എല്‍.ഡി.എഫിന്‌ ലഭിച്ചത്‌. ആറാം വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ സജി ഓതറ അവസാന നിമിഷം എല്‍.ഡി.എഫില്‍ ചേരുകയും എല്‍.ഡി.എഫ്‌ സജിയെ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.ഇരുമുന്നണികള്‍ക്കും ഒമ്പത്‌ അംഗങ്ങള്‍ വീതം വോട്ട്‌ ചെയ്‌തതിനെ തുടര്‍ന്നു നറുക്കെടുപ്പില്‍ സജി ഓതറ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഏഴാം വാര്‍ഡില്‍ നിന്നും വിജയിച്ച യു.ഡി.എഫിലെ പി.ജെ. മാത്യുവാണ്‌ എതിര്‍സ്‌ഥാനാര്‍ഥിയായത്‌. എല്‍.ഡി.എഫിലെ മനു തോമസാണ്‌ സജി ഓതറയുടെപേര്‌ നിര്‍ദ്ദേശിച്ചത്‌. സി.പി.എമ്മിലെ ജയിംസ്‌ പുറപ്പൂക്കര പിന്താങ്ങി. തുടര്‍ന്നാണ്‌ വോട്ടെടുപ്പും നറുക്കെടുപ്പും നടന്നത്‌. ചപ്പാരപ്പടവ്‌ പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ ഐ എ വിഭാഗം തമ്മില്‍ തര്‍ക്കം
നിലവിലുണ്ടായിരുന്നു. രണ്ടര വര്‍ഷം വീതം കോണ്‍ഗ്രസും ലീഗും പ്രസിഡന്റ്‌ സ്‌ഥാനം വീതിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ്‌ പുതിയ സംഭവവികാസം ഉടലെടുത്തതും എല്‍.ഡി.എഫ്‌ ഭരണത്തിലെത്തിയതും. യു.ഡി.എഫ്‌ വിപ്പ്‌ ലംഘിച്ച സജി ഓതറയ്‌ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍ അറിയിച്ചു.

Top