പ്രണയം നടിച്ച് വഞ്ചിച്ച യുവാവിന്‍റെ വീട്ടിന് മുന്നില്‍ പെണ്‍കുട്ടിയുടെ പ്രതിഷേധം; യുവാവ് ഓടി രക്ഷപ്പെട്ടു  

 

 

ലഖ്‌നൗ :പ്രണയം നടിച്ച് വഞ്ചിച്ച യുവാവിന്റെ വീട്ടിന് മുന്നില്‍ തന്നെ കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അര്‍ദ്ധ രാത്രി കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിന് അടുത്ത് ഷാജഹാന്‍പുരയിലാണ് ഞായറാഴ്ച രാത്രി ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ അമ്മയെയും കൂട്ടിയാണ് പെണ്‍കുട്ടി യുവാവിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടി ഇയാളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനിടയില്‍ വീട്ടുകാര്‍ മറ്റൊരു യുവാവിനെ കൊണ്ട് പെണ്‍കുട്ടിയുടെ വിവാഹം കഴിപ്പിച്ചിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാമുകന്റെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടി ഭര്‍ത്താവിനെ ഉപേക്ഷിക്കുകയും ഇയാളോടൊപ്പം പോവുകയും ചെയ്തു. പിന്നീട് ഒരു മാസത്തോളം തങ്ങള്‍ നഗരത്തിലെ ഒരു വാടക വീട്ടില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞുവെന്നും പെണ്‍കുട്ടി പറയുന്നു. കല്യാണം കഴിക്കാമെന്ന് ഉറപ്പ് നല്‍കി തന്നെ ശാരീരികമായി ഉപയോഗിച്ചതായും ഇതിന് ശേഷം യുവാവ് തന്നെ തനിച്ചാക്കി കടന്നു കളഞ്ഞതായും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ ബഹളം കാരണം നാട്ടുകാര്‍ ഓടിക്കൂടിയതോടെ യുവാവിന്റെ വീട്ടുകാര്‍ അപമാന ഭാരം കാരണം പുറം വാതില്‍ അടച്ച് പുറക് വശത്തോട് കൂടി രക്ഷപ്പെട്ടു. നേരത്തെ യുവാവ് ജോലി ചെയ്യുന്ന കടയിലേക്ക് അമ്മയേയും കൂട്ടി പെണ്‍കുട്ടി പോയിരുന്നെങ്കിലും ആള്‍ക്കൂട്ടം ഒത്തുകൂടിയതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

Top