ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരണ. ഡൽഹി എകെജി ഭവനിൽചേർന്ന സിപിഎം, സിപിഐ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയമാണ് പ്രധാനം. കെ.എം.മാണിയെ സഹകരിപ്പിക്കുന്നത് വിജയം ഉറപ്പിക്കുമെങ്കിൽ അത് ചെയ്യണം. ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കളാണു തീരുമാനം കൈക്കൊള്ളേണ്ടത്. അന്തിമതീരുമാനം കേരളത്തിൽനിന്നുണ്ടാകണം എന്നിങ്ങനെയാണ് സിപിഐ, സിപിഎം നേതൃയോഗത്തിൽ ഉയർന്ന ധാരണ. കെ.എം.മാണിയെയും കേരള കോണ്‍ഗ്രസിനെയും ഏതുവിധത്തിൽ സഹകരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വങ്ങൾക്കു തീരുമാനിക്കാമെന്നും നേതൃയോഗത്തിൽ ധാരണയായി.
മാണിയെ എൽഡിഎഫിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിലും, എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആരുടെയും വോട്ട് വാങ്ങുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
അതേസമയം കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തിൽ സിപിഐ നിലപാടിൽ മാറ്റമില്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു . ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ മാണിയുടെ ആവശ്യമില്ലെന്നും മാണിയില്ലാതെ മുന്പും എൽഡിഎഫ് വിജയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കിയിരുന്നു . ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരയായെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തിൽ സിപിഐ കൈക്കൊണ്ടിട്ടുള്ള നിലപാടിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ വിജയിക്കാൻ കേരള കോണ്‍ഗ്രസിന്‍റെയും കെ.എം.മാണിയുടെയും ആവശ്യമില്ല. മാണിയുടെ പിന്തുണയില്ലാതെ എൽഡിഎഫ് സ്ഥാനാർഥികൾ മുന്പും വിജയിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ എൽഡിഎഫ് ഭരണംകൊണ്ട് സ്ഥിതി മാറിയിട്ടില്ല- കാനം പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്ന വിഷയത്തിൽ കേന്ദ്രനേതൃത്വം തീരുമാനമെടുത്തിട്ടില്ലെന്നും കാനം വ്യക്തമാക്കി.നേരത്തെ, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരണയായെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡൽഹി എകെജി ഭവനിൽചേർന്ന സിപിഎം, സിപിഐ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.