കൊച്ചി:കേരള പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനം ക്രമവത്കരിക്കല്‍ ബില്ല് നിയമസഭ പാസാക്കി. കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ 18 സീറ്റുകളിലെ പ്രവേശനം ക്രമപ്പെടുത്തി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ആണ് ബില്ല് പാസാക്കിയത്.
എന്നാല്‍ കരുണ വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രമം സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാനെന്ന് വിടി ബല്‍റാം നിയമസഭയില്‍ പറഞ്ഞു. ബില്ല് നിയമ വിരുദ്ധവും ദുരുപദേശപരവും ആണെന്നും ഇത് അഴിമതിക്ക് വഴി ഒരുക്കുമെന്ന് ബല്‍റാം പറഞ്ഞു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ബില്ലില്‍ ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് ബല്‍റാമിന് ആരോഗ്യ മന്ത്രി മറുപടി നല്‍കി. ബില്ലിന്റെ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ മാത്രമാണെന്നും വിടി ബല്‍റാമിന്റെ ക്രമപ്രശ്‌നം നിലനില്‍ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.അതേസമയം ക്രമപ്രശ്‌നമുന്നയിച്ച ബല്‍റാമിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന അവസ്ഥയിലാണ് ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
കോടതിയും മാധ്യമങ്ങളും വസ്തുത മനസ്സിലാക്കി എന്ന് കരുതുന്നില്ല. കുട്ടികളുടെ ഭാവിയെ അടിസ്ഥാനമാക്കി മാത്രമാണ് തീരുമാനം. പ്രതിപക്ഷവും സര്‍ക്കാറും തമ്മിലുള്ള ഒത്തുകളി അല്ല ഇത്. പരിഗണിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഭാവിയെന്നും പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ബില്ല് പാസാക്കിയതിന് മാധ്യമ വിമര്‍ശനമുണ്ടായെന്നും ചെന്നിത്തല പറഞ്ഞു.