തിരുവനന്തപുരം: ജനസംഘം നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ വിദ്യാര്‍ത്ഥികളെയും കേള്‍പ്പിക്കാന്‍ സൗകര്യങ്ങളൊരുക്കണമെന്ന് സര്‍വ്വകലാശാലകള്‍ക്കും, കോളജുകള്‍ക്കും യു ജി സിയും, ഐ ഐ സി ടി യും നല്കിയ കര്‍ശന നിര്‍ദേശം നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാറിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നാളെ( തിങ്കളാഴ്ച) നടക്കുന്ന ദീനദയാല്‍ ഉപാധ്യായ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം ഇന്ത്യയിലെ എല്ലാ കോളുജുകളിലെയും, സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായും കേള്‍പ്പിക്കാനുളള നിര്‍ദേശമാണ് യു ജി സിയും ഐ ഐ സി ടിയും നല്‍കിയിരിക്കുന്നത്. ഇതിനായി ടി വി / പ്രൊജക്റ്റര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണമെന്നും യു ജി സി സര്‍ക്കുലറില്‍ പറയുന്നു.
ഇന്ത്യയില്‍ മഹാന്മാരായ അനവധി ദേശീയ നേതാക്കളുടെ ജന്മശതാബ്ദി ആഘോഷ ചടങ്ങുകളില്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുകയും, പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. . എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും കേള്‍പ്പിക്കണമെന്നാവശ്യപ്പെട്ട് യു ജി സി സര്‍ക്കുലര്‍ ഇറക്കുന്നത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. അത് കൊണ്ടാണ് ബംഗാളില്‍ ഇത് കേള്‍പ്പിക്കാന്‍ സാധ്യമല്ലന്ന നിലപാട് മമത ബാനമര്ജി ധൈര്യപൂര്‍വ്വം എടുത്തത്. രാജ്യത്തിന് വേണ്ടി വലിയ സംഭാവനകള്‍ നല്കിയ നമ്മുടെ ദേശീയ നേതാക്കളെ തമസ്കരിക്കാനും, പുതിയ ചിലയാളുകളെ ദേശീയ നേതാക്കളായി വാഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, മൗലാന അബുള്‍ കലാം ആസാദ്, തുടങ്ങിയ ഉന്നതരായ ദേശീയ നേതാക്കളുടെ സ്മരണകളുയര്‍ത്തുന്ന പരിപാടികള്‍ പോലും സംഘടിപ്പിക്കാന്‍ മടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആര് എസ് എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷവേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യമുഴുവന്‍ കേള്‍പ്പിക്കണമെന്ന നിര്‍ദേശം സര്വ്വകലാശാവലകള്ക്ക് നല്‍കുന്നത് ചരിത്രത്തെ തമസ്കരിക്കാനുള്ള ഹീന തന്ത്രത്തിന്റെ ഭാഗമായാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.