
കൊച്ചി: കഴിഞ്ഞ ഒരാഴ്ചയായി കോൺഗ്രസിന് ആശ്വാസം നൽകുന്ന വാർത്തകളാണ് തിരുവനന്തപുരത്തു നിന്നും പുറത്ത് വരുന്നത്. രണ്ടു പതിറ്റാണ്ട് മുൻപ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പാർട്ടി വിട്ട യുവതുർക്കി ചെറിയാൻ ഫിലിപ്പ് വീണ്ടും പഴയ പാളയത്തിലേയ്ക്കു മടങ്ങിയെത്തുകയാണ്. ഇന്ന് എ.കെ ആന്റണിയുടെ കൈപിടിച്ചാണ് ചെറിയാൻ ഫിലിപ്പ് പാർട്ടിയുടെ മടയിലേയ്ക്കു മടങ്ങിയെത്താനൊരുങ്ങുന്നത്. ഇതിനിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ചെറിയാന്റെ പഴയ ഒരു അഭിമുഖത്തിന്റെ തലക്കെട്ടാണ്.
ആന്റണിയും ഉമ്മൻചാണ്ടിയും യുവാക്കളെ കുരുതികൊടുത്തു എന്ന തലക്കെട്ടിൽ മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച അഭിമുഖമാണ് കോൺഗ്രസിലെ ഒരു വിഭാഗവും സി.പിഎമ്മും ഒരു പോലെ പ്രചരിപ്പിക്കുന്നത്. ഉമ്മൻചാണ്ടി തീർത്തും ദുർബലനായ കോൺഗ്രസിൽ, ഇന്ന് ആന്റണിയും അത്ര അനഭിമതനല്ല. ഈ സാഹചര്യത്തിലാണ് ഇരുവരോടും കലഹിച്ച് പാർട്ടി വിട്ട ചെറിയാൻ ഫിലിപ്പ് ഇവരുടെ തന്നെ കൈപിടിച്ച് തിരികെ പാർട്ടിയിൽ എത്തുന്നത് ചർച്ചയായിരിക്കുന്നത്.
2001 ഏപ്രിൽ 13 ന് പുറത്തിറങ്ങിയ സമകാലിക മലയാളം വാരികയിലാണ് ചെറിയാൻ ഫിലിപ്പ് ആന്റണിയ്ക്കും ഉമ്മൻചാണ്ടിയ്ക്കുമെതിരെ പൊട്ടിത്തെറിച്ചിരിക്കുന്നത്. ആന്റണിയുടെ മുഖ്യമന്ത്രി മോഹത്തിനെതിരെ ചെറിയാൻ ഫിലിപ്പ് എന്ന സബ് ടൈറ്റിലും വാരികയുടെ കവറിൽ തന്നെ ചേർത്തിട്ടുമുണ്ട്. ആന്റണിയുടെയും, ഉമ്മൻചാണ്ടിയുടെയും ചിരിക്കുന്ന മുഖവും, ചെറിയാൻ ഫിലിപ്പിന്റെ ചെറു പുഞ്ചിരിയോടെയെങ്കിലും ഗൗരവമുള്ളതുമായ മുഖമാണ് നൽകിയിരിക്കുന്നത്.