കെ മുരളീധരൻറെ മകനും രാഷ്ട്രീയത്തിലേക്ക്!. കെപിസിസി തലപ്പത്ത് മറ്റൊരു നേതൃപുത്രൻ കൂടി ഉടൻ എത്തും.ശബരിമലയിലും മക്കൾ രാഷ്ട്രീയത്തിലും തകരുന്ന കോൺഗ്രസ്

ഹെറാൾഡ് ന്യൂസ് ടിവി മാനേജിംഗ് എഡിറ്റർ എസ് വി പ്രദീപ് ൻറെ രാഷ്ട്രീയ അന്വേഷണ അവലോകനം.

തിരുവനന്തപുരം : കെ മുരളീധരൻ ഇനി പിന്നോട്ടില്ല. മകനെ രാഷ്ട്രീയ അങ്കത്തട്ടിൽ ഇറക്കാൻ തന്നെയാണ് തീരുമാനം. കോൺഗ്രസിൽ ഉയർന്ന തലത്തിൽ ഇനി കെ മുരളീധരൻറെ മകനും എത്തും. കെ മുരളീധരൻറെ മകൻ അരുൺ നാരായൺ ആണ് കോൺഗ്രസ് തലപ്പത്തേക്ക് ഉടൻ എത്തുന്നത്. കെപിസിസി മാധ്യമ വിഭാഗത്തിൽ ഉയർന്ന പദവി ഏറ്റെടുത്താകും കെ മുരളീധരൻറെ മകൻ അരുൺ നാരായൺ രാഷ്ട്രീയ പ്രവേശനത്തിന് ഹരിശ്രീ കുറിക്കുന്നത്.

കോൺഗ്രസ് ഔദ്യോഗിക ചാനലായ ജയ്ഹിന്ദ് ടിവിയുടെ അമരക്കാരനായി അരുൺ നാരായൺ എത്തും. ജയ്ഹിന്ദ് ടിവി അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ആകും അരുൺ നാരായൺ.

നിലവിൽ കോൺഗ്രസ് ഔദ്യോഗിക ചാനലായ ജയ്ഹിന്ദ് ടിവി തകർച്ചയുടെ വക്കിലാണ്. ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ സാധിക്കാത്ത അവസ്ഥ ഇടയ്ക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് അൽപം പച്ചപിടിച്ചെങ്കിലും കഴിഞ്ഞമാസം ജീവനക്കാർക്ക് ശമ്പളം കൃത്യസമയത്ത് നൽകാനായില്ല. ഒരാഴ്ച പിന്നിട്ട് പകുതി തുക മാത്രമാണ് ജീവനക്കാർക്ക് ശമ്പളമായി ലഭിച്ചത്.

വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ജയ്ഹിന്ദ് ടിവി എല്ലാതലത്തിലും ഉടച്ചുവാർത്ത് ശക്തിപ്പെടുത്താനാണ് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആഗ്രഹിക്കുന്നത്. ഇതിൻറെ ചുമതല കെപിസിസി പ്രചാരണവിഭാഗം തലവൻ കെ മുരളീധരന് നൽകി കഴിഞ്ഞു. കെ മുരളീധരൻറെ പഴയ ചാനലായ ജനപ്രിയയുടെ തിരുവനന്തപുരം പിഎംജി യിലുള്ള കെട്ടിടത്തിലേക്ക് ജയ്ഹിന്ദ് ടിവി യുടെ ആസ്ഥാനവും സ്റ്റുഡിയോയും മാറുകയാണ്. അതോടെ ചാനലിന് ഭരണതലത്തിലും എഡിറ്റോറിയൽ തലത്തിലും വൻ അഴിച്ചുപണി വരും. ഇതിന് മുല്ലപ്പള്ളി രാമചന്ദ്രൻറെ പച്ചക്കൊടി കെ മുരളീധരന് ലഭിച്ചുകഴിഞ്ഞും

ജയ്ഹിന്ദ് ടിവി യുടെ ഭരണതല നേതൃ ചുമതലയിലേക്ക് കെ മുരളീധരൻറെ മകൻ അരുൺ നാരായൺ എത്തും. അതുവഴി കെപിസിസി പ്രചാരണ വിഭാഗം ഉന്നതതല സമിതിയിലും കെപിസിസിയിലും ചുമല വഹിക്കാനുള്ള സാഹചര്യം ഉണ്ടാകും. അങ്ങനെ രാഷ്ട്രീയ രംഗത്തേക്ക് മകനെ ഇറക്കിക്കളിക്കാനുള്ള തീരുമാനത്തിലാണ് കെ മുരളീധരൻ.

എകെ ആൻറണിയുടെ മകൻ അനിൽ കെ ആൻറണി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായതിന് പിന്നാലെ കെ മുരളീധരൻറെ മകൻ അരുൺ നാരായൺ ജയ്ഹിന്ദ് ടിവി തലപ്പത്ത് എത്തുന്നതിന് ഏറെ മാനങ്ങൾ ആണ് വിലയിരുത്തപ്പെടുന്നത്. എകെ ആൻറണിയും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഇപ്പോൾ ഒറ്റക്കെട്ടാണ്.

കഴിവുള്ള ചുറുചുറുക്കുള്ള കൂടുതൽ ചെറുപ്പക്കാരെ കോൺഗ്രസിൻറെ പോഷകസംഘടനകളുടെ തലപ്പത്തെത്തിച്ച് സംഘടന ശക്തിപ്പെടുത്തണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിൻറെ മറവിലാണ് നേതാക്കളുടെ മക്കളെ ഇപ്പോൾ ഉയർന്ന തലങ്ങളിൽ തിരുകിക്കയറ്റുന്നത്. എന്നാൽ പ്രവർത്തന ശേഷിയുള്ള സാധാരണക്കാരായ അനുഭാവികളുടെ അവസരം നഷ്ടപ്പെടുത്തുന്ന ഒന്നായി ഈ നേതൃമക്കൾ സംവരണം മാറുന്നുവെന്ന ശക്തമായ വിമർശനവും കോൺഗ്രസിൽ ഉയർന്നുകഴിഞ്ഞു

Top