
എസ് വി പ്രദീപ്
ന്യുഡല്‍ഹി :ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. ചെറിയാന്‍ ഫിലിപ്പുമായി നേരിട്ട് സംസാരിക്കാന്‍ ഹൈക്കമാന്‍റ് തീരുമാനം. ഇതിന് അവസരം ഒരുക്കാന്‍ കെ പി സി സി പ്രസിഡന്‍റിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. ഉന്നത നേതാക്കളെ ഉള്‍പ്പെടുത്തി വിവിധതല ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും. തിരുവനന്തപുരത്തോ കോഴിക്കോട്ടോ ചെറിയാന്‍ ഫിലിപ്പിനെ ഉള്‍പ്പെടുത്തി തുടര്‍ചര്‍ച്ചയും ഹൈക്കമാന്‍റ് ലക്ഷ്യമിടുന്നു.
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മോഹന്‍ ഗോപാല്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. തുടര്‍ചര്‍ച്ചകളും മോഹന്‍ ഗോപാല്‍ നേരിട്ട് നിരീക്ഷിക്കും. ചെറിയാന്‍ ഫിലിപ്പുമായി മോഹന്‍ ഗോപാല്‍ നേരിട്ട് ആശയവിനിമയം നടത്തും. പാര്‍ട്ടി നയരൂപീകരണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായും എ കെ ആന്‍റണിയുമായും ഓരോ നിമിഷവും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മോഹന്‍ ഗോപാല്‍. ചെറിയാന്‍ ഫിലിപ്പുമായും ഇദ്ദേഹത്തിന് വളരെ അടുത്ത ബന്ധമാണുള്ളത്.
സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് എപ്പോള്‍ കേരളത്തിലെത്തിയാലും എല്ലാ സ്വകാര്യ സന്ദര്‍ശനങ്ങളിലും സോണിയ ഗാന്ധിക്ക് അകമ്പടിയായിരുന്നത് ചെറിയാന്‍ ഫിലിപ്പായിരുന്നു. ഹൈക്കമാന്‍റുമായി ചെറിയാന്‍ ഫിലിപ്പിന് ഇത്തരത്തിലുള്ള വിവിധ വൈകാരിക തലവും ചര്‍ച്ചകളിലുടനീളം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
AlsoRead :മുന്‍ കെപിസിസി സെക്രട്ടറിയും ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക്
കഴിഞ്ഞ ദിവസം എ കെ ആന്‍റണി കൂടി പങ്കെടുത്ത കൂടിയാലോചനകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം എന്നാണ് അഭിപ്രായപ്പെട്ടത്. ചെറിയാന്‍ ഫിലിപ്പ് കെ എസ് യു ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് താന്‍ ആലപ്പുഴ ജില്ലാ ട്രഷററായി പ്രവര്‍ത്തിച്ച സന്ദര്‍ഭം ചെന്നിത്തല ഓര്‍മ്മപ്പെടുത്തി. “”ചെറിയാന്‍ എന്‍റെ സ്വകാര്യ ദു:ഖം”” എന്നാണ് എ കെ ആന്‍റണി പ്രതികരിച്ചത്.കെ കരുണാകരനും കെ മുരളീധരനും തിരികെ എത്തിയ സമാനസാഹചര്യവുമായി കൂട്ടിക്കെട്ടിക്കുകയാണ് ചെറിയാന്‍ ഫിലിപ്പിന്‍റെ തിരിച്ചെടുക്കല്‍ ചര്‍ച്ചകളെ വി എം സുധീരന്‍. സംസ്ഥാനതല നേതാക്കളെ കൂട്ടിയോജിപ്പിച്ച് ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകളുടെ വികാരം അപ്പപ്പോള്‍ മോഹന്‍ ഗോപാലുമായി വി എം സുധീരന്‍ പങ്കുവയ്ക്കുന്നുണ്ട്.
കോണ്‍ഗ്രസിനുള്ളില്‍ വളരെ വേഗത്തില്‍ ഇത്തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ ചെറിയാന്‍ ഫിലിപ്പിന്‍റെ മനസ്സ് എന്തെന്നാണ് പലരും ഉറ്റ് നോക്കുന്നത്. നിലവില്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ സമാനതകള്‍ ഇല്ലാത്ത സ്വാധീനമാണ് ചെറിയാന്‍ ഫിലിപ്പിനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും ഏതുസമയവും കടന്നു ചെല്ലാവുന്ന സ്വാതന്ത്ര്യവും സര്‍ക്കാരിന്‍റെ നയരൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായക സാന്നിധ്യവുമാണ് ചെറിയാന്‍ ഫിലിപ്പിനുള്ളത്.
എന്നാല്‍ കോണ്‍ഗ്രസും ലീഗും വിട്ട് ഇടതുപക്ഷത്തെത്തിയ ഡോ.എ ആര്‍ മേനോന്‍, ടി കെ ഹംസ, ലോനപ്പന്‍ നമ്പാടന്‍, കെ ടി ജലീന്‍ തുടങ്ങിയവരെ എത്തിച്ച തലങ്ങളിലേക്ക് കോണ്‍ഗ്രസിന്‍റെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ ഇത്രനാളുംകൊണ്ട് എത്തിക്കാന്‍ സി പി എമ്മിന് സാധിച്ചോ എന്ന വലിയ ചോദ്യമാണ് ചെറിയാന്‍ അനുകൂലികള്‍ ഉയര്‍ത്തുന്നത്. ഈ ചോദ്യത്തില്‍ ചെറിയാന്‍ ഫിലിപ്പ് വീണാല്‍ കേരള രാഷ്ട്രീയത്തിലെ സ്ഫോടനാത്മക വാര്‍ത്തയാക്കി അതിനെ മാറ്റാന്‍ സുധീര അനുകൂലികളും കോപ്പുകെട്ടി തുടങ്ങി കഴിഞ്ഞു.
എസ് വി പ്രദീപ്, ന്യൂസ് എഡിറ്റർ, മംഗളം ടെലിവിഷൻ. 9495827909 https://www.facebook.com/
നാളെ ന്യു ഇയര്‍ പ്രമാണിച്ച് ഓഫീസ് അവധി .ന്യുസ് അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല .എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവല്‍സരാശംശകള്‍ …!
Staff and Management : www.dailyindianherald.com -Thalap Kannur Kerala 670004.India