സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽവിജയിക്കാവുന്ന രണ്ടെണ്ണത്തിൽ ഒന്നുവീതം സിപിഐയും സി.പിഎമ്മും പങ്കിട്ടെടുത്തതോടെ ഒരു സീറ്റിൽ ചെറിയാൻ ഫിലിപ്പ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ചെറിയാൻ ഫിലിപ്പിനെ രാജ്യസഭയിലേയ്ക്കു സ്ഥാനാർത്ഥിയാക്കുന്നതിനു അടുത്ത ദിവസം ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നാണ് സൂചന. ജൂൺ ഒന്നിനു വെള്ളിയാഴ്ച ചേർന്ന ഇടതു മുന്നണി യോഗമാണ് കേരളത്തിൽ നിന്നു ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ വിജയ സാധ്യതയുള്ള രണ്ടെണ്ണം സിപിഎമ്മിനും സിപിഐയ്ക്കുമായി വീതിച്ചു നൽകാനുള്ള ധാരണയിൽ എത്തിയത്.
നിലവിൽ കേരളത്തിൽ നിന്നും ഒൻപത് എം.പിമാരാണ് രാജ്യസഭയിൽ ഉള്ളത്. ജനതാദൾ യുണൈറ്റഡിനെ പ്രതിനിധീകരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായി മാസങ്ങൾക്കു മുൻപാണ് എം.പി വീരേന്ദ്രകുമാർ രാജ്യസഭയിലേയ്ക്കു വിജയിച്ചെത്തിയത്. കോൺഗ്രസ് നേതാക്കളായ എ.ജെ ആന്റണിയും, വയലാർ രവിയും, പി.ജെ കുര്യനും നിലവിൽ രാജ്യസഭാ അംഗങ്ങളാണ്. സി.പി.എമ്മിനെ പ്രതിനിധീകരിച്ച് കെ.കെ രാഗേഷും, സി.പി നാരായണനും നിലവിൽ രാജ്യസഭാ അംഗങ്ങളാണ്. സിപിഐയുടെ കെ.സോമപ്രസാദാണ് മറ്റൊരു എം.പി കേരള കോൺഗ്രസിന്റെ ജോയ് എബ്രഹാമും മുസ്ലീം ലീഗിന്റെ പി.വി അബ്ദുൾ വഹാബും നിലവിൽ രാജ്യസഭാ അംഗങ്ങളാണ്.
ഇതിൽ പി.ജെ കുര്യന്റെയും, ജോയ് എബ്രഹാമിന്റെയും കാലാവധിയാണ് അടുത്ത ദിവസങ്ങളിൽ പൂർത്തിയാകുന്നത്. ജോയ് എബ്രഹാമും, പി.ജെ കുര്യനും സി.പി നാരായണനും 2012 ജൂലൈ രണ്ടിനാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഈ മൂന്നു സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് ഇനി നടക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപു തന്നെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സിപിഎം തങ്ങളുടെ സ്ഥാനാർഥിയായി ചെറിയാൻ ഫിലിപ്പിന്റെ പേര് പരിഗണിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരു പോലെ പ്രിയപ്പെട്ടവനാണ് എന്നതാണ് ചെറിയാന് ഗുണം ചെയ്യുന്നത്.
1967 ൽ ഉമ്മൻചാണ്ടിക്കൊണ്ടു കോൺഗ്രസിൽ എത്തിയ ചെറിയാൻ ഫിലിപ്പ് പിന്നീട് ഉമ്മൻചാണ്ടിയുമായി ഇടഞ്ഞ് സിപിഎമ്മിന്റെ സഹയാത്രികനാകുകയായിരുന്നു. 1975 ൽ കെ.എസ്.യുവിന്റെ ജനറൽ സെക്രട്ടറിയായ ചെറിയാൻ 1979 മുതൽ 80 വർഷത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായും സ്ഥാനം വഹിച്ചിട്ടുണ്ട്. 1991 ൽ കോൺഗ്രസ് ചിഹ്നത്തിൽ സി.പിഎം നേതാവ് ടി.കെ രാമകൃഷ്ണനെതിരെ മത്സരിച്ച് പരാജയപ്പെട്ടാണ് ചെറിയാൻ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. പിന്നീട്, 2001 ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ രാഷ്ട്രീയ ഗുരുവായ ഉമ്മൻചാണ്ടിക്കെതിരെ പൊട്ടിത്തെറിച്ച് സിപിഎം സ്ഥാനാർഥിയായ എത്തി. എന്നാൽ, കനത്ത പരാജയമായിരുന്നു ഇവിടെ കാത്തിരുന്നത്.
2006 ൽ ജോസഫ് എം.പുതുശേരിക്കെതിരെ കല്ലൂപ്പാറയിലും, 2011 ൽ കെ.മുരളീധരനെതിരെ വട്ടിയൂർക്കാവിലും മത്സരിച്ചെങ്കിലും വിജയം തൊടാനായില്ല. ഇത്തരത്തിൽ നിരന്തരം തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന്റെ ചാവേറായി രംഗത്തിറങ്ങിയതാണ് ചെറിയാൻ ഫിലിപ്പിനെ ഇപ്പോൾ രാജ്യസഭയിലേയ്ക്കു പരിഗണിക്കാൻ സിപിഎം തീരുമാനിച്ചതിനു പിന്നിലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ അടുത്ത ദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ചെറിയാന്റെ പേര് പ്രഖ്യാപിക്കും.