മുഖ്യമന്ത്രിയുടെ ഉപദേശികളാണ് സെന്‍കുമാര്‍ കേസ് വഷളാക്കിയതെന്ന് സി പി ഐ പറയുമ്പോള്‍ അത് തെറ്റാണെന്നു പറയാന്‍ വയ്യ. മുഖ്യമന്ത്രിക്ക് നിയമോപദേശം നല്‍കേണ്ടവരാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കേണ്ടി വരുമെന്ന് നിയമ സെക്രട്ടറി പറഞ്ഞിട്ടും കേട്ടില്ല.മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എന്‍.കെ.ജയകുമാറാണ് അപ്പീല്‍ പോകാന്‍ മുഖ്യമന്ത്രിയെ ഉപദേശിച്ചത്. എല്ലാ ഉപദേശകന്‍മാരും ഇതിനെ പിന്താങ്ങി. മുഖ്യമന്ത്രിയാകട്ടെ മറ്റാരോടും ഇക്കാര്യം ചോദിച്ചുമില്ല. ഹരീഷ് സാല്‍വേ പറഞ്ഞ അഭിപ്രായം പോലും മുഖ്യമന്ത്രിയുടെ ഉപദേശകന്‍മാര്‍ തള്ളി പറഞ്ഞു എന്നാണ് വിവരം.
കോടതി ഉത്തരവുകളെ അവഗണിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന സന്ദേശം സുപ്രീം കോടതിയില്‍ തീര്‍ത്തും ദോഷകരമാകും. അത്തരം സമീപനങ്ങള്‍ ജഡ്ജിമാര്‍ക്കുണ്ടായാല്‍ അത് വലിയ വിപത്തിനു കാരണമായി തീരും. സെന്‍കുമാറുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധിക്കുന്നത് എന്‍.കെ.ജയകുമാറാണ്.സുപ്രീം കോടതിയില്‍ അപ്പീല്‍ പോയാല്‍ കേസു ജയിക്കുമെന്ന് ഉപദേശികള്‍ ഉറപ്പുനല്‍കിയിരുന്നു എന്നാണ് വിവരം. കേസ് ജയിക്കില്ലെങ്കില്‍ അപ്പീല്‍ പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കേട്ടില്ല . അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഇന്ന് വൈകിട്ടോടെ സെന്‍കുമാറിന്റെ നിയമന ഉത്തരവ് ഇറങ്ങുമെന്നാണ് ഇപ്പോഴത്തെ സൂചന.
സെന്‍കുമാറിനെ അടിയന്തിരമായി നിയമിക്കണമെന്ന് സിപിഐ ആവശ്യപ്പെടുമെന്നാണ് വിവരം. അതോടൊപ്പം ഉപദേശിമാര്‍ക്കെതിരായ നിലപാടും കര്‍ശനമാക്കും.സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് നേരിട്ട വന്‍തിരിച്ചടിയെ പരിഹസിച്ച് സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തു വന്നിരുന്നു. ഉപദേശികള്‍ വരുത്തിയ വിനയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. സര്‍ക്കാരിന് കനത്ത പാഠമാണ് സുപ്രീംകോടതി വിധി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.