സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കാന്‍ നീക്കം; വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ വീണ്ടും കോടതിയിലേയ്ക്ക്; മൂന്ന് ഉദ്യോഗസ്ഥരെ എന്ത് ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വൈകിയേക്കും. വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണിത്. മൂന്ന് ഉദ്യോഗസ്ഥരുടെ നിയമന കാര്യം സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് കോടതി ഇടപെടല്‍ തേടുന്നത്. ഇതിനിടയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടി. നേരത്തെ അവധിയിലായിരുന്ന ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് പുതിയ അവധി അപേക്ഷ ജേക്കബ് തോമസ് സര്‍ക്കിര് കൈമാറുകയായിരുന്നു.

ടി.പി.സെന്‍കുമാറിന് ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമനം നല്‍കുമ്പോള്‍ ഇതേ റാങ്കിലുള്ള ലോക്‌നാഥ് ബെഹ്‌റയെ ഏത് സ്ഥാനത്ത് നിയമിക്കുമെന്നാണ് സര്‍ക്കാരിന്റെ സംശയം. അദ്ദേഹത്തെ തത്തുല്യമായ റാങ്കില്‍ നിയമിക്കണമെങ്കില്‍ ഇതേ റാങ്കിലുള്ള മറ്റൊരാളെ കൂടി സ്ഥാനം മാറ്റേണ്ടി വരും. അവധിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍വ്വീസില്‍ തിരികെ പ്രവേശിക്കുന്നതും സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നത് മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ടിപി സെന്‍കുമാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയിലെത്തിയിരുന്നുവെങ്കിലും അവസാന നിമിഷം ഇതില്‍ നിന്ന് പിന്മാറി.

ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരായി കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ആവശ്യം. സര്‍ക്കാര്‍ വിധിയില്‍ വ്യക്തത തേടി വീണ്ടും കോടതിയെ സമീപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ ഉണ്ടായിരുന്നു. നിയമനം വൈകിപ്പിക്കുകയോ, ഉത്തരവ് റദ്ദാക്കുകയോ ആണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കഴിഞ്ഞ 24 നാണ് ടിപി സെന്‍കുമാറിന് അന്‍ുകൂലമായി കോടതി വിധി വന്നത്. ഇതിന് മുന്‍പ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും പിന്നീട് ഹൈക്കോടതിയിലും ടിപി സെന്‍കുമാര്‍ കേസ് തോറ്റിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ 2015 മെയ് 22 ന് ഡിജിപി ആയി നിയമിച്ച സെന്‍കുമാറിനെ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി 2016 മെയ് 27 ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇനി ദിവസങ്ങള്‍ മാത്രമാണ് സെന്‍കുമാറിന്റെ സര്‍വ്വീസ് കാലാവധി ശേഷിക്കുന്നത്.

Top