നാല് വയസുകാരനെ പ്രതികാര ബുദ്ധിയോടെ കാല് കൊണ്ട് തട്ടി വീഴ്ത്തുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഏഴ് മാസം ഗര്‍ഭിണിയായ യുവതിയാണ് കുട്ടിയോട് ഈ ക്രൂരത കാണിച്ചിരിക്കുന്നത്. ചൈനയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. ഹോട്ടലില്‍ ഓടി നടക്കുകയായിരുന്ന നാല് വയസുകാരന്‍. ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അവര്‍ക്കടുത്തു കൂടെയും കുട്ടി കടന്ന് പോയി. ഇതിനിടയില്‍ നീങ്ങിയ പ്ലാസ്റ്റിക് കര്‍ട്ടന്‍ യുവതിയുടെ ദേഹത്ത് തട്ടുകയായിരുന്നു. യുവതിയും ഭര്‍ത്താവും കുട്ടിയെ ദേഷ്യത്തോടെ നോക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഇവരുടെ അടുത്ത് കൂടെ വീണ്ടും കടന്ന് പോയ കുട്ടിയെ യുവതി കാല് കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു. വീണ കുട്ടിയെ ശ്രദ്ധിക്കാതെ ഇവര്‍ ഭക്ഷണം കഴിക്കുന്നത് തുടര്‍ന്നു. മറ്റൊരാള്‍ വന്ന് കുട്ടിയെ എഴുന്നേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ മാതാപിതാക്കളുടേതായിരുന്നു റസ്‌റ്റോറന്റെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടിക്ക് വീഴ്ചയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അവിടെ വെച്ചാണ് തന്നെ കാല്‍വെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് കുട്ടി അമ്മയോട് പറഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ഇവര്‍ കേസ് പിന്‍വലിച്ചു. യുവതി ഇവരോട് മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തായതോടെ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലുണ്ടാകുന്നത്. ഒരു തെറ്റും ചെയ്യാത്ത കുട്ടിയോട് ഇങ്ങനെ ചെയ്യാന്‍ തോന്നിയത് ക്രൂരതയാണെന്നും, ഗര്‍ഭിണിയായ യുവതി തന്റെ കുട്ടിയെയും ഇത് പോലെ ശിക്ഷിക്കുമോയെന്നും വീഡിയോ കണ്ടവര്‍ ചോദിക്കുന്നു.
ഗര്‍ഭിണിയായ യുവതി നാല് വയസുകാരനെ കാല്‌കൊണ്ട് തട്ടിവീഴ്ത്തി; യുവതിക്കെതിരെ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങള്‍
Tags: child abuse