ട്രെയിനിൽ സീറ്റുലഭിക്കാതെ യാത്ര ചെയ്യുന്നതിനിടെ രോഗം മൂർച്ഛിച്ച് കുഞ്ഞുമരിച്ച സംഭവത്തിൽ ഖേദമുണ്ടെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ . കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഷമീർ-സുമയ്യ ദന്പതികളുടെ ഒരുവയസുള്ള കുഞ്ഞ് രോഗം മൂർച്ഛിച്ച് മരിച്ചത്. തിരക്കിട്ട് ജനറൽ കന്പാർട്ട് മെന്‍റിൽ യാത്രചെയ്ത ഇവർ കുഞ്ഞിന്‍റെ സംരക്ഷണാർഥം സ്ലീപ്പർകോച്ചിൽ കയറിയെങ്കിലും ബർത്തു ലഭിക്കാതെ വലയുകയായിരുന്നു. തുടർന്ന് ജനറൽ കന്പാർട്ട്മെന്‍റിൽ വീണ്ടും യാത്ര തുടരുന്നതിനിടെയാണ് കുറ്റിപ്പുറത്ത് വച്ച് കുഞ്ഞ് മരിക്കുന്നത്.
സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് പരിശോധകരോട് പറഞ്ഞിട്ടും സീറ്റ് ലഭിച്ചില്ലെന്ന വിവാദം കൊടുന്പിരികൊണ്ടിരിക്കെയാണ് സംഭവത്തിൽ റെയിൽവേ ട്വീറ്റിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ട്വീറ്റിൽ പരാമർശിക്കുന്നത് ഇങ്ങനെയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ കുഞ്ഞിന്‍റെ രോഗാവസ്ഥയോ ആശുപത്രികാര്യമോ ദന്പതികൾ ടിക്കറ്റു പരിശോധകരോട് പറഞ്ഞിട്ടില്ല.
ബർത്ത് ആവശ്യപ്പെട്ട് സമീപിച്ചിട്ടുമില്ല. അതേസമയം കുഞ്ഞ് മരിച്ച സംഭവത്തിൽ അതീവഖേദമുണ്ടെന്നും ട്വീറ്റിൽ പറയുന്നു. അതേസമയം സീറ്റുലഭിക്കാനായി ദന്പതികൾ കുഞ്ഞുമായി എട്ടോളം കോച്ചുകൾ കയറിയിറങ്ങിയിട്ടും ടിടിഇമാർ സീറ്റ് നൽകാതെ ഇറക്കിവിട്ടെന്ന പരാതി റെയിൽവെക്കെതിരെ ശക്തമായി നിലനിൽക്കുകയാണ്.