അഹമ്മദാബാദ്: കേരളം പട്ടിണിയുടെ നാടാണെന്ന് പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടില്‍ എന്താണ് സംഭവിക്കുന്നത്. ഗുജറാത്തില്‍ ഇതുവരെ ഏഴുലക്ഷത്തോളം ബാലവിവാഹം നടന്നുവെന്നാണ് പറയുന്നത്. ഇവരില്‍ 1.21 കോടി പേരും പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളാണ്.
ഗുജറാത്തിലെ 3.36 കോടി വിവാഹിതരായ ജനങ്ങളില്‍ 2.09 ശതമാനത്തോളം പേര്‍ വിവാഹിതരായത് 10 വയസ്സിനും താഴെ പ്രായമുണ്ടായിരുന്നപ്പോള്‍. ഇവരുടെ എണ്ണം ഏകദേശം ഏഴു ലക്ഷത്തോളം വരും. ഇതില്‍ 4.67 ലക്ഷം പുരുഷന്മാരും 2.36 ലക്ഷം സ്ത്രീകളും കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ തന്നെ വിവാഹിതരായതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദശകത്തിനകത്തു തന്നെ 1.32 ലക്ഷം പേരാണ് വിവാഹിതരായ ശേഷം പത്താം ജന്മദിനം ആഘോഷിച്ചത്.
ഇന്ത്യയില്‍ വിവാഹിതരായ 64 കോടി പേരില്‍ 1.21 കോടി പേര്‍ 10 വയസ്സില്‍ താഴെ പ്രായത്തില്‍ വിവാഹിതരായവരാണ്. ഇവരില്‍ ‘ബാലികാ വധു’ ക്കളായത് 78.50 പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികള്‍ 42.77 ലക്ഷവും. ബാല വിവാഹത്തിന്റെ കാര്യത്തില്‍ രാജസ്ഥാനാണ് ഏറ്റവും മുന്നില്‍. 3.57 കോടി പേരില്‍ 10.29 ലക്ഷം പേരാണ് ശൈശവ വിവാഹത്തില്‍ പെട്ടത്. ഇത് 2.88 ശതമാനത്തോളം വരും. 2.70 ശതമാനമുള്ള ആന്ധ്ര രണ്ടാമതും 2.57 ശതമാനമുള്ള മഹാരാഷ്ട്ര മൂന്നാമതും 2.43 ശതമാനത്തോളം വരുന്ന കര്‍ണാടക നാലാമതും 2.10 ശതമാനവുമായി യുപി അഞ്ചാമതും പട്ടികയിലുണ്ട്.
പെണ്‍കുട്ടികള്‍ക്ക് 18 വയസ്സും ആണ്‍കുട്ടികള്‍ക്ക് 21 വയസ്സും പൂര്‍ത്തിയായിരിക്കണം എന്നതാണ് നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായമെങ്കിലും ഗുജറാത്തില്‍ വിവാഹിതരായ 3.36 കോടി പേരില്‍ 43 ലക്ഷം പേര്‍ 18 ല്‍ താഴെയാണ്. ഇന്ത്യയില്‍ വിവാഹിതരായ 12.21 കോടി പേരും വിവാഹിതരായത് നിയമപരമായ പ്രായപരിധിക്ക് മുമ്പാണ്. സമുദായം തിരിച്ചുള്ള റിപ്പോര്‍ട്ടില്‍ ശൈശവ വിവാഹം കൂടുതല്‍ നടക്കുന്നത് ഹിന്ദുക്കള്‍ക്കിടയിലാണ്. ഗുജറാത്തില്‍ നടന്ന ശൈശവ വിവാഹങ്ങളില്‍ 91.55 ശതമാനം വരുന്ന 43.77 ലക്ഷം പേരും ഹിന്ദുക്കളായിരുന്നു. 7.43 ശതമാനം മാത്രമാണ് മുസ്ളീങ്ങള്‍ക്കിടയില്‍ നടക്കുന്നത്.