തിരുച്ചിറപ്പള്ളി: ഒമ്പത് വയസുകാരിയെ വിവാഹം ചെയ്യാനുള്ള ശ്രമം പൊലീസ് തടഞ്ഞു. തമിഴ്‌നാട്ടിലെ മുസിരിക്ക് സമീപത്താണ് ശൈശവ വിവാഹത്തിനുള്ള ശ്രമം നടന്നത്. 39 വയസുകാരനായിരുന്നു വരനായി എത്തിയത്. ആര്‍ത്തവം ആരംഭിച്ചിട്ടു പോലുമില്ലാത്ത പെണ്‍കുട്ടിയെ തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ റിസപ്ഷന്‍ ഹോമിലേക്ക് മാറ്റി.
അജ്ഞാതമായി ലഭിച്ച ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് ശൈശവ വിവാഹം നടക്കാന്‍ പോകുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചത്. നാലാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അവളേക്കാള്‍ 30 വയസ് കൂടുതലുള്ളയാളുമായി വിവാഹം നിശ്ചയിക്കാന്‍ പോകുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സമീപമുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി.
മുസിരി വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ലതയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ വിവരം സത്യമാണെന്ന് വ്യക്തമായി. തുടര്‍ന്ന് കൂലിപ്പണി ചെയ്യുന്ന, വിധവയായ അമ്മയുടെ പക്കല്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് ഏറ്റെടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് കൈമാറുകയായിരുന്നു.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ലു.സി) സ്ഥിരീകരിച്ചു. പ്രാഥമികാന്വേഷണത്തില്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതായി സി.ഡബ്ലു.സി ചെയര്‍പേഴ്സണ്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിനു ശേഷം കുട്ടിയുടെ ഭാവികാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സി.ഡബ്ലു.സി അറിയിച്ചു.