ഹോസ്റ്റല്‍ അലമാരയില്‍ നിന്ന് രത്‌നാഭരണങ്ങളും സ്വിസ് വാച്ചുകളും; ശശികലയും സഹോദരങ്ങ്‌ളും കുടുങ്ങും

അഴിമതിക്കേസില്‍ ജയിലിലായ ശശികലയുടെയും കുടബാംഗങ്ങള്‍ക്കുമെതിരായ ആദായനികു്തി ഉദ്യോഗസ്ഥരുടെ നടപടിയില്‍ കണ്ടെത്തിയത് വന്‍ നിക്ഷേപം. കോളജ് ഹോസ്റ്റല്‍ അലമാരകളിലാണ് രത്‌നാഭരണങ്ങളും സ്വിസ് വാച്ചുകളും വരെ ഒളിപ്പിച്ചു വച്ച് നേതാക്കള്‍ കൊള്ളസമ്പാദ്യം സൂക്ഷിച്ചതെന്ന് വ്യക്തമായി. ശശികലയുടെ സഹോദരന്‍ വി. ദിവാകരന്റെ ഉടമസ്ഥതയിലുള്ള തിരുവാരൂര്‍ സെങ്കമല തായാര്‍ എജ്യുക്കേഷനല്‍ ട്രസ്റ്റ് വിമന്‍സ് കോളജ് ഹോസ്റ്റലിലെ താമസമില്ലാത്ത മുറികളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.

അതേസമയം, ദിവാകരനെ കുടുക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുവന്നു വച്ചെന്ന് ആരോപിച്ച് ഒരുസംഘമാളുകള്‍ കോളജ് കവാടത്തില്‍ വെള്ളിയാഴ്ച തന്നെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ‘ഓപ്പറേഷന്‍ ക്ലീന്‍ ബ്ലാക്ക് മണി’ എന്ന പേരില്‍ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങള്‍, ബെംഗളൂരു, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലായി നടക്കുന്ന റെയ്ഡ് മൂന്നു ദിവസം പിന്നിട്ടു. കണക്കില്‍പ്പെടാത്ത 5.5 കോടി രൂപയും 15 കിലോ സ്വര്‍ണവും 1,500 കോടി രൂപയുടെ അനധികൃത നിക്ഷേപം സംബന്ധിച്ച രേഖകളും ഇതുവരെ പിടിച്ചെടുത്തതായാണു വിവരമെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. വിശദവിവരങ്ങള്‍ ഡല്‍ഹിയിലെ ഓഫിസിലേക്ക് അയച്ചതായി മാത്രമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാസ് മൂവീസ് എന്നിവയുടെ സിഇഒയും ശശികലയുടെ അനന്തരവനുമായ വിവേക് ജയരാമന്‍, ശശികലയുടെ അഭിഭാഷകന്‍ സെന്തില്‍ എന്നിവരുടെ വസതികള്‍, ദിവാകരന്റെ മന്നാര്‍ഗുഡിയിലെ കോളജ്, സ്‌കൂളുകള്‍, കൊടനാട് എസ്റ്റേറ്റ് എന്നിങ്ങനെ നാല്‍പതിലധികം ഇടങ്ങളിലാണു റെയ്ഡ് തുടരുന്നത്.

കഴിഞ്ഞ മൂന്നു ദിവസമായി ശശികലയുടെയും ബന്ധുക്കളുടെയും എഐഎഡിഎംകെയിലെ ശശികല വിഭാഗം നേതാക്കളുടെയും ശശികലയുമായി അടുപ്പം പുലര്‍ത്തുന്നവരുടെയും സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധനകള്‍ നടത്തി വരികയായിരുന്നു. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ വിദേശനിക്ഷേപം, ആദായനികുതിവെട്ടിപ്പ് തുടങ്ങിയ പരാതികള്‍ മുന്‍നിര്‍ത്തിയാണ് പരിശോധന.

ടി.ടി.വി. ദിനകരന്റെ പുതുച്ചേരി അരോവില്ലയിലെ ഫാം ഹൗസ്, ശശികലയുടെ മന്നാര്‍ഗുഡിയിലെ വീട്, ശശികലയുടെ സഹോദരന്‍ ദിവാകരന്‍, സഹോദരപുത്രന്‍ വിവേക് ജയരാമന്‍, സഹോദരഭാര്യ ഇളവരശിയുടെ മകള്‍ കൃഷ്ണപ്രിയ എന്നിവരുടെ വീടുകള്‍, ബെംഗളൂരുവിലുള്ള എ.ഐ.എ.ഡി.എം.കെ. യൂണിറ്റ് പ്രസിഡന്റ് പുകഴേന്തിയുടെ വീട്, ശശികലയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ജാസ് സിനിമാസ്, ജയലളിതയുടെ നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ്, ദിനകരന്‍പക്ഷത്തെ നേതാക്കളുടെ വീടുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി 187 ഇടങ്ങളിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ മിന്നല്‍പ്പരിശോധന നടത്തിയത്.

ജയലളിതയാണ് ജയ ടി.വി. ആരംഭിച്ചത്. എന്നാല്‍, ഇപ്പോള്‍ ചാനല്‍ ശശികലയുടെ പിടിയിലാണ്. ശശികലയും ദിനകരനും കൂട്ടാളികളും ചേര്‍ന്ന് നടത്തുന്ന ബിനാമി ഇടപാടുകള്‍, ക്രയവിക്രയങ്ങള്‍, ബാങ്ക് ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ആദായനികുതിവകുപ്പ് പരിശോധന നടത്തിയതായാണറിയുന്നത്. ജയ ടി.വി. അക്കൗണ്ട്‌സ് വിഭാഗത്തില്‍ പരിശോധന ഏറെനേരം തുടര്‍ന്നു. ശശികലയുമായി ബന്ധമുള്ള മിഡാസ് ഡിസ്റ്റിലറീസ്, ജാസ് സിനിമാസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആദായനികുതി ഉദ്യോഗസ്ഥര്‍ പത്തു സംഘമായാണ് പരിശോധനയ്‌ക്കെത്തിയത്. വിവരം പുറത്തറിയാതിരിക്കാന്‍ വിവാഹപ്പാര്‍ട്ടിക്കാരെന്ന വ്യാജേനയാണ് റെയ്ഡിനെത്തിയത്.

ശശികലകുടുംബവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടന്ന ആദായനികുതി റെയ്ഡിനെ പരോക്ഷമായി വിമര്‍ശിച്ച് രാജ്യസഭാംഗവും മുതിര്‍ന്ന ബിജെപി. നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തി. എന്തുകൊണ്ട് ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെയും മകള്‍ കനിമൊഴിയുടെയും വീട്ടില്‍ റെയ്ഡ് നടത്തുന്നില്ലെന്ന് അദ്ദേഹം ‘ട്വിറ്ററി’ലൂടെ ചോദിച്ചിരുന്നു.

Top