തമിഴ് വിദ്യാര്‍ത്ഥികളുടെ റാഗിങില്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന കണ്ണൂരുകാരന്‍; മാര്‍ത്താണ്ഡം കോളേജിലെ പീഡനം മൃഗീയം

51557_1470981616

കണ്ണൂര്‍: എത്രയോ റാഗിങ് കഥകള്‍ പുറത്തറിയാതെ പോകുന്നു. ഇന്നും റാഗിങില്‍ ദുരിതം അനുഭവിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. റാഗിങിന് ഇരയാകുന്നതാകട്ടെ മലയാളികളും. കണ്ണൂര്‍ സ്വദേശിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂര റാഗിങ് കഥയാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടില്‍ മാര്‍ത്തണ്ഡം കുലശേഖരത്തെ സ്വാശ്രയ പോളിടെക്‌നിക്കല്‍ കോളേജിലാണ് മൃഗീയമായ പീഡനം നടന്നത്.

ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ ഉളിക്കല്‍ മണിപ്പാറയിലെ അജയ് അതിക്രൂരമായ റാഗിങ്ങിനാണ് ഇരയാകേണ്ടി വന്നത്.
ഭാഷയുടേയും സംസ്ഥാനത്തിന്റേയും പേരില്‍ കുളശേഖരപുരം ബി.ഡബ്ലു.ഡി.എ. പോളിടെക്‌നിക്കില്‍ അരങ്ങേറിയ സംഭവങ്ങള്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോരമേഖലയായ മണിപ്പാറയിലെ കെ.ജെ. പാനൂസിന്റേയും മിനിയുടേയും മകനായ അജയിനു നേരിട്ട ദുരന്തം പറഞ്ഞറിയിക്കാന്‍ വയ്യ. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാവുകയും മറ്റൊരു കണ്ണില്‍ എല്ലാം ഇരട്ടിച്ച് കാണുകയും ചെയ്യുന്ന അവസ്ഥയിലാണ് അജയ് ഇപ്പോഴുള്ളത്. ജീവന്‍ കൂടി നഷ്ടപ്പെടുമെന്ന് ഭയന്ന് ഒരുവിധത്തില്‍ വീട്ടിലേക്ക് ഓടിയെത്തിയ അജയ് മറ്റ് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം അനുഭവമുണ്ടാകുമോ എന്ന് ഭയക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പോളിടെക്‌നിക്ക് കോളേജില്‍ ഒരു കൂട്ടം തമിഴ് വിദ്യാര്‍ത്ഥികള്‍ നിരന്തരമായി പരിഹസിക്കുകയായിരുന്നു. ക്ലാസ് റൂമിലും ഈ പരിഹാസവും അശ്ലീലം കലര്‍ന്ന വിളിയും തുടര്‍ന്നപ്പോള്‍ അദ്ധ്യാപകനോട് പരാതി പറഞ്ഞു. അതോടെ പരാതിക്കാരനായ അജയിനെ ശാരീരീകമായി അക്രമിക്കാന്‍ തുടങ്ങി. അതിനാല്‍ ഒഴിവുസമയങ്ങളില്‍ പോലും ക്ലാസില്‍ നിന്ന് പുറത്തു പോകാന്‍ ഭയപ്പെട്ടു. ശല്യം കൂടിയപ്പോള്‍ വീണ്ടും പരാതി പറഞ്ഞു.

അജയ് പറയുന്നു…. ക്ലാസ് കഴിഞ്ഞാല്‍ നേരെ ഹോസ്റ്റലില്‍ പോയി കഴിയാറാണ് പതിവ്. വഴിയില്‍ വച്ചുപോലും ഇവര്‍ അക്രമിച്ചേക്കുമെന്ന് ഭയപ്പെട്ടു. ഒടുവില്‍ ഒരു ദിവസം അത് സംഭവിക്കുക തന്നെ ചെയ്തു. ടീച്ചറില്ലാത്ത സമയം ക്ലാസ് മുറിയില്‍ വച്ച് അജയിന്റെ തലക്ക് പിറകില്‍ നിന്നും എന്തോ വസ്തു കൊണ്ടു അടിയേറ്റു. വേദന കൊണ്ട് നിലത്തുവീണു. മൂക്കില്‍ നിന്നും രക്തം ഒഴുകി. ആരൊക്കയോ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ കഠിനവേദന ഉണ്ടായിട്ടും കോളേജ് അധികൃതരും മാനേജ്‌മെന്റും ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി. തിരിച്ച് ഹോസ്റ്റലിലെത്തിയപ്പോള്‍ രക്തം ഛര്‍ദ്ദിച്ചു. എന്നിട്ടും ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഹോസ്റ്റല്‍ അധികൃതര്‍ തയ്യാറായില്ല. സഹവിദ്യാര്‍ത്ഥികള്‍ വാര്‍ഡനുമായി തര്‍ക്കിച്ച ശേഷമാണ് നേരത്തെ കൊണ്ടുപോയ ആശുപത്രിയില്‍ തന്നെ എത്തിച്ചത്. അതിനുമുമ്പുതന്നെ മൂന്നുതവണ രക്തം ഛര്‍ദ്ദിച്ചു. വീണ്ടും അന്നു തന്നെ ഡിസ്ചാര്‍ജ് ചെയ്യിച്ചു.

അവിടത്തെ ഡോക്ടര്‍ അടിയന്തരമായി വിദഗ്ധചികിത്സക്ക് നിര്‍ദേശിച്ചെങ്കിലും കോളേജ് അധികൃതര്‍ അതുനല്‍കില്ലെന്ന് അറിഞ്ഞതോടെ ബന്ധുക്കളെ വിളിച്ചു വരുത്തി തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണിന്റെ കീഴിലുള്ള എല്ലു പൊട്ടിയിട്ടുണ്ടെന്നും നീര്‍ക്കെട്ട് കുറഞ്ഞ് ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ എന്തെങ്കിലും പറയാനാവുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അല്പനേരം ഇരിക്കുകയോ നടക്കുകയോ ചെയ്താല്‍ തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുന്നുണ്ട്. കഠിനമായ വേദനയും അജയിനെ അലട്ടുകയാണ്.

ഒരാഴ്ച കഴിഞ്ഞ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പരിശോധന നടത്തേണ്ടതുണ്ട്. അജയിനെ അക്രമിച്ചവര്‍ മറ്റ് മലയാളി വിദ്യാര്‍ത്ഥികളേയും ഭീഷണിപ്പെടുത്തുന്നുണ്ട്. അജയ് നേരിട്ട ക്രൂരമായ റാഗിങ്ങിനെതിരെ പൊലീസോ കോളേജ് അധികൃതരോ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. അജയിന്റെ അച്ഛന്‍ പാനൂസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചിട്ടുണ്ട്. ലോറി ഡ്രൈവറായ പാനൂസിന്റേയും മിനിയുടേയും പ്രതീക്ഷയായിരുന്നു അജയ്.

Top