
തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം നാലാം അതിവേഗ കോടതിയാണ് ഹർജി തള്ളിയത്. കേസിലെ ഒന്നാം പ്രതിയാണ് ജയചന്ദ്രൻ.
അമ്മ അറിയാതെ വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ പിതാവും മാതാവും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികൾ. ജയചന്ദ്രന് പുറമേ അനുപമയുടെ മാതാവ്, സഹോദരി, സഹോദരി ഭർത്താവ്, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ അനുപമയുടെ മാതാവുൾപ്പെടെ അഞ്ച് പേർക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, അനുപമയെ തടങ്കലിൽ പാർപ്പിച്ചു എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് സംഭവത്തിൽ പേരൂർക്കട പോലീസ് കേസെടുത്തിരുന്നത്. അതിവേഗ കോടതി മുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചേക്കും.