മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്ന് ആറ് അസം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
കര്‍ബി ആംഗലോംഗ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് ആറ് പേരേയും രക്ഷപ്പെടുത്തിയതെന്ന് എഎസ്പി കങ്കണ്‍ കുമാര്‍ നാഥ് പറഞ്ഞു.
ഡിസംബര്‍ എട്ടിനാണ് സംഭവത്തില്‍ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നുള്ള 16 കാരിയെ രക്ഷപ്പെടുത്തി മനുഷ്യകടത്ത് മാഫിയയുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളിലായി ബോകാജാന്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ നാല് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ മറ്റ് പെണ്‍കുട്ടികളെ കൂടി രക്ഷപ്പെടുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കുകയായിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബോകാജാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഒരാളെ ദിമാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മറ്റൊരാളെ തിന്‍സുകിയയില്‍ നിന്നും കണ്ടെത്തി. എഎസ്പി വിശദീകരിച്ചു.
14 കാരിയായ മറ്റൊരു പെണ്‍കുട്ടിയെ പൊലീസ് രാജസ്ഥാനില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. ഡിസംബര്‍ 10ന് ബകാലിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജുന്‍ജുനു എന്ന പ്രദശത്തെ 33 കാരനുമായി വിവാഹ കരാര്‍ ഉണ്ടാക്കി വില്‍പ്പന നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ഒന്നരലക്ഷം രൂപക്കായിരുന്നു വ്യാപാരകരാര്‍. എന്നാല്‍ രാജസ്ഥാന്‍ പൊലീസിന്റെ കൂടി സഹായത്തോടെ ഈ പെണ്‍കുട്ടിയേയും അസം പൊലീസ് രക്ഷപ്പെടുത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരാണ് ഇതിനകം സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.