നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുള്‍പ്പെട്ട ഏഴംഗ സംഘം പിടിയില്‍

സിഡ്‌നി: നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുള്‍പ്പെട്ട ഏഴംഗ സംഘം ഓസ്‌ട്രേലിയയില്‍ പിടിയില്‍. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഉള്‍പ്പെടെ പീഡനത്തിനിരയാക്കിയ സംഘമാണു പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. എട്ടു വയസ്സില്‍ താഴെയുള്ള മൂന്ന് ആണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനു വിധേയരാക്കി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. ഇതില്‍ ഒരു കുട്ടി 2015ല്‍ പീഡനത്തിനിരയാകുമ്പോള്‍ മൂന്നു വയസ്സായിരുന്നു. തട്ടിക്കൊണ്ടു പോകല്‍, കുട്ടികളെ പീഡിപ്പിച്ചു വിഡിയോ പകര്‍ത്തല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ആകെ 127 കേസുകളാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ പതിനെട്ടുകാരനാണ്. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലും ലൈംഗിക പീഡനവും ഉള്‍പ്പെടെ 42 കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. അന്‍പത്തിരണ്ടുകാരനായ പോള്‍ ക്രിസ്റ്റഫര്‍ കുക്ക് എന്ന പ്രതിക്കെതിരെ മൂന്നു കേസുകളാണുള്ളത്. പിടിയിലായ വനിതകളില്‍ നാലു പേരും 17നും 29നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരുടെ നേതാവായിരുന്ന തെരേസ് ആന്‍ കുക്കിനു പ്രായം 58. തെരേസും പോളും സഹോദരങ്ങളാണ്. ഇവരുടെ മകളും നടിയുമായ യാനി കുക്ക് വില്യംസും കേസില്‍ പ്രതിയാണ്. 2014നും 2016നും ഇടയിലാണ് ഓസ്‌ട്രേലിയയെ ഞെട്ടിച്ച സംഭവം നടന്നത്. പരിചയക്കാരായ ആണ്‍കുട്ടികളെയാണ് ഇവര്‍ പ്രധാനമായും ഇരകളാക്കിയത്. സിഡ്‌നിക്കു പടിഞ്ഞാറ്, നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ മാറി ബ്ലൂ മൗണ്ടന്‍സ് എന്നറിയപ്പെടുന്ന പര്‍വത മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴു പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. രാജ്യത്തു ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളോടു മാപ്പു ചോദിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെയാണു കേസിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

Top