വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ എല്ലാ യാത്രാ വാഹനങ്ങളിലും 13 വയസ്സില്‍ താഴെയുളള കുട്ടികളെ പിന്‍സീറ്റിലിരുത്തി യാത്ര ചെയ്യണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.രണ്ടുവയസ്സില്‍ താഴെയുളള കുട്ടികള്‍ക്കായി വാഹനങ്ങളില്‍ ബേബി സീറ്റ് നിര്‍ബന്ധമാക്കണമെന്നും ഇതിനായി നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തണമെന്നും കമ്മീഷന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ ബോധവത്ക്കരണം നടത്തണമെന്നും കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.
കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷിതമായ സീറ്റിങ് സംബന്ധിച്ച ഉത്തരവുകളില്‍ വ്യക്തതയില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. 13 വയസ്സില്‍ താഴെയുളള കുട്ടികള്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതാണ് സുരക്ഷിതമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാറുകളിലുള്ള സീറ്റ് ബെല്‍റ്റ് മുതിര്‍ന്നവര്‍ക്ക് യോജിച്ചതാണ്. സീറ്റ് ബെല്‍റ്റ് ധരിച്ച കാറില്‍ എയര്‍ബാഗ് കൂടിയുണ്ടെങ്കില്‍ മാത്രമേ മികച്ച സുരക്ഷ ഉറപ്പുവരുത്താനാകൂ. സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ എയര്‍ബാഗ് കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തും. കുട്ടികളെ മുന്‍സീറ്റില്‍ മടിയില്‍ ഇരുത്തിയാല്‍ അപകടസമയത്ത് പൊട്ടി വിടരുന്ന എയര്‍ബാഗിനും മുന്‍സീറ്റ് യാത്രക്കാരനുമിടയില്‍പ്പെട്ട് മരിക്കാനുള്ള സാധ്യതയേറെയാണ്. ഇന്ത്യയില്‍ ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കുന്നവര്‍ വിരളമാണ്. പിന്‍സീറ്റിന്റെ മധ്യഭാഗത്തായാണ് ചൈല്‍ഡ് സീറ്റുകള്‍ ഘടിപ്പിക്കുന്നത്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് പല വലുപ്പത്തിലുള്ള ചൈല്‍ഡ് സീറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്.