ധോല-സദിയ പാലം: അരുണാചല്‍പ്രദേശിലെ നിര്‍മാണങ്ങളില്‍ ഇന്ത്യ സൂക്ഷിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ നിര്‍മാണങ്ങളില്‍ ഇന്ത്യ സൂക്ഷിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ധോല- സദിയ പ്രധാനന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് ചൈനയുടെ പ്രതികരണം.

ചൈനയുമായുള്ള അതിർത്തി വിഷയത്തിൽ ഇന്ത്യ സൂക്ഷ്മതയോടെയും സംയമനത്തോടെയും തീരുമാനങ്ങളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വാർത്താഏജൻസിയോടു പറഞ്ഞു. അരുണാചൽ പ്രദേശ് തെക്കൻ തിബറ്റാണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യ അതുനിഷേധിക്കുന്നു. അരുണാചലിലേക്കു നദിക്കു കുറുകെ പാലം നിർമിച്ചതാണു ചൈനയെ ചൊടിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസം–അരുണാചൽപ്രദേശ് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ധോല– സദിയ പാലത്തിനു ഗതാഗതത്തേക്കാൾ സൈനിക നീക്കമാണു പ്രധാനമെന്നും ചൈനയ്ക്കറിയാം. ചൈന കണ്ണുവച്ചിട്ടുള്ള അരുണാചലിൽ ഇന്ത്യ മേൽക്കൈ നേടുന്നതു നോക്കിയിരിക്കില്ലെന്നാണു ഇപ്പോഴത്തെ പ്രതികരണത്തിൽനിന്നു മനസിലാക്കേണ്ടത്.

അസം–അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കു മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം, ചൈനീസ് അധിനിവേശത്തെ ചെറുക്കാനുള്ള നടപടികളുടെ ഭാഗവുമാണ് ഇന്ത്യയ്ക്കു ധോല – സദിയ പാലം. അടിയന്തര സാഹചര്യത്തിൽ അസമിൽനിന്ന് ഇനി സൈന്യത്തിനു കരമാർഗം അരുണാചൽ പ്രദേശിലെത്താനുള്ള സമയത്തിൽ കാര്യമായ കുറവുണ്ടാകും. ചൈനീസ് അതിർത്തിയോടു ചേർന്നുളള പാലം, ടാങ്ക് അടക്കമുളള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമായാണു നിര്‍മിച്ചിരിക്കുന്നത്.

60 കിലോ ടൺ ഭാരമുള്ള സൈനിക ടാങ്ക് വഹിക്കാൻ ശേഷിയുണ്ട്. സൈന്യം അരുണാചലിലേക്കു പോകാനുപയോഗിക്കുന്ന വഴിയായ ധിൻജൻ ഡിവിഷനിൽനിന്ന് അരുണാചൽ പ്രദേശിലെ തേസുവിലേക്കു കുറഞ്ഞതു 10 മണിക്കൂറാണു വേണ്ടത്. പാലം വന്നതോടെ സൈന്യത്തിന്റെ യാത്രാസമയം മൂന്നു–നാലു മണിക്കൂറായി ചുരുങ്ങും.

ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത്തിനു കുറുകെയാണു പാലം നിര്‍മിച്ചിരിക്കുന്നത്. ദിവസവും 10 ലക്ഷത്തോളം രൂപയുടെ ഇന്ധന ലാഭം പാലം വന്നതുകൊണ്ടു ലഭിക്കുമെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. പാലത്തിന്റെ മാത്രം നീളം 9.15 കിലോമീറ്ററാണ്. ഇരുവശത്തെയും അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ പദ്ധതിയുടെ ആകെ നീളം 28.50 കിലോമീറ്ററും. 2,056 കോടി രൂപയാണ് ആകെ ചെലവ്.

Top