ബീജിങ് :ലോകത്തിലെ മുളകു ചക്രവര്‍ത്തി എന്നു പേരു വീണ ആദ്യ മനുഷ്യന്‍ ചൈനക്കാരന്‍ .മുളകുതിന്നാല്‍ എരിപൊരി സഞ്ചാരമുണ്ടാകുന്ന മനുഷ്യര്‍ക്കിടയില്‍ മുളകുതീറ്റക്കാരായ ചിലരുമുണ്ട്. അത്തരത്തിലൊരാളാണ് ചൈനക്കാരനായ ലീയോങ്ഷി. ഏകദേശം രണ്ടരക്കിലോയോളം മുളകാണ് ഇഷ്ടന്റെ ഒരു ദിവസത്തെ ഭക്ഷണം. ഇതില്‍ ഏതിനത്തില്‍പ്പെട്ട മുളകും ഉള്‍പ്പെടുമെന്നതും മറ്റൊരു പ്രത്യേകത.
ലീയോങ്ഷിയുടെ ദിനചര്യ ആരംഭിക്കുന്നതുപോലും മുളകിലാണ്. പല്ലുതേയ്ക്കാന്‍ ഉപയോഗിക്കുന്നതുപോലും മുളകുതന്നെ. മുളകില്ലാത്ത ലോകത്തെ കുറിച്ച് ലീയോങ്ഷിക്ക് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് സാരം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ലീയോങ്ഷിക്ക് മുളകിനോടുള്ള പ്രേമം. ഒരിക്കല്‍ ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയതായിരുന്നു ലീയോങ്ഷി. എന്നാല്‍ ആഹാരങ്ങള്‍ മുഴുവന്‍ വിറ്റുതീര്‍ന്നതായും മിച്ചമുള്ളത് കുറച്ച് മുളകാണെന്നും ഹോട്ടലുടമ അറിയിച്ചു. വിശപ്പ് സഹിക്കവയ്യാതെ ഇയാള്‍ ഒരു ഗ്ലാസ് വെള്ളവും ആവശ്യത്തിന് മുളകും കഴിച്ചു. അന്നുമുതലാണ് എരിവേറിയ മുളക് ലീയോങ്ഷിയുടെ ഇഷ്ട വിഭവമായത്.
ഇന്നിപ്പോള്‍ ഭക്ഷണത്തിന്റെ ഭാഗമാണ് ലീയോങ്ഷിക്ക് മുളക്. രാവിലെയും ഉച്ചയ്ക്കും അത്താഴത്തിനും ഭക്ഷണം മുളകുതന്നെ. ജോലി കഴിഞ്ഞ് വീട്ടിലെത്തി ടി.വിക്ക് മുന്നില്‍ ചിലവഴിക്കുമ്പോഴും സമയം കളയാനുമൊക്കെ കൊറിക്കുന്നതും മുളകുതന്നെ. ഇതിനായി എട്ട് ഇനത്തിലുള്ള മുളകാണ് ഇയാള്‍ തോട്ടത്തില്‍ സ്വന്തമായി വളര്‍ത്തുന്നത്.
മുളകിനോടുള്ള താല്‍പര്യവും അടുപ്പവും മുളകു ചക്രവര്‍ത്തിയെന്ന ഓമനപ്പേരും നാട്ടുകാര്‍ ഈ 58കാരന് ചാര്‍ത്തിനല്‍കി. ചുവന്ന മുളകാണ് ലീയോങ്ഷിക്ക് കൂടുതലിഷ്ടം. മുളകുതീറ്റ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും ഒപ്പം തന്റെ ആരോഗ്യ രഹസ്യം ഈ മുളകുതീറ്റയാണെന്നും ലീയോങ്ഷി സാക്ഷ്യപ്പെടുത്തുന്നു.