ബീജിങ്: പരസ്യങ്ങള്‍ ജനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ പതിനെട്ട് അടവും പയറ്റാറുണ്ട്. പല പരസ്യങ്ങളും വിവാദത്തിന് കാരണമായിട്ടുമുണ്ട്. ഇപ്പോള്‍ വാഷിങ് പൗഡറിന്റെ പരസ്യമാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ചൈനയില്‍ അടുത്തിടെ ഇറങ്ങിയ പരസ്യമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.
കറുത്ത വര്‍ഗ്ഗക്കാരനായ പുരുഷനെ വാഷിങ് മെഷീനില്‍ കഴുകി നിറം മാറ്റുന്ന പരസ്യമാണ് പുലിവാല്‍ പിടിച്ചിരിക്കുന്നത്. പരസ്യത്തിനെതിരെ ചൈനയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ചരിത്രത്തിലെ ഏറ്റവും വംശീയാധിക്ഷേപമാര്‍ന്ന പരസ്യമായാണ് ഇതിനെ വിലയിരുത്തുന്നത്.
പരസ്യത്തില്‍ ഒരു ചൈനക്കാരിയായ യുവതിയാണ് അലക്കുശാല നടത്തുന്നത്. മുഖത്ത് പെയിന്റ് പറ്റിയ നിലയിലാണ് കറുത്ത വര്‍ഗ്ഗക്കാരന്‍ കടയിലേക്ക് വരുന്നത്. ഇരുവരും അല്‍പ്പനേരം പരസ്പരം നോക്കിനില്‍ക്കുന്നു. ശേഷം പ്രണയ ലീലകളുമായി തന്റടുത്തേക്ക് വരുന്ന യുവാവിന്റെ വായില്‍ ഒരു വാഷിങ് പൗഡറിന്റെ ചെറിയ പായ്ക്ക് വെച്ച് യുവതി അദ്ദേഹത്തെ വാഷിങ് മെഷീനില്‍ ഇടുന്നു. വെളുത്തു തുടുത്ത ചെനീസ് യുവാവായാണ് അയാള്‍ മെഷീനില്‍ നിന്ന് ഇറങ്ങി വരുന്നത്. കറുത്ത നിറം അത്രയേറെ മോശമാണെന്ന ചിന്ത പകരുന്നതാണ് പരസ്യം.
ഒരു മാസം മുന്‍പാണ് പരസ്യം പുറത്തിറങ്ങിയതെങ്കിലും ഇപ്പോഴാണ് ഇതിനെതിരായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫെയ്സ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിലൂടെ വന്‍വിമര്‍ശനമാണ് പരസ്യത്തിനെതിരെ ഉയരുന്നത്. അതേസമയം ചൈനയിലെ ടെലിവിഷന്‍ ചാനലുകളിലും സിനിമകള്‍ക്കിടയിലും ഒരു മാസം മുന്‍പ് തന്നെ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. അന്നാരും ഇത് വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. അമേരിക്കയിലെ സംഗീതജ്ഞനായ ക്രിസ്റ്റഫര്‍ പവല്‍, ഡിജെ സ്പെന്‍സര്‍ ടാരിങ് എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം മറ്റുള്ളവരിലേക്ക് എത്തിയത്.
അതേസമയം പരസ്യത്തിലെ ഈ വശം ചൂണ്ടിക്കാട്ടിയപ്പോള്‍ മാത്രമാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും താന്‍ അത്രയേറെ പ്രാധാന്യം പരസ്യത്തിന് നല്‍കിയിരുന്നില്ലെന്നും വാഷിങ് പൗഡര്‍ ഉടമ സിയ അഭിപ്രായപ്പെട്ടു. വംശീയാധിക്ഷേപം തനിക്ക് പിന്നീടാണ് മനസിലായതെന്നും സിയ വ്യക്തമാക്കി.