സംസ്ഥാനത്തെ പുറമ്പോക്കുകള്‍ കൈയ്യേറി നിര്‍മ്മിച്ച 77 ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കും

Church

തിരുവനന്തപുരം: സംസ്ഥാനത്തെ 77 ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ വഴിയോരങ്ങളും പുറമ്പോക്കുകളും കൈയ്യേറി നിര്‍മ്മിച്ച ആരാധനാലയങ്ങളാണ് പൊളിച്ചു നീക്കുക. ഇതിനു വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. പൊളിച്ചു നീക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് വിശ്വാസികള്‍ രംഗത്തു വന്നതുകൊണ്ട് പാതി വഴിയില്‍ മുടങ്ങിയ നടപടി സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം തുടരാനാണ് സര്‍ക്കാരിന്റെ നീക്കം.

മാറ്റി സ്ഥാപിക്കുക, പൊളിച്ചുമാറ്റുക, നില്‍ക്കുന്നിടത്തു തന്നെ തുടരാന്‍ അംഗീകാരം നല്‍കുക എന്നീ നടപടികള്‍ക്കുശേഷവും തര്‍ക്കത്തിലുള്ളവയാണ് 77 ആരാധാനായലങ്ങളും. ഒന്‍പത് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ആരാധാനാലയങ്ങളില്‍ ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍-മുസ്ലിം പള്ളികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനും ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കലക്ടര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതിയില്‍ നല്‍കേണ്ട സത്യവാങ്മൂലം തയാറാക്കുന്നതിനാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു മാറ്റാത്തിതിനെതിരേ കഴിഞ്ഞ മാസം സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഇക്കാര്യത്തില്‍ മേയ് നാലിനകം സത്യവാങ്മൂലം നല്‍കണമെന്നും ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റവന്യു വകുപ്പ് പൊതുവഴികളിലും പുറമ്പോക്കുകളിലുമുള്ള ആരാധാനാലയങ്ങളുടെ കണക്കെടുത്തത്.

ഇരുന്നൂറിലധികം ആരാധാനലയങ്ങള്‍ സര്‍ക്കാര്‍ ഭൂമിയും പൊതുവഴിയും കൈയേറി നിര്‍മ്മിച്ചിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ കേസ് വന്നപ്പോള്‍ പൊതുവഴി കൈയേറി നിര്‍മ്മിച്ചവ പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പൊതുവഴിയും പുറമ്പോക്കും അളന്നുതിരിക്കുകയും ആരാധാനയാലയങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ചില ആരാധനായലങ്ങള്‍ പൊതുവഴിയില്‍നിന്നു മാറ്റിസ്ഥാപിക്കുകയും ചില ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുകയും ചെയ്തു. ഭൂരിഭാഗം കേസുകളിലും അതു നിലനില്‍ക്കുന്ന സ്ഥലത്തുതന്നെ തുടരാന്‍ അംഗീകാരം നല്‍കി.

ഇതിനുശേഷവും 77 ആരാധനാലയങ്ങള്‍ പൊതുവഴിയിലും പുറമ്പോക്കിലും നിലനില്‍ക്കുന്നുണ്ടെന്നാണു സര്‍ക്കാര്‍ കണ്ടെത്തല്‍. ഓരോ ജില്ലയില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതു കണ്ടെത്തിയത്. ഈ ആരാധനാലയങ്ങളുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയശേഷം അതു പൊളിച്ചുമാറ്റാനാണ് നിര്‍ദേശം. കഴിഞ്ഞദിവസം ചേര്‍ന്ന റവന്യു ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

Top