കൊച്ചി:കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുമുളള അവകാശം ദൈവദത്തമാണ് .മെത്രാനുളളത് മെത്രാനും , പാർട്ടിക്കുളളത് പാർട്ടിക്കും . ചർച്ച് ആക്ട് കൊണ്ടുവരാൻ ഇടത്പക്ഷ സർക്കാരിന് ഒരു തരത്തി ലുള്ള ഉദ്ദേശവുമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും സോഷ്യൽ ആക്ടിവിസ്റ്റുമായ അഡ്വ. ജയശങ്കർ രംഗത്ത്. ചർച്ച് ആക്ട് ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലോ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ഉള്ളതല്ലെന്നും പരിഹാസ രൂപേണ ജയശങ്കർ പറയുന്നു.ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ചത്.
പോസ്റ്റിന്റെ പൂർണ രൂപം :
നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാന്മാരായ മെത്രാന്മാരേ, അഭിവന്ദ്യ വൈദികരേ, പ്രിയ വിശ്വാസി സുഹൃത്തുക്കളേ, നിങ്ങൾ തെറ്റിദ്ധരിക്കരുതേ! ചർച്ച് ആക്ട് പാസാക്കാൻ ഇടതുപക്ഷ സർക്കാരിന് പരിപാടിയില്ല.
ചർച്ച് ആക്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലോ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ധനമന്ത്രി അവതരിപ്പിച്ച ഈ വർഷത്തെ ബഡ്ജറ്റിലോ പറഞ്ഞിട്ടുളള കാര്യമല്ല. അങ്ങനെ ഒരു ഉദ്ദേശ്യം മുന്നണിക്കോ സർക്കാരിനോ ഉണ്ടായിട്ടേയില്ല.
സർക്കാരിനോടു ചോദിച്ചിട്ടല്ല, നിയമ പരിഷ്കാര കമ്മീഷൻ ചർച്ച് ബില്ലിൻ്റെ കരട് എഴുതി സമർപ്പിച്ചത്. അത് നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കാൻ ഞങ്ങൾക്കു ബാധ്യതയില്ല.
ഈ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇപ്രകാരം അസംബന്ധ നിർഭരമായ ഒരു ബില്ലിൻ്റെ കരട് സമർപ്പിച്ചതിൻ്റെ പിന്നിൽ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളുടെ ഗൂഢാലോചനയുണ്ട്. അതെപ്പറ്റി പാർട്ടി അന്വേഷണം നടത്തും.
പളളി വക വസ്തുക്കൾ വൈദികരുടെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനും കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുമുളള അവകാശം ദൈവദത്തമാണ്. അതിൽ സർക്കാർ ഇടപെടില്ല. മെത്രാനുളളത് മെത്രാന്, പാർട്ടിക്കുളളത് പാർട്ടിക്ക്.