ആളും അനക്കവും ഇല്ലാതെ കിടന്നിരുന്ന കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പേജിൽ ട്രോളുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ സന്ദർശകരുടെ കുത്തൊഴുക്കാണ്. ഏറ്റവും ഒടുവിലായി ഒരു കവിതയാണ് ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ പങ്കെടുത്ത ഒരു ഉദ്യോഗാർത്ഥിയാണ് ഉത്തരങ്ങളോടൊപ്പം ഒരു കവിതയും എഴുതിവെച്ചത്.
ട്രോളുകളും കാര്യങ്ങളുമൊക്കെ പറഞ്ഞതല്ലെ. ഇനിയൊരു കവിതയാകാം.. കഴിഞ്ഞ ദിവസം പി എസ് സി നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ പങ്കെടുത്ത ഒരു സുഹൃത്ത് എഴുതിയ കവിതയാണിത്…രസകരമായതിനാൽ നിങ്ങളോടൊപ്പം പങ്കുവയ്ക്കുന്നു. എഴുതിയ ആളെ അറിയാമെങ്കിൽ മെൻഷൻ ചെയ്യണം. ഇത് കണ്ടിട്ട് ആരും കവിത എഴുതി ഇങ്ങോട്ട് അയക്കരുതെന്ന അഭ്യർത്ഥനയും പോലീസുകാർ ഫേസ്ബുക്ക് പേജിൽ നടത്തുന്നുണ്ട്.
മിഴികൾ നിറയുന്നു
കൈകൾ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു
അറിഞ്ഞിരുന്നില്ല ഞാൻ
പോലീസുകാർക്കിത്ര അറിവുണ്ടെന്ന സത്യമേകും
ചോദ്യക്കടലാസു കൈകളിൽ
തന്നൊരു സാറിനും ശത്രുവിൻ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ
ഞാൻ കുറ്റമൊട്ടും പറയുകയില്ല.
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം
എഴുതിക്കയറിയവരാണ് പോലീസ്
ഒന്നുമേ അറിയില്ല എങ്കിലും
ഞാനിന്നു എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോൽ
“കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി”
എന്നായിരുന്നു കവിത. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കവിതയ്ക്ക് നിരവധി പേരാണ് കമ്മന്റ് ചെയ്തിരിക്കുന്നത്. ഇത് പോലീസുകാരെ വെറുതെ പുകഴ്ത്താനാമെന്നും നിങ്ങളൊരു സംഭവം ആണെന്ന് നാട്ടുകാർക്ക് തോന്നിക്കുകയും ചെയ്യാനാണ് ഇങ്ങനെപെടാപ്പാട് പെടുന്നതെന്നുമാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും നന്നായി കവിതയെഴുതിയ ആളെ പോലീസിലെടുക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നു.
കമ്മന്റുകൾക്കെല്ലാം നല്ല കിടിലൻ മറുപടിയും കേരള പോലീസ് നൽകുന്നുണ്ട്. ഇനി മുതൽ പോലീസ് ടെസ്റ്റിൽ ട്രോൾ സെൻസും കവിതാ സെൻസും പരീക്ഷിക്കുന്ന ചോദ്യങ്ങൾ വേണമെന്നാണ് ചിലരുടെ ആവശ്യം. ട്രോളുകളിലൂടെ ബോധവൽക്കരണം എന്ന ആശയം ഐജി മനോജ് എബ്രാഹാമിന്റേതായിരുന്നു. ഗൗരവമുള്ള പല ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ജനങ്ങൾ വേണ്ടവിധം ശ്രദ്ധ നൽകാത്തതിനെ തുടർന്നാണ് ഏറ്റവും സ്വീകാര്യതയുള്ള ട്രോളുകളിൽ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചത്.
60 ത് പേരിൽ നിന്നും പരീക്ഷ നടത്തിയാണ് പോലീസിലെ മികച്ച അഞ്ച് ട്രോളന്മാരെ തിരഞ്ഞെടുത്തത്. സീനിയർ സിവിൽ പോലീസ് ഓഫീസർ കമൽനാഥ്, സിവിൽ പോലീസ് ഓഫീസർമാരായ വി എസ് ബിമൽ, പി എസ് സന്തോഷ്, ബി ടി അരുൺ, ബി എസ് ബിജു എന്നിവരാണ് പോലീസിലെ ട്രോളന്മാർ