തിരുവനന്തപുരം: പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെതിരായ പരാമർശങ്ങളാണ് പരിശോധിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ കൂടെ കത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടായത്.
തോക്കുകളും തിരകളും കാണാതായതും, പോലീസിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വേണ്ടിയുള്ള പണം വകമാറ്റി ചെലവഴിച്ചതും, ആഡംബര വാഹനങ്ങൾ വാങ്ങിയതും ഉൾപ്പടെ ഡിജിപിയെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന നിരവധി കണ്ടെത്തലുകൾ സിഎജി റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നെങ്കിലും റിപ്പോർട്ട് ചോർന്നുവെന്ന ന്യായമാണ് സർക്കാർ ആദ്യം നിരത്താൻ ശ്രമിച്ചത്. ആദ്യമായാണ് റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് പരിശോധന നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുന്നത്.
ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ തുടരന്വേഷണം നടക്കുമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കൂ. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിലെ മുഖ്യമന്ത്രിയുടെ നിർദ്ദേശം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.